ഭീകരരുടെ കൈകളില്‍ പെടാതെ അവന്‍ രക്ഷപ്പെട്ടു, മെസി നല്‍കിയ ജേഴ്‌സി പോലുമെടുത്തില്ല’; അഫ്‌ഗാന്റെ കുഞ്ഞു മെസിയും കുടുംബവും പാലായനം ചെയ്തു

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (14:14 IST)
നീലയും വെള്ളയും വരകളുള്ള പ്ലാസ്റ്റിക് കൂടില്‍ തീര്‍ത്ത മെസിയുടെ ജേഴ്‌സിയുമണിഞ്ഞ് ഭീകരതയുടെ മണ്ണായ അഫ്‌ഗാനിസ്ഥാനില്‍ ഫുട്‌ബോള്‍ തട്ടുന്ന മുര്‍ത്താസ അഹ്മാദിയുടെ ചിത്രങ്ങളും വീഡിയോകളും ആരും മറന്നിട്ടുണ്ടാവില്ല.

ഫുട്‌ബോള്‍ ആ‍രാധകരെ മാത്രമല്ല ഈ ദൃശ്യങ്ങള്‍ വേദനിപ്പിച്ചത്. അഹ്മാദിയുടെ ചിത്രം വൈറലായതോടെ ലോകമാധ്യമങ്ങളിലുടെ വന്‍ ചര്‍ച്ചയായി. ഇതോടെ മെസിയുടെ കണ്ണിലുമുടക്കി ഈ കുഞ്ഞു പയ്യന്‍. കുഞ്ഞ് ആരാധകന് മെസി തന്റെ പത്താം നമ്പര്‍ ജേഴ്‌സി അയച്ചു നല്‍കുകയും ചെയ്‌തു.

ഖത്തറില്‍ സൗഹൃദ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അഹ്മാദിയെ നേരില്‍ കാണാനും മെസി സമയം കണ്ടെത്തി. എന്നാല്‍, ‘അഫ്ഗാന്റെ കുഞ്ഞു മെസി’ താലിബാന്‍ ഭീഷണിയെത്തുടര്‍ന്ന് ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്തു.

താലിബാനില്‍ നിന്നും തുടര്‍ച്ചയായി ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അഫ്ഗാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഗാന്‍സിയിലെ വീട് ഉപേക്ഷിച്ച് അഹ്മാദിയും കുടുംബവും നാടുവിട്ടത്. മെസി നല്‍കിയ ജേഴ്‌സി പോലും എടുക്കാതെയാണ് ഇവര്‍ രക്ഷപ്പെട്ടത്. കുടുംബം കാബൂളിലേക്കാണ് രക്ഷപ്പെട്ടതെന്നാണ് വിവരം.

മെസിയുമായുള്ള സൌഹൃദം മൂലം നിങ്ങള്‍ പണക്കാരായെന്നും താരത്തില്‍ നിന്നും ലഭിച്ച പണം നല്‍കിയില്ലെങ്കില്‍ മകനെ തട്ടിക്കൊണ്ടു പോകുമെന്നും ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നതായി അഹ്മാദിയുടെ അമ്മ പറഞ്ഞു.

മെസിയുടെ സമ്മാനവും നേരില്‍ കാണാനുള്ള ക്ഷണവും കിട്ടി പ്രശസ്തനായതിന് പിന്നാലെയാണ് അഹ്മാദിയെ താലിബാന്‍ ലക്ഷ്യമിടാന്‍ തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article