കോപ്പയില്‍ മഞ്ഞപ്പെടയുടെ ദുരന്തം; വിവാദ ഹാന്‍ഡ് ഗോളില്‍ പെറുവിനോട് തോറ്റ് ബ്രസീല്‍ പുറത്ത്
തിങ്കള്‍, 13 ജൂണ്‍ 2016 (09:00 IST)
ശതാബ്ദി കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ നാടകീയ പുറത്താകല്‍, അഞ്ചു തവണ ലോക ചാമ്പ്യന്‍മാരായ മഞ്ഞപ്പട ഹൃദയഭേദകമായൊരു തോൽവിയോടെ കോപ്പയില്‍ നിന്ന് യാത്രപറയുകയായിരുന്നു. പെറുവിനെതിരായ നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ടതാണ് ബ്രസീല്‍ ദുരന്തത്തിന് കാരണമായത്.
75-മത് മിനിറ്റിൽ റൂഡിയാസ് മിസ്റ്റിച്ച് നേടിയ വിവാദ ഗോളാണ് ബ്രസീലിനെ തോൽവിയിലേക്ക് തള്ളിവിട്ടത്. സമനില പോലും ക്വാർട്ടർ ബർത്ത് നേടിക്കൊടുക്കുമെന്നിരിക്കെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ബ്രസീൽ പുറത്തേക്ക് പോയത്. ഗോള്‍ വീണതോടെ ബ്രസീല്‍ താരങ്ങള്‍ റഫറിക്ക് അടുത്തേക്ക് പാഞ്ഞെത്തുകയും ഹാന്‍ഡ് ഗോള്‍ ആണെന്ന് വ്യക്തമാക്കിയെങ്കിലും അദ്ദേഹം ഗോള്‍ അനുവദിക്കുകയായിരുന്നു.
തൊണ്ണൂറു മിനിറ്റ് കളിയുടെ മുക്കാല്‍ ഭാഗവും കാഴ്ചക്കാരായി നിന്ന പെറു റഫറിയുടെ ഔദാര്യം കൊണ്ട് വീണു കിട്ടിയ നിറംകെട്ട വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. അതേസമയം ഗോള്‍ നേടാനുള്ള നിരവധി അവസരങ്ങള്‍ നെയ്‌മര്‍ ഇല്ലാതെ ഇറങ്ങിയ ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ പാഴാക്കുകയായിരുന്നു.
കൊളംബിയയുമായാണ് പെറുവിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. ഹെയ്തിക്കെതിരെ ഗോള്‍വര്‍ഷം നടത്തിയ ഇക്വഡോര്‍ ഗ്രൂപ്പ് ജേതാക്കളായി നേരത്തെ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു. യു.എസ്.എ.യുമായാണ് ഇക്വാഡോറിന്റെ ക്വാര്‍ട്ടര്‍പോരാട്ടം.
1985നുശേഷം മൂന്ന് പതിറ്റാണ്ടു കഴിഞ്ഞാണ് പെറു ബ്രസീലിനെതിരെ കോപ്പയില്‍ ഒരു ജയം നേടുന്നത്.