മാസ് കാണിക്കാന്‍ കൂളിംഗ് ഗ്ലാസ് വയ്ക്കേണ്ട, വില്ലനെ ഇടിച്ചുപറത്തേണ്ട; വെറുതെയിരുന്ന് സംസാരിച്ചാല്‍ മതി - ഇത് മോഹന്‍ലാല്‍ സ്റ്റൈല്‍!

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (15:27 IST)
മാസ് എന്നാല്‍ ഇതാണ്. ഒരു ചെറുചിരിയില്‍ തുടക്കം. പിന്നീട് തളിര്‍വെറ്റിലയില്‍ ചുണ്ണാമ്പുതേച്ചുകൊണ്ട് സംസാരം. ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന ടീസര്‍ സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മാസ് ടീസറാവുകയാണ്.
 
“കാലമേ നന്ദി. കഴിഞ്ഞുപോയ ഒരുപാടുവര്‍ഷങ്ങളെ ഇങ്ങനെ തോല്‍പ്പിക്കാന്‍ സാധിച്ചതിന്. എന്‍റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്. ഈ മാണിക്യന്‍... ഒടിയന്‍ മാണിക്യന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനിയാണ് കളി. അപ്പോ തുടങ്ങാം അല്ലേ..?” - എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റുപോകുന്ന മാണിക്യന്‍ മോഹന്‍ലാലിന്‍റെ കരിയറിലെ വിസ്മയകരമായ പകര്‍ന്നാട്ടമാണ് കാട്ടിത്തരുന്നത്.
 
മെലിഞ്ഞ്, ക്ലീന്‍ ഷേവുചെയ്ത ലുക്കില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ അതിനെ അവിശ്വസനീയം എന്നേ പറയാനുള്ളൂ. മോഹന്‍ലാലിന്‍റെ ഗംഭീരമായ സ്വരവും ഒഴുക്കോടെയുള്ള സംസാരവും ടീസറിന്‍റെ ഗരിമ കൂട്ടി. ‘ഇനിയാണ് കളി’ എന്ന് പറയുമ്പോള്‍ ആറാം തമ്പുരാനിലെ ത്രില്ലാണ് ഒരു നിമിഷം പ്രേക്ഷകരുടെ രക്തത്തിലൂടെ പാഞ്ഞുപോകുന്നത്.
 
“ഓ... ഒടിയന്‍... ഒടി ഒടി ഒടിയന്‍...” എന്ന ഇന്‍‌ട്രോ സോംഗിന്‍റെ ഒരു ഭാഗവും ടീസറിലുണ്ട്. എം ജയചന്ദ്രനാണ് പഴമയും ഗാംഭീര്യവുമുള്ള ഗാനങ്ങള്‍ കമ്പോസ് ചെയ്തിരിക്കുന്നത്. ‘വിക്രം വേദ’ എന്ന മെഗാഹിറ്റ് തമിഴ് ചിത്രത്തിന്‍റെ തകര്‍പ്പന്‍ പശ്ചാത്തല സംഗീതം ആരും മറന്നിരിക്കില്ല. അതുചെയ്ത സാം സി എസ് ആണ് ഒടിയനും പശ്ചാത്തല സംഗീതം. പീറ്റര്‍ ഹെയ്നാണ് ഛായാഗ്രഹണം.
 
ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ പ്രകാശ് രാജ് ആണ് വില്ലന്‍. നായിക മഞ്ജു വാര്യര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article