വരയുടെ ആചാര്യന്‍: ചാള്‍സ് കീപ്പിംഗ്

Webdunia
WDWD
പുസ്തകങ്ങളിലും മാസികകളിലും വളരെ ആകര്‍ഷണീയമായി ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ പ്രശസ്തനായിരുന്നു ചാള്‍സ് വില്യം ജയിംസ് കീപ്പിംഗ്. മേയ് 16 അദ്ദേഹത്തിന്‍റെ ചരമദിനമാണ്.
ധാരാളം വരകളിലൂടെ കുട്ടികളെ രസിപ്പിച്ച ആ കലാകാരന്‍ 1988 മേയ് 16ന് ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു.

ബ്രിട്ടീഷുകാരനായ ഇദ്ദേഹം കുട്ടികള്‍ക്കായുള്ള ചിത്രകഥാ പുസ്തകങ്ങളും ധാരാളം എഴുതിയിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരുടെ ധാരാളം കൃതികള്‍ കുട്ടികള്‍ക്ക് രസിക്കുന്ന വിധം കാര്‍ട്ടൂണുകളാക്കി അച്ചടിച്ചിറക്കി.

ചാള്‍സ് വില്യം ജയിംസ് കീപ്പിംഗ് 1924 സെപ്റ്റംബര്‍ 22ന് ലണ്ടന്‍ നഗരത്തിലെ ലാംബെത്തിലാണ് ജനിച്ചത്. പത്രവിതരണക്കാരനായിരുന്നു അച്ഛന്‍. നഗരജീവിതത്തിന്‍റെ ചിത്രങ്ങള്‍ മനസില്‍ പതിഞ്ഞ കീപ്പിംഗ് ചെറുപ്രായത്തില്‍ തന്നെ മൂത്ത സഹോദരി ഗ്രേയ്സുമൊത്ത് ചിത്രങ്ങളും കഥകളും നിര്‍മ്മിക്കുന്നതിലേര്‍പ്പെട്ടു.

കലയില്‍ താത്പര്യം തോന്നിയപ്പോള്‍ റീജന്‍റ് സ്ട്രീറ്റ് പോളിടെക്നിക്കില്‍ ചേര്‍ന്നു. അവിടെ കാര്‍ട്ടൂണിസ്റ്റുകളുടെ നീഗല്‍ ലാംബുമെ, സ്റ്റുവര്‍ട്ട് ട്രസിലിയന്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ച അദ്ദേഹം രണ്ടു വര്‍ഷത്തെ കോഴ്സ് ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കി. കാര്‍ട്ടൂണും അച്ചടിയും വിദ ഗ ワമായി പരിശീലിച്ചു.

ആദ്യകാലത്ത് പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ച ഡെയ്ലി ഹൊറാള്‍ഡില്‍ 1952 ലാണ് ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ജ്യൂയിഷ് ക്രോണിക്കിള്‍, മിഡില്‍ ഇസ്റ്റേണ്‍ റിവ്യൂ, പഞ്ച് മാഗസിന്‍ തുടങ്ങിയവയില്‍ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു. പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി മാത്രം അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

1953 ല്‍ പുസ്തകങ്ങളുടെ രംഗത്തേക്ക് തിരിഞ്ഞ അദ്ദേഹം വൈ ഡൈ ഓഫ് ഹാര്‍ട്ട് ഡിസീസ്? എന്ന ആരോഗ്യ സംബന്ധിയായ പുസ്തകത്തില്‍ നര്‍മ്മം തുളുമ്പുന്ന ചിത്രങ്ങള്‍ വരച്ചു. ധാരാളം ടെസ്റ്റ് ബുക്കുകളില്‍ ചിത്രങ്ങളും ഇംഗ്ളീഷ് ബുക്കുകളുടെ പുറംചട്ടകളില്‍ ചിത്രരചനയും അക്കാലങ്ങളില്‍ നടത്തി.


WDWD
റോസ്മറി സറ്റക്ളഫിന്‍റെ കുട്ടികള്‍ക്കുള്ള ചരിത്രപരമായ നോവലായ സില്‍വര്‍ ബ്രാഞ്ച് ചിത്രകഥാ പുസ്തകമാക്കി മാറ്റിയതാണ് ചാള്‍സ് കീപ്പിംഗിന്‍റെ ആദ്യത്തെ ശ്രമം. തുടര്‍ന്ന് ഹെന്‍ട്രി ട്രീസ്, ചാള്‍സ് കിംഗ്സിലി, അലന്‍ ഗാര്‍നര്‍, ജഫ്രി തെരേസ, ചാള്‍സ് കസ്ലി, കെവിന്‍ ക്രോസ്ലി തുടങ്ങിയ ധാരാളം കൃതികള്‍ ചരിത്ര കഥാപുസ്തകങ്ങളായി രൂപപ്പെടുത്തി. 1966ല്‍ ബ്ളാക്ക് ഡോളി, കാര്‍ത്തോസ് എന്നീ പേരുകളില്‍ തന്‍റെ ആദ്യത്തെ ചിത്ര പുസ്തകം അച്ചടിച്ചിറക്കി.

മുതിര്‍ന്നവര്‍ക്കായുള്ള നോവലുകളും അദ്ദേഹം ചിത്രീകരിച്ചിരുന്നു. കിംഗ് സോളമന്‍സ്, ദ മൂണ്‍ സ്റ്റോണ്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. 1964ല്‍ ഫോളിയോ സൊസൈറ്റിയുമായി ചേര്‍ന്ന് എമിലി ബ്രോണ്ടിയുടെ വെതറിംഗ് ഹൈറ്റ്സ് ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ താത്പര്യം തോന്നാത്തതുകൊണ്ട് നിര്‍ത്തി. ചാള്‍സ് ഡിക്കന്‍സിന്‍റെ മുഴുവന്‍ കൃതികളും ഫോളിയോ സൊസൈറ്റിയുമായി ചേര്‍ന്ന് ചിത്രകഥാപുസ്തകമാക്കി പ്രസിദ്ധീകരിച്ചു.

സ്വാഭാവികത തുളുമ്പുന്നതായിരുന്നു ചാള്‍സ് കീപ്പിംഗിന്‍റെ ചിത്രങ്ങള്‍. അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും അച്ചടിയും ഇംഗ്ളണ്ടില്‍ മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. തന്‍റെ അച്ചടിശാലയില്‍ പല പരീക്ഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. കറുപ്പും വെളുപ്പും കൊണ്ട് വരച്ചിരുന്ന മുതിര്‍ന്ന കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് പുതിയ രൂപഭാവങ്ങളോടെ പ്രസിദ്ധീകരിച്ചു.

കളറുകളുപയോഗിച്ച് ചിത്രപുസ്തകങ്ങള്‍ പുറത്തിറക്കാന്‍ തുടങ്ങിയത് 1984 - ഓടെയാണ്. ലണ്ടന്‍ നഗരത്തിന്‍റെ പ്രകൃതിഭംഗി നഷ്ടപ്പെടുന്നതിനെക്കുറിച്ച് വരച്ച ആദം ആന്‍റ് പാരഡൈസ്ഡ് ഐലന്‍റ് ആണ് അദ്ദേഹത്തിന്‍റെ അവസാന പുസ്തകം.

കുട്ടികള്‍ക്കുള്ള മികച്ച പുസ്തകത്തിനുള്ള കഥ ഗ്രീന്‍ എവേ അവാര്‍ഡ് രണ്ടു തവണ നേടിയിട്ടുണ്ട്. കാര്‍ട്ടൂണ്‍ വര്‍ക്കുകള്‍ക്കുള്ള ഫ്രാന്‍സിസ് വില്യം അവാര്‍ഡ് 1972ലും 1977ലും ലഭിച്ചു. കാര്‍നെഗി അവാര്‍ഡ്, കര്‍ട്ട് മാസ്റ്റ്ലര്‍ അവാര്‍ഡ് തുടങ്ങി ധാരാളം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

ഗോഡ് ബനിത്ത് ദ സീ, ചാര്‍ലി, ചാര്‍ലോട്ട് ആന്‍റ് ദ ഗോള്‍ഡന്‍ കാനറി, ടിങ്കര്‍ ടെയ്ലര്‍ ഫോക്ക് സോംഗ് ടെയില്‍സ്, ദ ഹൈവേ മാന്‍, ചാള്‍സ് കീപ്പിംഗ്സ് ക്ളാസിക് ടെയില്‍ ഓഫ് ദ മകാബ്രേ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
കീപ്പിംഗിന്‍റെ വരകളും സൃഷ്ടികളും സൃഷ്ടിക്കാന്‍ കീപ്പിംഗ്സ് ഗാലറി എന്ന ഒരു പ്രദര്‍ശനശാല ഭാര്യ റിനേറ്റ് മേയര്‍ ബ്രിട്ടനില്‍ നടത്തുന്നുണ്ട്.