പരാഗ്വെയെ ഗോളില്‍ മുക്കി അര്‍ജന്റീന

ബുധന്‍, 1 ജൂലൈ 2015 (10:23 IST)
കാല്‍പന്തുകളിയുടെ ലാറ്റിന്‍ അമേരിക്കന്‍  ശൈലിയുടെ സൌന്ദര്യം മുഴുവന്‍ അര്‍ജന്റീന പുറത്തെടുത്തപ്പൊള്‍ സെമിയില്‍ പിറന്നത് ഫുട്ബോള്‍ വിരുന്ന്. കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ പരാഗ്വെയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കു തകര്‍ത്തു അര്‍ജന്റീന ഫൈനലില്‍ കടന്നു. എയ്ഞ്ചല്‍ ഡി മരിയ രണ്ടു ഗോളും മാര്‍കോസ് റോജോ, ഹാവിയര്‍ പാസ്റ്റോര്‍, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, സെര്‍ജി അഗ്യൂറോ എന്നിവരാണ് അര്‍ജന്റീനയ്ക്കുവേണ്ടി ഗൊളുകള്‍ നേടിയത്. ഗോള്‍ നേടാനായില്ലെങ്കിലും മൂന്നു ഗോളുകളുടെ സൂത്രധാരനായി സൂപ്പര്‍താരം ലയണല്‍ മെസി അണിയറയില്‍ നിറഞ്ഞു നിന്നു.

കളി തുടങ്ങി 15ആം മിനിറ്റില്‍ തന്നെ ആദ്യ ഗോളടിച്ച് അര്‍ജന്റീന അക്കൗണ്ട് തുറന്നു. നായകന്‍ ലയണല്‍ മെസിയെടുത്ത കിക്ക് മാര്‍ക്കോസ് റോജോ സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു. മെസിയും സംഘവും തുടരെ പാരഗ്വായ് ഗോള്‍മുഖത്ത് ആക്രമണം തുടങ്ങിയതോടെ മല്‍സരത്തിന്റെ വേഗതയും കൂടി. 27ആം മനിറ്റില്‍ മെസിയില്‍ നിന്ന് ലഭിച്ച പാസ് ഹാവിയര്‍ പാസ്‌തോര്‍ പാരഗ്വയ് വലയിലെത്തിച്ചതൊടെ അര്‍ജന്റീനയുടെ ലീഡ് രണ്ടായി.

ഇതിനിടെ പരുക്കേറ്റ പാരഗ്വയുടെ ഡെര്‍ലിസ് ഗോണ്‍സാലസും സാന്റാ ക്രൂസും മടങ്ങി. മുപ്പതാം മിനിറ്റില്‍ ക്രൂസിനു പകരക്കാരനായി ഇറങ്ങിയ ലൂകാസ് ബാരിയോസ് ഗോളടിച്ച്  തന്റെ വരവറിയിച്ചു. 43ആം മിനിറ്റില്‍ ബ്രൂണോ വാല്‍ഡെസ് നല്‍കിയ പാസില്‍ നിന്ന് ലൂകാസ് ബാരിയോസ് പാരഗ്വയ്ക്കായി ഗോള്‍ നേടുകയായിരുന്നു.പിന്നീട് മൂന്നു മിനിറ്റോളം അര്‍ജന്റീനയുടെ ഗോള്‍ മുഖത്ത് പാരഗ്വയ് നിരവധി തവണ കടന്നാക്രമണം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.

രണ്ടാം പകുതി സൂപ്പര്‍ സ്റ്റാര്‍ താരം ഡി മരിയയുടേതായിരുന്നു. രണ്ടാം പകുതിയിലെ രണ്ടു ഗോളും മരിയയുടെ കാലില്‍ നിന്നായിരുന്നു. 47–ആം മിനിറ്റില്‍ ജാവിയര്‍ പസ്റ്റോറെ നല്‍കിയ പാസ്സ്‌ ഡി മരിയ ക്ഷണനേരം കൊണ്‌ട്‌ പരാഗ്വെയുടെ വലയിലെത്തിച്ചു. ആറുമിനിറ്റിനുളളില്‍ ഡി മരിയ വീണ്‌ടും ആഞ്ഞടിച്ചു. പരാഗ്വെ ഗോള്‍മുഖത്ത്‌ മിന്നല്‍ നീക്കങ്ങള്‍ നടത്തിയ ക്യാപ്‌റ്റന്‍ മെസ്സിയില്‍ നിന്ന്‌ ലഭിച്ച പന്ത്‌ ഡി മരിയ അര്‍ജന്റീനയുടെ നാലാമത്തെ ഗോളാക്കിമാറ്റി. പിന്നീടങ്ങോട്ട്‌ എല്ലാം അര്‍ജന്റീനയ്ക്ക്‌ ചടങ്ങ്‌ തീര്‍ക്കല്‍ മാത്രമായിരുന്നു. 80–ആം മിനിറ്റില്‍ അഗ്യൂറോയും 83–ആം മിനിറ്റില്‍ ഹിഗ്വെയ്‌നനും ഗോള്‍ നേടിയതോടെ അര്‍ജന്റീന ഫൈനലിലേക്ക്‌ പ്രവേശിച്ചു. ആറാം ഗോളിനും വഴിയൊരുക്കിയത്‌  നായകന്‍ മെസ്സിതന്നെയായിരുന്നു.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചിലിയെയാണ് അര്‍ജന്റീന നേരിടുക. അജന്റീന 27ആം തവണയാണ് കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ കടക്കുന്നത്. അര്‍ജന്റീന14 തവണ കോപ്പ കിരീടം നേടിയിട്ടുണ്ട് .

വെബ്ദുനിയ വായിക്കുക