ഖത്തർ ലോകകപ്പിൽ അർജൻ്റീന വിജയച്ചതിൻ്റെ ആഹ്ളാദാരവങ്ങളിൽ ടീമിനൊപ്പം ചുരുക്കം ചിലർക്ക് മാത്രമാണ് ലോകകപ്പ് ട്രോഫി തൊടാനും ടീമൊനൊപ്പം തുടരാനുമെല്ലാം അനുമതിയുണ്ടായിരുന്നത്. ഇപ്പോഴിതാ ലോകകപ്പിന് പിന്നാലെ നടന്ന ആഹ്ളാദ ആഘോഷത്തിൽ നുഴഞ്ഞുകയറുകയും ലോകകപ്പ് കിരീടം കയ്യിലെടുക്കുകയും ചെയ്ത സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ ടർക്കിഷ് പാചക വിദഗ്ധൻ നുസ്രത് ഗോക്ചെയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ലോകകപ്പ് വിജയമാഘോഷിക്കുന്ന ലയണൽ മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാൻ ഇയാൾ ശ്രമിക്കുന്നതും എന്നാൽ മെസ്സി സാൾട്ട് ബെയെ അവഗണിക്കുന്നതുമായുള്ള വീഡിയോ പുറത്തുവന്നിരുന്നു. എയ്ഞ്ചൽ ഡി മരിയ,ക്രിസ്റ്റ്യൻ റൊമേരോ തുടങ്ങി അർജന്റീന ടീമിലെ വിവിധ താരങ്ങളുമൊത്ത് ഇയാൾ ചിത്രങ്ങൾ പകർത്തുകയും തൻ്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പുറമെ ലോകകപ്പ് കയ്യിൽ പിടിച്ചു ഫോട്ടോ എടുക്കുകയും വിജയികളായ താരങ്ങളുടെ മെഡൽ കടിക്കുകയും ചെയ്തതാണ് ആരാധകരെ രോഷാകുലരാക്കിയിരിക്കുന്നത്. അർഹതയില്ലാതെ ഇയാൾ ലോകകപ്പിൽ തൊട്ടെന്നും ഫുട്ബോൾ താരങ്ങളെ അപമാനിച്ചുവെന്നുമാണ് വിമർശനം. ഫിഫയുടെ ചട്ട്ടപ്രകാരം വിജയികൾക്കും മുൻ വിജയികൾക്കും അനുമതി വാങ്ങിയ ഏതാനും ചില കായിക പ്രതിഭകൾക്കും മാത്രമെ കപ്പ് തൊടാൻ അവസരമുള്ളു.