ഒരു ഡച്ച് റൊണാള്‍ഡോ

Webdunia
PROPRO
റാഫേല്‍ വാന്‍ഡെര്‍ വാട്ട് എന്ന ഡച്ച് മദ്ധ്യനിര താരത്തിന് വംശീയതയുടെ കാര്യത്തില്‍ ഹോളണ്ടിന്‍റെയും സ്പെയിന്‍റെയും അവകാശമുണ്ട്. ഡച്ച് കാരനായ പിതാവിന് സ്പെയിന്‍ കാരിയായ അമ്മയില്‍ ഉണ്ടായ മകന് പക്ഷേ കാല്‍ പന്തുകളിയില്‍ കലാപമുള്ള സ്പാനിഷ് വകഭേദത്തേക്കാള്‍ കലാപരമായ ഡച്ച് ഫുട്ബോളിന്‍റെ ശൈലിയാണ്.

മുന്നേറ്റത്തിലും മദ്ധ്യനിരയിലും പ്രതിരോധത്തിലും ഒരു പോലെ മികവുറ്റ താരങ്ങളുള്ള ടീമില്‍ മദ്ധ്യനിരയിലെ ശ്രദ്ധേയനാകുക 25 കാരനായ റാഫേല്‍ വാന്‍ഡെര്‍ വാട്ടാകും. കളിയിലും സ്കില്ലിലും ട്രിക്കുകളിലും നിലവിലെ ഏറ്റവും ഏറ്റവും മികച്ച മിഡ്ഫീല്‍ഡറായ പോര്‍ച്ചുഗലിലെ ക്രിസ്ത്യാനോ റൊണാള്‍ഡോയോട് താരത്തിനു സമാനതയുണ്ട്.

മികച്ച പന്തടക്കമാണ് വാണ്ടര്‍വാട്ടിന്‍റെ ശക്തി. ഗോള്‍ മുന്‍ കൂട്ടിക്കാണാനുള്ള വൈദഗ്ദ്യവും ഡ്രിംബ്ലിംഗ് മികവും സ്കോറിംഗ് പാടവവും ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെ കൂടുതല്‍ വ്യത്യസ്തനാക്കുന്നു. ഗോളുകളുടെ എണ്ണം കുറവാണെങ്കിലും അഞ്ച് വര്‍ഷത്തിനിടയിലെ ലോകത്തിലെ 10 ക്ലാസ്സിക് ഗോളുകളുടെ എണ്ണം എടുത്താല്‍ അഞ്ചെണ്ണം എങ്കിലും വാണ്ടെര്‍ വാട്ടിന്‍റെതായി ഉണ്ടാകും. മികച്ച ഡെഡ് ബോള്‍ സ്പെഷ്യലിസ്റ്റു കൂടിയാണ്.

എയര്‍ ബോളുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അതിസമര്‍ത്ഥനുമാണ് താരം. മുന്നേറ്റനിരയുമായി മികച്ച ധാരണയും എതിര്‍ പ്രതിരോധത്തെ കീറിമുറിക്കുന്ന തരത്തില്‍ അളന്ന് നല്‍കുന്ന പാസുകള്‍ക്കും കൂടുതല്‍ പ്രസിദ്ധന്‍. ടീമിലെ മുന്നേറ്റക്കാരന്‍ റോബിന്‍ വാന്‍ പേഴ്‌സിയുമായി മികച്ച ധാരണ പുലര്‍ത്തുന്നു.

വടക്കന്‍ ഹോളണ്ടിലെ ഹീം സ്കെര്‍ക്കില്‍ 1983 ഫെബ്രുവരി 11 ജനിച്ച ഈ 25 കാരന്‍ കളി തുടങ്ങിയത് അജാക്സ് ആംസ്റ്റര്‍ ഡാമിലായിരുന്നു. 2000 മുതല്‍ 2005 വരെ അജാക്‍സ് സീനിയര്‍ ടീമില്‍ കളിച്ച താരം 117 മത്സരങ്ങളില്‍ അവര്‍ക്ക് നേടിയത് 52 ഗോളുകള്‍. 2005 ലാണ് ജര്‍മ്മന്‍ ബുണ്ടാസ് ലീഗിലെ ഹാംഗ്ബര്‍ഗ് എസ് വിയില്‍ എത്തുന്നത്.

കഴിഞ്ഞ സീസണില്‍ ജര്‍മ്മന്‍ ക്ലബ്ബിനായി 44 മത്സരങ്ങളില്‍ 21 ഗോളുകള്‍ അടിച്ചു കൂട്ടി. ഓറഞ്ച് നിരയ്‌ക്കായി 2001 ല്‍ കളി തുടങ്ങിയ താരം 53 കളികളില്‍ 12 ഗോള്‍ നേടി. അന്‍ഡോറയ്‌ക്കെതിരെ ആയിരുന്നു ആദ്യ കളി. 2006 ലോകകപ്പില്‍ പരുക്കുമായി മല്ലിട്ട താരം ഇത്തവണ 2008 യൂറോയില്‍ നെതര്‍ലന്‍ഡിന്‍റെ നിരയില്‍ ഉല്‍പ്പെട്ടിട്ടുണ്ട്.

എല്ലാ മേഖലയിലും ഒരു പോലെ മികവുള്ള ഒരു ടീമുമായിട്ടാണ് ഹോളണ്ട് ഇത്തവണ യൂറോപ്യന്‍ കപ്പ് തേടിയെത്തുന്നത്. ആക്രമണത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മദ്ധ്യനിരയാണ് അവരുടെ ശക്തി. വെസ്ലി സ്നീഡര്‍, റാഫേല്‍ വാന്‍ഡെര്‍ വാട്ട്, റോബന്‍ സഖ്യം. ഏത് നിരയ്‌ക്കും ഇവര്‍ പേടി സ്വപ്നമാകും.