റോയും ഷെവയും മിലാനില്‍?

Webdunia
ശനി, 12 ഏപ്രില്‍ 2008 (12:16 IST)
PROPRO
ബാഴ്‌സിലോണയുടെ ബ്രസീലിയന്‍ പ്ലേമേക്കര്‍ റൊണാള്‍ഡീഞ്ഞോ യുടെയും ചെല്‍‌സിയന്‍ സ്ട്രൈക്കറായ ഉക്രയിന്‍ താരം ആന്ദ്രേ ഷെവ് ചെങ്കോയുടെയും ട്രാന്‍സ്ഫര്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകുന്നു. ഇരുവരും പുതിയ സീസണില്‍ എ സി മിലാന്‍റെ ചുവപ്പും കറുപ്പും വരകളുള്ള ജേഴ്‌സിയില്‍ പന്ത് തട്ടുമെന്നാണ് കേള്‍ക്കുന്നത്.

ഇക്കാര്യത്തിന് രണ്ടാഴ്ചയായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ഗംഭീരമായ പ്രചാരമാണ് നല്‍കുന്നത്. സാന്‍സീറൊയിലേക്കുള്ള ബ്രസീലിയന്‍ താരത്തിന്‍റെ കൂടുമാറ്റം സംബന്ധിച്ച കാര്യത്തില്‍ ഒപ്പിടുന്നത് ഒഴികെയുള്ള സകല കാര്യങ്ങളും ആയെന്നാണ് ഇറ്റലിയിലെയും സ്പെയിനിലെയും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മിലാന്‍ പ്രസിഡന്‍ഡ് അഡ്രിയാനോ ഗല്ലാനിയും ഇക്കാര്യം ഉറപ്പ് നല്‍കുന്നു. ഗല്ലാനി കഴിഞ്ഞ ദിവസം ബാഴ്സയില്‍ എത്തി ബ്രസീലിയന്‍ താരത്തിന്‍റെ ഏജന്‍റായ സഹോദരന്‍ ഡീ അസീസുമാ‍യി ചര്‍ച്ച നടത്തിയതായും സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നുണ്ട്. ബാഴ്‌സ വിടുകയോ തുടരുകയോ ചെയ്യുന്ന കാര്യത്തില്‍ മിലാനുമായി മാത്രമേ സംസാരിക്കേണ്ടതുള്ളെന്നും ദീ അസീസ് വ്യക്തമാക്കി. നേരത്തേ താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്നും ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍‌സി പിന്‍‌മാറി.

അതേ സമയം തന്നെ ചെല്‍‌സി താരം ഷെവ് ചെങ്കോയേയും ക്ലബ്ബില്‍ എത്തിക്കാന്‍ മിലാന്‍ ശ്രമം ആരംഭിച്ചു. മുന്നേറ്റത്തില്‍ കൃത്യമായി ഉപയോഗപ്പെടുത്തുവാന്‍ ഒരു സ്ട്രൈക്കരെ കൂടി ആവശ്യമുള്ള ക്ലബ്ബ് മുന്‍ താരത്തിന്‍റെ തിരിച്ചു വരാനുള്ള താല്പര്യത്തെ മാനിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ ശരിയായാല്‍ റോയുടെ പാസ് സ്വീകരിക്കാന്‍ ഷെവ മുന്നില്‍ കാണും.

അതേസമയം റൊണാള്‍ഡീഞ്ഞോയുടെ ബാഴ്‌സിലോണയിലെ സഹതാരം ഡെക്കോയുടെ പിന്നാലെയാണ് ഇന്‍റര്‍മിലാനും യുവന്‍റസും. ബാഴ്‌സിലോണ മാനെജ്മെന്‍റുമായി റൊണാള്‍ഡൊയെ പോലെ തന്നെ ഉടക്കി നില്‍ക്കുന്ന താരത്തിനെ വില്‍ക്കാന്‍ തന്നെയാണ് ബാഴ്‌സയുടെ നീക്കവും. മദ്ധ്യനിരയില്‍ ഭാവനാ സമ്പന്നനായ ഒരു താരത്തെയാണ് യുവന്‍റസിന് ആവശ്യം.

അതേ സമയം തന്നെ ഷെവയേക്കാള്‍ പ്രാധാന്യം ഐവറികോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്‌ബയ്‌ക്ക് പിന്നാലെ ഇന്‍റര്‍മിലാനുമായി മത്സരിച്ചോടാനും എ സി മിലാന്‍ തയ്യാറാണ്. മുന്‍ ഇറ്റാലിയന്‍ താരം ഗിയാന്‍ ലൂക്കാ വിയാലി ഉള്‍പ്പടെയുള്ളവര്‍ ദ്രോഗ്‌ബ ഇറ്റാലിയന്‍ സീരി എയില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്ന താരങ്ങളാണ്.