Lionel Messi: ലയണല്‍ മെസി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി; ഡിബാലയും സ്‌ക്വാഡില്‍

രേണുക വേണു

വ്യാഴം, 3 ഒക്‌ടോബര്‍ 2024 (08:32 IST)
Lionel Messi

Lionel Messi: കോപ്പ അമേരിക്ക ഫൈനലില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന സൂപ്പര്‍താരം ലയണല്‍ മെസി അര്‍ജന്റീന ടീമിലേക്കു തിരിച്ചെത്തി. ലോകകപ്പ് ക്വാളിഫയറിലെ ഒക്ടോബറിലെ മത്സരങ്ങള്‍ക്കുള്ള 27 അംഗ അര്‍ജന്റൈന്‍ സ്‌ക്വാഡിനെ പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചു. മെസി ടീമിനെ നയിക്കും. പൗലോ ഡിബാലയും സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. 
 
ഒക്ടോബര്‍ 10 ന് വെനസ്വേല, ഒക്ടോബര്‍ 15 നു ബൊളീവിയ എന്നീ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍. ജൂലൈ 14 നു നടന്ന കോപ്പ അമേരിക്ക ഫൈനലിലാണ് മെസിയുടെ കാലിനു പരുക്കേറ്റത്. രണ്ട് മാസത്തെ പൂര്‍ണ വിശ്രമത്തിനു ശേഷം സെപ്റ്റംബര്‍ 14 മുതല്‍ ക്ലബ് ഫുട്‌ബോളില്‍ താരം സജീവമായി. 
 
നിലവില്‍ ലോകകപ്പ് യോഗ്യതാ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. മെസി ഇല്ലാതെ ഇറങ്ങിയ അവസാന മത്സരത്തില്‍ കൊളംബിയയോടു 2-1 നു അര്‍ജന്റീന തോല്‍വി വഴങ്ങിയിരുന്നു. അതേസമയം ഒക്ടോബറിലെ യോഗ്യത മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇല്ല. കളിക്കളത്തിലെ പെരുമാറ്റദൂഷ്യത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ ഫിഫ മാര്‍ട്ടിനെസിനെ വിലക്കിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍