Narivetta Review: 'ആന്റണി പൊലീസിന്റെ നരവേട്ട'; രാഷ്ട്രീയം പറഞ്ഞ് കൈയടി വാങ്ങുന്ന അനുരാജ് ചിത്രം

Nelvin Gok

ശനി, 24 മെയ് 2025 (10:02 IST)
Narivetta Review

Nelvin Gok / [email protected]
Narivetta Review: ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട' അടിമുടി രാഷ്ട്രീയമാണ്, ഒപ്പം ഗംഭീര സിനിമാറ്റിക് എക്‌സ്പീരിയന്‍സും. കേരള മനസാക്ഷിയെ ഞെട്ടിച്ച 'മുത്തങ്ങ വെടിവയ്പ്പ്' പശ്ചാത്തലമാക്കി കൈയടക്കത്തോടെയും പ്രേക്ഷകരെ പൂര്‍ണമായി എന്‍ഗേജ് ചെയ്യിപ്പിച്ചും മികച്ചൊരു സിനിമ ഒരുക്കാന്‍ സംവിധായകനും തിരക്കഥാകൃത്ത് അബിന്‍ ജോസഫിനും സാധിച്ചിരിക്കുന്നു. 
 
മുത്തങ്ങ സമരവും പൊലീസ് വെടിവയ്പ്പും നടന്ന 2003 തന്നെയാണ് സിനിമയിലെ ആദിവാസി സമരത്തിന്റെയും പശ്ചാത്തലം. അതില്‍ നിന്നു തന്നെ മുത്തങ്ങ സമരത്തില്‍ രക്തസാക്ഷികളായവര്‍ക്ക് നല്‍കുന്ന ട്രിബ്യൂട്ടും കിരാത പൊലീസ് വാഴ്ചയ്‌ക്കെതിരായ രാഷ്ട്രീയ നിലപാടും ഉറക്കെ വിളിച്ചുപറയുകയാണ് 'നരിവേട്ട'യെന്ന് വ്യക്തം. അന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന യുഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ ഭരണം നടത്തിയിരുന്നത്. മുഖ്യമന്ത്രിയായ എ.കെ.ആന്റണിയും വനംമന്ത്രിയായ കെ.സുധാകരനും മുത്തങ്ങ വെടിവയ്പ്പിനു മൗനാനുവാദം നല്‍കിയതായി അന്നേ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
 
ചുരുങ്ങിയത് എസ്.ഐ എങ്കിലും ആയാലേ പൊലീസ് ജോലിക്ക് പോകുന്നതില്‍ അര്‍ത്ഥമുള്ളൂവെന്ന് വിശ്വസിക്കുന്ന കുട്ടനാട്ടുകാരനായ വര്‍ഗീസ് പീറ്റര്‍ (ടൊവിനോ തോമസ്) ജീവിതത്തിലെ പ്രതിസന്ധികളെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസര്‍ (കോണ്‍സ്റ്റബിള്‍) ജോലി തിരഞ്ഞെടുക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'നരിവേട്ട'യുടെ പ്രമേയം. ആഗ്രഹിക്കാതെ തിരഞ്ഞെടുത്ത ജോലി ആയതുകൊണ്ട് വര്‍ഗീസ് വല്ലാതെ നിരാശബോധം പേറുന്നവനാണ്. സ്വയം നിയന്ത്രിക്കാന്‍ പറ്റാതെ വര്‍ഗീസ് ആടിയുലയുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ബഷീര്‍ (സുരാജ് വെഞ്ഞാറമൂട്) മാത്രമാണ് ഏക ആശ്രയവും ആശ്വാസവും. വര്‍ഗീസ് എന്ന കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന കഥ നോണ്‍ ലീനിയര്‍ ആയി വയനാട്ടില്‍ ആദിവാസികള്‍ ഭൂമിക്കു വേണ്ടി നടത്തുന്ന സമരത്തെ കുറിച്ചും പ്രതിപാദിക്കുന്നു. ടൊവിനോ അടങ്ങുന്ന സംഘം വയനാട്ടിലെ സമരഭൂമിയിലേക്ക് ഡ്യൂട്ടിക്ക് എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. 
 
ആദ്യ സിനിമയായ 'ഇഷ്‌ക്കി'ല്‍ നിന്ന് 'നരിവേട്ട'യിലേക്ക് എത്തുമ്പോള്‍ സംവിധായകന്‍ അനുരാജ് മനോഹര്‍ കുറേകൂടി വലിയ ക്യാന്‍വാസിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ക്യാന്‍വാസ് വലുതാകും തോറും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധികളെ പോരാടി ജയിച്ച് തന്നിലെ ക്രാഫ്റ്റ്മാനെ പൂര്‍ണമായി പുറത്തെടുക്കാന്‍ സംവിധായകനു സാധിച്ചിരിക്കുന്നു. ആദ്യ തിരക്കഥയെന്ന് തോന്നാത്ത വിധം വളരെ ബോള്‍ഡ് ആയും പ്രേക്ഷകരെ ഇമോഷണലി ഹൂക്ക് ചെയ്യുന്നതിലും അബിന്‍ ജോസഫ് വിജയച്ചിരിക്കുന്നു. ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും പാട്ടുകളുമാണ് സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ്. ചില സീനുകളെ പശ്ചാത്തല സംഗീതം കൊണ്ട് മാത്രം എലിവേറ്റ് ചെയ്യാന്‍ ജേക്‌സ് ബിജോയിയ്ക്കു സാധിച്ചിട്ടുണ്ട്. 
 
പെര്‍ഫോമന്‍സുകളിലേക്ക് വന്നാല്‍ ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് നരിവേട്ടയിലെ വര്‍ഗീസ്. കഥാപാത്രത്തിന്റെ വ്യത്യസ്ത വൈകാരിക തലങ്ങളെ സംവിധായകന്‍ ഉദ്ദേശിച്ച രീതിയില്‍ അഭിനയിച്ചുഫലിപ്പിക്കാന്‍ ടൊവിനോയ്ക്കു സാധിച്ചു. ആര്യ സലിം അവതരിപ്പിച്ച സമരനായിക സി.കെ.ശാന്തിയുടെ കഥാപാത്രം മുത്തങ്ങ സമരനായിക സി.കെ.ജാനുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. ഗംഭീരമായാണ് ആര്യ ഈ കഥാപാത്രത്തെ സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ബഷീര്‍ എന്ന കഥാപാത്രവും ഏറെ ഹൃദ്യമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍