ഫൈനൽ തോൽവിക്ക് പിന്നാലെ വംശീയ അധിക്ഷേപം നേരിട്ട് ഫ്രാൻസ് താരങ്ങൾ

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (16:14 IST)
ലോകകപ്പിലെ കലാശപോരാട്ടത്തിൽ അർജൻ്റീനയോട് തോറ്റതിന് പിന്നാലെ വംശീയ അധിക്ഷേപം നേരിട്ട് ഫ്രാൻസ് താരങ്ങൾ.ഔറേലിയൻ ചൗമേനി, കിം​ഗ്സ്‍ലി കോമാൻ, കോലോ മഔനി എന്നിവരെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലർ വംശീയമായി അധിക്ഷേപിച്ചത്. എക്സ്ട്രാ ടൈമിൽ ഫ്രാൻസിനെ മുന്നിലെത്തിക്കാനുള്ള അവസരം മഔനിക്ക് മുതലെടുക്കാനായിരുന്നില്ല.
 
എക്സ്ട്രാ ടൈമിൽ മഔനിയുടെ ഷോട്ട് അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് അവിശ്വസനീയമായ രീതിയിൽ തടുത്തിരുന്നു. ഷൂട്ടൗട്ടിൽ കോമാൻ്റെ ഷോട്ട് എമി തടുത്തിരുന്നു. ചൗമേനിയുടെ ഒരു ഷോട്ട് ഗോൾ പോസ്റ്റിന് പുറത്തേക്കും പോയിരുന്നു. അധിക്ഷേപം അതിരു കടന്നതോടെ ഒമൗനി സമൂഹമാധ്യമങ്ങളിൽ കമൻ്റ് ബോക്സ് അടച്ചിടുകയും ചെയ്തു.
 
കഴിഞ്ഞ യൂറോകപ്പ് ഫൈനലിൽ ഇറ്റലിയോട് പെനാൽട്ടി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങൾക്ക് നേരെയും സമാനമായ അധിക്ഷേപം നടന്നിരുന്നു. ഫൈനലിലെ ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനായി അവസാന മൂന്ന് കിക്കുകൾ എടുത്ത മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവർ കിക്കുകൾ പാഴാക്കിയിരുന്നു. ഇവർക്കെതിരെ കടുത്ത അധിക്ഷേപമാണ് ഇംഗ്ലീഷ് ആരാധകർ അന്നുയർത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article