മുര്‍ട്ടസയ്ക്ക് ഇനി അര്‍ജന്റീനയുടെ ജേഴ്‌സി തന്നെ ഇടാം: അതും മെസ്സിയുടെ കയ്യൊപ്പുള്ള ജേഴ്‌സി

വെള്ളി, 26 ഫെബ്രുവരി 2016 (04:29 IST)
അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞു നില്‍ക്കുന്ന മെസ്സി ആരാധകനായ അഫ്ഗാന്‍ ബാലന് മെസ്സിയുടെ കയ്യൊപ്പോടു കൂടിയ ജേഴ്‌സി കിട്ടി. പ്ലാസ്റ്റിക് കൂടില്‍ അര്‍ജന്റീനയുടെ ജേഴ്‌സിയുടെ ഡിസൈന്‍ വരച്ച് മുന്നില്‍ മെസ്സി എന്ന് എഴുതിയ ശേഷം ജേഴ്‌സിയണിഞ്ഞു നില്‍ക്കുന്ന മുര്‍ട്ടസയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. തന്നെ ഇത്രയും ആരാധിക്കുന്ന കുട്ടി ആരാധകന് ലോക ഫുട്‌ബോളറായ മെസ്സി സ്വന്തം ഓട്ടോഗ്രാഫ് പതിച്ച ഒറിജിനല്‍ ജേഴ്‌സി എത്തിച്ച് നല്‍കുകയായിരുന്നു.
 
മുര്‍ട്ടസ അഹമ്മദി എന്ന അഫ്ഗാനില്‍ നിന്നുള്ള ബാലനാണ് ഈ ഭാഗ്യം ലഭിച്ചത്. ഞാന്‍ മെസ്സിയെ സ്‌നേഹിക്കുന്നു ഈ ജേഴ്‌സി പറയുന്നത് മെസ്സി എന്നെ തിരിച്ചും സ്‌നേഹിക്കുന്നുണ്ടെന്നാണെന്ന് മുര്‍ട്ടസ പറഞ്ഞു. പ്ലാസ്റ്റിക് കൂട് ജേഴ്‌സിയാക്കിയ മുര്‍ട്ടസയുടെ ചിത്രങ്ങള്‍ ജനുവരിയിലാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. തുടര്‍ന്ന് ടിവി കണ്ടാണ് മുര്‍ട്ടസ മെസ്സിയുടെ ആരാധകനായതെന്ന് പിതാവ് അരിഫ് അഹമ്മദി പറഞ്ഞിരുന്നു.
 
മെസ്സിയുടെ പേരുള്ള ജേഴ്‌സി വാങ്ങി നല്‍കാന്‍ മുര്‍ട്ടസ തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ പ്രദേശത്ത് അത് ലഭിക്കില്ല. തുടര്‍ന്ന് മുര്‍ട്ടസയുടെ സഹോദരന്‍ പ്ലാസ്റ്റിക് കൂട് കൊണ്ട് അവന് ജേഴ്‌സി ഉണ്ടാക്കി കൊടുക്കുകയായിരുന്നെന്നും അരിഫ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക