ഫുട്ബോളില്‍ ശക്തമായ ലീഗുകള്‍ ഉണ്ടെന്നത് ശരി തന്നെ. എന്നാല്‍ ഫുട്ബോളില്‍ അനാവശ്യമായി കൈ കടത്തുന്ന സ്പാനിഷ് സര്‍ക്കാരിന്‍റെ നീക്കം അവരെ വിലക്കിന്‍റെ മുനയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. സര്‍ക്കാരിന്‍റെ ഇടപെടല്‍ ഫിഫയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഫിഫ വിലക്ക് ഭീഷണി നല്‍കിയിരിക്കുന്നത്
സ്പാനിഷ് ഫൂട്ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളാണ് ഈ വര്‍ഷത്തെ യൂറോ കപ്പ് ഉള്‍പ്പടെയുള്ള ടൂര്‍ണ്ണമെന്‍റുകളില്‍ ടീമിന്‍റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാക്കി. സ്പെയ്നിലെ എല്ലാ കായിക സംഘടനകളും വര്‍ഷത്തിലെ ആദ്യ മുന്നു മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ യൂറോയ്‌ക്ക് ശേഷം തെരഞ്ഞെടുപ്പ് നടത്താനാണ് ഫെഡറേഷന്‍റെ ആലോചന.
സ്വിറ്റ്‌സര്‍ലന്‍ഡ് പോളണ്ട് എന്നിവിടങ്ങളില്‍ ജൂണിലാണ് യൂറോപ്യന്‍ കപ്പ് ഫുട്ബോള്‍ അരങ്ങേറുന്നത്. സര്‍ക്കാരിന്‍റെ ഇടപെടല്‍ ഫിഫയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്പെയ്നിന് വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ കലാശിച്ചേക്കാമെന്ന് ഫിഫാ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ വിലക്ക് വരുകയാണെങ്കില്‍ അത് സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബുകളെയും ബാധിക്കും. ഇങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന് പുറത്ത് നടക്കുന്ന മത്സരങ്ങളില്‍ ഈ ക്ലബ്ബുകള്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും കായിക സംഘടനകള്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.
ഒരു കായിക സംഘടനയും രാജ്യത്തെ നിയമത്തിന് അതീതരല്ലെന്ന് ഈ വിഷയത്തില്‍ ഇടപെട്ട് കൊണ്ട് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഫിഫയുടെ തെരഞ്ഞെടുപ്പ് സമയക്രമത്തിന് വിരുദ്ധമായി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പിന് മുതിര്‍ന്നാല്‍ സംഘടനയുടെ അംഗീകാരം ഫിഫ താല്‍ക്കാലികമായി റദ്ദാക്കാനാണ് സാധ്യത.