ആദ്യ റൗണ്ടിൽ ഹങ്കറി പുറത്ത്, പ്രീക്വാർട്ടറിൽ വമ്പൻമാരും, മരണഗ്രൂപ്പ് തന്നെയെന്ന് ആരാധകർ

ബുധന്‍, 30 ജൂണ്‍ 2021 (14:31 IST)
യൂറോകപ്പ് ഗ്രൂപ്പ് നിശ്ചയിച്ചപ്പോൾ തന്നെ ആരാധകർ ഗ്രൂപ്പ് എഫിനെ വിശേഷിപ്പിച്ചത് മരണഗ്രൂപ്പ് എന്നാണ്. കരുത്തരായ ജർമനിക്കും പോർച്ചുഗലിനുമൊപ്പം ലോകചാമ്പ്യൻ‌മാരായ ഫ്രാൻസും അണിനിരന്ന ഗ്രൂപ്പിൽ ഹങ്കറി മാത്രമായിരുന്നു താരതമ്യേന ദുർബലമായ ടീം. ഹങ്കറിക്ക് പിന്നാലെ വമ്പന്മാരായ മറ്റ് ടീമുകളും വീണതോടെ മരണഗ്രൂപ്പ് എന്ന വിശേഷണത്തിന് അടിവരയിട്ടിരിക്കുകയാണ്.
 
ഗ്രൂപ്പ് ഘട്ടത്തിൽ വമ്പന്മാർക്കെതിരെ കടുത്ത വെല്ലു‌വിളിയാണ് ഹങ്കറി ഉയർത്തിയത്. ഗ്രൂപ്പ് എഫിലെ ആദ്യ കളിയിൽ പോർച്ചുഗലിനെ 84 മിനിറ്റ് വരെ പിടിച്ചുനിർത്തിയ ഹങ്കറി ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെയും ജർമനിയേയും സമനിലയിൽ ത‌ളച്ചു. ഗ്രൂപ്പിൽ നിന്ന് പ്രതീക്ഷിച്ച പോലെ ഹങ്കറി പുറത്തായപ്പോൾ  മരണഗ്രൂപ്പിന് പുറത്തെ ആദ്യ മത്സരങ്ങളിൽ തന്നെ പുറത്ത് പോകാനായിരുന്നു വമ്പന്മാരുടെ വിധി.
 
പ്രീ ക്വാർട്ടർ മത്സരത്തിൽ അധികസമയത്തും സ്വിസ് ടീം 3-3 എന്ന നിലയിൽ സമനില പിടിച്ചപ്പോൾ പെനാൽട്ടി ഷൂട്ട്ഔട്ടിൽ കണ്ണീരോടെ മടങ്ങാനായിരുന്നു ഫ്രാൻസിന്റെ വിധി. ഭാവിതാരമെന്ന് വിശേഷിക്കപ്പെട്ട എംമ്പാ‌മ്പെയ്ക്ക് മത്സരത്തിൽ തിളങ്ങാനാവാത്തതും തിരിച്ചടിയായി. കരുത്തരായ ബെൽജിയത്തിനെതിരെയായിരുന്നു പോർച്ചുഗലിന്റെ തോൽവി. മൈതാനത്ത് ബെൽജിയം നിര‌യെ വിറപ്പിക്കാനായെങ്കിലും വിജയം പറങ്കിപടയെ അനുഗ്രഹിച്ചില്ല.
 
മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെതിരെയായിരുന്നു ജർമൻ നിരയുടെ പോരാട്ടം. ഷോയും ഗ്രീലിഷും സ്റ്റെർലിങും മികവ് കാണിച്ചതോടെ ഇംഗ്ലണ്ട് ജർമനിയെ അക്ഷരാർഥത്തിൽ തകർത്തുകളഞ്ഞു. പോർച്ചുഗലിന് പിന്നാലെ ഫ്രാൻസും ജർമനിയും പുറത്തുപോയതോടെ മരണഗ്രൂപ്പിൽ നിന്നും ഒരൊറ്റ ടീം പോലുമില്ലാതെ യൂറോയുടെ ക്വാർട്ടർ ഫൈനൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍