റൊണാള്‍ഡീഞ്ഞോ ഒളിമ്പിക്‍സിന്

വ്യാഴം, 17 ജൂലൈ 2008 (12:44 IST)
PROPRD
ഒളിമ്പിക്‍സില്‍ ബ്രസീലിയന്‍ കുപ്പായത്തില്‍ ഇറങ്ങാമെന്ന ബ്രസീലിയന്‍താരം റൊണാള്‍ഡീഞ്ഞോയുടെ പ്രതീക്‍ഷയ്‌ക്ക് ജീവന്‍ വച്ചു. ബാഴ്സിലോണയില്‍ നിന്നും പുതിയ തട്ടകമായ എ സി മിലാന്‍ സ്വന്തമാക്കിയ താരത്തിന് ഒളിമ്പിക്സില്‍ കളിക്കാന്‍ പുതിയ ക്ലബ്ബ് പച്ചക്കോടി കാട്ടിയതോടെയാണ് താരം ബീജിംഗില്‍ എത്തുമെന്ന് ഉറപ്പായത്.

രണ്ട് തവണ ലോക ഫുട്ബോളറായ താരത്തിനു പഴയ ക്ലബ്ബ് ബാഴ്‌സിലോണ കഴിഞ്ഞയാഴ്ച വരെ ഒളിമ്പിക്‍സില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ എ സി മിലാന്‍ താരത്തിന് അനുമതി നല്‍കി. സാന്‍സീറോയില്‍ പുതിയ സീസണീല്‍ മികച്ച പ്രകടനം നടത്തുന്നതിനു മുമ്പ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ താരത്തിനെ അനുവദിച്ചതായി ക്ലബ്ബ് ഉന്നതാധികാരി അഡ്രിയാനോ ഗല്ലിയാനിയാണ് വ്യക്തമാക്കിയത്.

റോസെനെരിയുടെ പുതിയ പരിശീകന്‍ കാര്‍ലോ ആന്‍സലോട്ടിയും ബ്രസീലിയന്‍ താരത്തിനെതിരെ ശക്തമായ നിലപാടുകള്‍ എടുത്തില്ല. ആഗസ്റ്റില്‍ താരത്തെ പരിശീലനത്തിനായി വിളിക്കുന്നതിനു പകരം കളിക്കാന്‍ വിടുകയാണ്. ഒളിമ്പിക്‍സില്‍ താരം പങ്കെടുക്കുന്നത് അദ്ദേഹത്തിന്‍റെ ഫിറ്റ്നസ് കൂടി അളക്കാനുള്ള അവസരമാണെന്ന് ആന്‍സലോട്ടി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക