രാജാക്കന്മാര്‍ക്ക് കാലിടറി; ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സെമികാണാതെ ബാഴ്സ പുറത്ത്

വ്യാഴം, 14 ഏപ്രില്‍ 2016 (11:46 IST)
ക്ലബ് ഫുട്ബോളിന്റെ രാജാക്കന്മാര്‍ക്ക് അടിപതറി. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സെമികാണാതെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാംപാദത്തില്‍ അത്‌ലറ്റികോ മഡ്രിഡാണ് ബാഴ്സയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചത്. ആദ്യപാദത്തില്‍ 2-1ന് നേടിയ ജയത്തിന്റെ കരുത്തുമായി ഇറങ്ങിയ ബാഴ്സ അത്‌ലറ്റിക്കോയുടെ സ്റ്റേഡിയത്തിൽ വിയർക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 3-2 എന്ന സ്കോറിനായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം.
 
ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുമായി ഇറങ്ങിയ ബാഴ്സ എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ഇന്നലത്തെ മത്സരത്തില്‍ കണ്ടത്. മുപ്പത്താറാം മിനിറ്റിൽ ഹെഡറിലൂടെയും എമ്പത്തിയെട്ടാം മിനിട്ടിൽ പെനാൽട്ടിയിലൂടെയുമാണ് മഡ്രിഡ് ബാഴ്സയുടെ വല കുലുക്കിയത്. ഗ്രീസ്മാനായിരുന്നു ഒന്നാം ഗോൾ ഹെഡറിലൂടെ നേടിയത്. ബാഴ്സയുടെ മുന്നേറ്റ നിരയായ എം എൻ എസ് സംഘത്തിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 
 
മികച്ച നീക്കങ്ങളിലൂടെ ഗ്രീസ്മാൻ അത്‌ലറ്റിക്കോ മുന്നേറ്റത്തെ നയിച്ചു. പാസിങ്ങിലും പന്തടക്കത്തിലും മാഡ്രിഡ് താരങ്ങള്‍ മികച്ച കളിഴയക് പുറത്തെടുത്തു. അതേസമയം, ലാ ലിഗയില്‍ ഒമ്പത് പോയന്‍റിന്റെ ലീഡുമായി ഒന്നാമതായിരുന്ന ബാഴ്സക്ക് ഇപ്പോള്‍ ഒരു പോയന്‍റിന്റെ മുന്‍തൂക്കം മാത്രമാണുള്ളത്. എല്‍ ക്ലാസികോയില്‍ റയല്‍ മഡ്രിഡിനോട് തോറ്റ ബാഴ്സ ശനിയാഴ്ച റയല്‍ സൊസീഡാഡിനോട് ഒരു ഗോളിനും തോറ്റു. വിയ്യാ റയലുമായി 2-2ന് സമനില കുരുങ്ങുകയും ചെയ്തു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക