യൂറോപ്പിലെ മികച്ച ക്ലബ്ബ് ഫുട്ബോളര്‍ക്ക് നല്‍കുന്ന ‘ബാളന്‍ ഡി ഓര്‍’ പുരസ്ക്കാരം ശുദ്ധ തട്ടിപ്പാണെന്ന് ഇറ്റാലിയന്‍ ദേശീയ ടീമിന്‍റെയും ഇറ്റാലിയന്‍ ക്ലബ്ബ് റോമയുടെയും സ്ട്രൈക്കര്‍ ഫ്രാഞ്ചെസ്ക്കോ ടോട്ടി. ഈ പുരസ്ക്കാരത്തിനായി കളിക്കാരെ തെരഞ്ഞെടുക്കുന്ന മാനദണ്ഡത്തിനെതിരെ കടന്നാക്രമണം നടത്തുകയാണ് ടോട്ടി.
നേരത്തേ തന്നെ പുരസ്ക്കാരം ഉറപ്പിച്ചു വയ്‌ക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് മാനദണ്ഡമൊന്നും ആക്കുന്നില്ലെന്നുമാണ് ടോട്ടി പറയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിച്ചു കൂട്ടുന്ന റൌള്‍ ഗോണ്‍സാലസിനെ പോലെയുള്ള ഒരു താരത്തിന് ഇതുവരെ പുരസ്ക്കാരം നല്‍കിയില്ല എന്നത് തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ തെളിവെന്നും ടോട്ടി പറയുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ഗോളടി മാനദണ്ഡമാക്കിയാലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത് മാനദണ്ഡമാക്കിയാലും ഒരിക്കല്‍ പോലും റൌളിന് ഇത് ലഭിച്ചില്ലെന്നും ടോട്ടി ചൂണ്ടി കാട്ടുന്നു. റയല്‍ താരത്തിനു തകര്‍പ്പന്‍ ക്ലബ്ബ് കരിയറാണ് ഉള്ളത്. 1998, 2000, 2002 സീസണില്‍ റൌള്‍ നടത്തിയത് മികച്ച പ്രകടനം ആയിരുന്നെന്നും ടോട്ടി വ്യക്തമാക്കി. ഇതെല്ലാം മുന്‍ കൂട്ടി തയ്യാറാക്കി വച്ച ശേഷമാണ് നല്‍കുന്നതെന്നാണ് ടോട്ടിയുടെ അഭിപ്രായം. “എവിടെയും സ്കോര്‍ ചെയ്യുകയും എവിടെയും വിജയിക്കുകയും ചെയ്യുന്ന മികച്ച കളിക്കാരനായിട്ടും റൌളിനു ഈ പുരസ്ക്കാരം നല്‍കിയില്ല. ഒരു സീസണീല്‍ 20, 30 ഗോളുകള്‍ അടിക്കുകയും ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തിലേക്ക് നയിച്ചിട്ടും നല്‍കുന്നില്ലെങ്കില്‍ ഇത് മുന്‍ കൂട്ടി തീരുമാനിച്ചതല്ലെന്ന് പറയാനാകുമോ?” റോമ താരം ചോദിക്കുന്നു
തനിക്ക് ഈ പുരസ്ക്കാരം ലഭിക്കാന്‍ പറ്റിയ സമയം 2000 ല്‍ ആയിരുന്നെന്നും ടോട്ടി ചൂണ്ടിക്കാട്ടുന്നു. ചാമ്പ്യന്‍സ് ലീഗ് ജയിക്കുന്ന തരത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും തന്നെ പോലെ ഒരാള്‍ക്ക് ഈ പുരസ്ക്കാരം ലഭിച്ചില്ലെന്നും ടോട്ടി പറഞ്ഞു. കഴിഞ്ഞ തവണ ഈ പുരസ്ക്കാരം ലഭിച്ചത് എ സി മിലാന്‍ താരമായ കാകയ്‌ക്കായിരുന്നു.