ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും

അഭിറാം മനോഹർ

വെള്ളി, 4 ഒക്‌ടോബര്‍ 2024 (10:59 IST)
പരിക്കില്‍ നിന്നും മുക്തനായ നായകന്‍ ലയണല്‍ മെസ്സിയെ ഉള്‍പ്പെടുത്തി ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ മെസ്സി അവസാന 2 മത്സരങ്ങളിലും അര്‍ജന്റീനയ്ക്കായി കളിച്ചിരുന്നില്ല.റയല്‍ മാഡ്രിഡില്‍ കളിക്കുന്ന യുവതാരം നിക്കോ പാസാണ് അര്‍ജന്റീനന്‍ ടീമിലെ പുതുമുഖം. മോശം പെരുമാറ്റത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസില്ലാതെയാണ് ടീം.
 
ജെറോണിമോ റൂളി, യുവാന്‍ മുസ്സോ,വാള്‍ട്ടര്‍ ബെനിറ്റസ് എന്നിവരാണ് ടീമിലെ ഗോള്‍ കീപ്പര്‍മാര്‍. ക്രിസ്റ്റ്യന്‍ റൊമേറോ,നിക്കോളാസ് ഓട്ടമെന്‍ഡി,ലിസാന്‍ഡ്രോ മാര്‍ട്ടിനസ്,ടാഗ്ലിയാഫിക്കോ,ലൗറ്റാരോ മാര്‍ട്ടിനസ്,ജൂലിയന്‍ അല്‍വാരസ്,ഗര്‍ണാച്ചോ,റോഡ്രിഗോ ഡി പോള്‍,മക് അലിസ്റ്റര്‍,ജിയോവനി ലോ സെല്‍സോ തുടങ്ങി പ്രമുഖ താരങ്ങലെല്ലാം ടീമിലുണ്ട്. ഈ മാസം പത്തിന് വെനസ്വേലയ്‌ക്കെതിരെയും 16ന് ബൊളിവീയയ്‌ക്കെതിരെയുമാണ് അര്‍ജന്റീനയുടെ മത്സരം. 8 കളികളില്‍ ആറിലും വിജയിച്ച അര്‍ജന്റീന 18 പോയന്റുകളുമായി പോയന്റ് പട്ടികയില്‍ ഒന്നാമതാണ്.
 
 സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിലെ വിജയത്തിന് ശേഷം എമിലിയാനോ മാര്‍ട്ടിനസ് അശ്ലീല ആംഗ്യം കാണിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നേരിട്ടത്. 2022ലെ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം നടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരം നേടിയ ശേഷവും മാര്‍ട്ടിനസ് അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഇതിന് പുറമെ നടന്ന സംഭവവും ചേര്‍ത്താണ് 2 മത്സരങ്ങളില്‍ താരത്തിന് ഫിഫ വിലക്കേര്‍പ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍