പരുക്കുകള്‍ അവിരാമം പിന്തുടരുന്നത് ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡോയെ കുഴയ്‌ക്കുന്നു. എ സി മിലാന്‍റെ ഈ വില കൂടിയ സ്ട്രൈക്കര്‍ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ പരുക്കുമായി മല്ലിടുകയായിരുന്ന താരം തിരിച്ചു വന്ന ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ പരുക്കേറ്റ് ചികിത്‌സയിലാണ്.
ചിലപ്പോള്‍ താന്‍ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന് ഒരു ടെലിവിഷന്‍ പരിപാടിയിലാണ് റോ വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം അത്രയെളുപ്പം തീരുമാനമെടുക്കാനാകുന്ന ഒന്നല്ലന്നും റോ പറഞ്ഞു. പുതിയ പരുക്കില്‍ നിന്നും മോചിതനാകുന്നത് അല്പം കഷ്ടതയാര്‍ന്ന കാര്യമാണ്. വിശ്രമത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് കളി ജീവിതം അവസാനിപ്പിക്കുമെന്നും റോ ചൂണ്ടിക്കാട്ടി.
പരുക്കില്‍ നിന്നും മോചിതനായ ശേഷമേ വിരമിക്കല്‍ തീരുമാനിക്കൂ. തുടര്‍ച്ചയായുള്ള പരുക്ക് ഇനിയും അലട്ടിയാല്‍ ചിലപ്പോള്‍ കളി മതിയാക്കിയേക്കും. എന്നിരുന്നാലും താന്‍ നന്നായി മെച്ചപ്പെടുന്നുണ്ടെന്നും മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കാനും ഓടാനുമെല്ലാം കഴിയുന്നുണ്ടെന്നും റോണാള്‍ഡോ പറഞ്ഞു. അതേ സമയം തന്നെ ബ്രസീലിയന്‍ ക്ലബ്ബ് ഫ്ലെമെംഗോ താരത്തെ മടക്കി കൊണ്ടുവരാനുള്ള നീക്കം തന്നെ നടത്തുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.
ചിലപ്പോള്‍ ബ്രസീലിലേക്ക് തിരിച്ചു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് താരവും പറഞ്ഞു. രണ്ടു തവണ അപകടകരമായ സര്‍ജറി കഴിഞ്ഞ ഒരു താരത്തെ ഒരു ക്ലബ്ബിനും ആവശ്യമില്ല. അതേസമയം തന്നെ ക്ലബ്ബുകളുടെ സഹതാപം തനിക്കാവശ്യമില്ലെന്നും തന്‍റെ ഫുട്ബോള്‍ ചരിത്രത്തിനു ദൈവത്തൊട് നന്ദി പറയുകയാണെന്നും റോ വ്യക്തമാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചിട്ടുള്ള റോ 300 പ്രൊഫഷണല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ്.