Argentina, Brazil World Cup Qualifier: അര്‍ജന്റീനയ്ക്ക് സമനില കുരുക്ക്, ചിലെയെ തകര്‍ത്ത് ബ്രസീല്‍

രേണുക വേണു

വെള്ളി, 11 ഒക്‌ടോബര്‍ 2024 (10:38 IST)
Lionel Messi - Argentina

Argentina, Brazil World Cup Qualifier: ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങിയപ്പോള്‍ ബ്രസീലിനു ജയം. വെനസ്വേലയാണ് ശക്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. ചിലെയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ ജയിക്കുകയും ചെയ്തു. 
 
ബ്രസീലിനെതിരെ ചിലെയാണ് ആദ്യം ഗോള്‍ നേടിയത്. മത്സരം ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ മാത്രം പിന്നിട്ടപ്പോള്‍ എഡ്വെര്‍ഡോ വര്‍ഗാസിലൂടെയാണ് ചിലെ ഗോള്‍ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ ജെസ്യൂസിലൂടെ ബ്രസീല്‍ സമനില ഗോള്‍ നേടി. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിയ നിമിഷത്തില്‍ 89-ാം മിനിറ്റില്‍ ലൂയിസ് ഹെന്റിക്കിലൂടെ ബ്രസീല്‍ വിജയഗോളും സ്വന്തമാക്കി. 
 
കോപ്പ അമേരിക്ക ഫൈനലിലെ പരുക്കിനു ശേഷം ലയണല്‍ മെസി തിരിച്ചെത്തിയ ആദ്യ രാജ്യാന്തര മത്സരമായിരുന്നു അര്‍ജന്റീന വെനസ്വേലയ്‌ക്കെതിരെ കളിച്ചത്. എന്നാല്‍ മെസിയുടെ സാന്നിധ്യത്തിലും ലോക ചാംപ്യന്‍മാര്‍ക്ക് സമനിലയില്‍ തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ മെസിയുടെ ഫ്രീ കിക്കിലൂടെ ലഭിച്ച അവസരം ഗോളാക്കി നിക്കോളാസ് ഒറ്റമെണ്ടിയാണ് അര്‍ജന്റീനയ്ക്കായി ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ സലോമോന്‍ റോണ്ടനിലൂടെ വെനസ്വേല തിരിച്ചടിക്കുകയായിരുന്നു. വെനസ്വേലയോടു സമനില വഴങ്ങിയെങ്കിലും ലോകകപ്പ് യോഗ്യത പോയിന്റ് ടേബിളില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍