യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളായ ഇന്‍റര്‍ മിലാന്‍, എ സി മിലാന്‍, ബാഴ്‌സിലോണ ക്ലബ്ബുകള്‍ക്ക് ഓരോ ഗോള്‍ സമനിലകള്‍. ഇന്‍ററും മിലാനും ഇറ്റാലിയന്‍ സീരി എയില്‍ കണ്ട സമാനമായ വിധിയായിരുന്നു കരുത്തരായ ബാഴ്‌സിലോണയ്‌ക്ക് സ്പാനിഷ് കപ്പ് ഫുട്ബോളിന്‍റെ ആദ്യപാദ സെമിയില്‍ വലന്‍സിയയില്‍ നിന്നും നേരിട്ടത്.
അലക്സ് സാവിയുടെ ഇഞ്ചുറി സമയ ഗോളില്‍ ബാഴ്‌സിലോണ സ്വന്തം മണ്ണിലെ പോരാട്ടത്തില്‍ കഷ്‌ടിച്ച് രക്ഷപ്പെടുക ആയിരുന്നു. എണ്‍പതാം മിനിറ്റില്‍ ഡേവിഡ് വില്ലയിലൂടെ ഉജ്വലമായി ആദ്യം മുന്നിലെത്തിയത് വലന്‍സിയയായിരുന്നു. എന്നാല്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ഉള്ളപ്പോള്‍ സാവിയിലൂടെ ബാഴ്‌സിലോണ മറുപടി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ഗറ്റാഫേ റേസിംഗ് സ്റ്റാന്‍ഡേര്‍ഡിനെ വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ നേരിടും. രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ചിലാണ് നടക്കുക. ബാഴ്‌സിലോണയുടെ സമാനമായ വിധിയായിരുന്നു എ സി മിലാനും ഇന്‍റര്‍ മിലാനും ഇറ്റാലിയന്‍ സീരി എയില്‍ നേരിട്ടത്.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിനെ നേരിടാനിരിക്കുന്ന മിലാന്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ബ്രസീലിന്‍റെ കൌമാര താരം പാറ്റോ വേണ്ടി വന്നു ഗോളടിക്കാന്‍. അമ്പത്തഞ്ചാം മിനിറ്റില്‍ പാറ്റോയുടെ ഗോളില്‍ മുന്നിലെത്തിയെങ്കിലും എട്ടു മിനിറ്റിനകം ജിയോനാതാ സ്പിനേസിയിലൂടെ വമ്പന്‍മാരെ കറ്റാനിയ തളച്ചു കളഞ്ഞു.
കാക, ഓഡോ, നെസ്റ്റ, പിര്‍ലോ, കലാഡ്‌സേ, ഗട്ടൂസോ തുടങ്ങിയവര്‍ക്കെല്ലാം എ സി മിലാന്‍ വിശ്രമം നല്‍കുകയായിരുന്നു. ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരുമായ ഇന്‍റര്‍മിലാനും എ എസ് റോമയും തമ്മിലുള്ള മത്സരവും ഇതു പോലെ തന്നെ വാശിയേറിയതായിരുന്നു. മുപ്പത്തേഴാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ടോട്ടിയുടെ ഗോളിന് ഇന്‍റര്‍ മറുപടി പറഞ്ഞത് സനേറ്റിയിലൂടെ എണ്‍പത്തെട്ടാം മിനിറ്റിലായിരുന്നു.