മിസ്റ്റര്‍ ആന്‍റ് മിസ് റൌഡി - ചിരിപ്പിക്കും ഈ കാളിദാസന്‍ ചിത്രം, പക്ഷേ...

ജെ സേതുരാമന്‍
വെള്ളി, 22 ഫെബ്രുവരി 2019 (15:20 IST)
താരപുത്രന്‍‌മാര്‍ തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന ഒരു സിനിമാ സാഹചര്യമാണ് ഇപ്പോള്‍ മലയാളത്തില്‍ നിലനില്‍ക്കുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സുരേഷ്ഗോപിയുടെയും ജയറാമിന്‍റെയും മക്കള്‍ പുതിയ പുതിയ കഥകളുമായി പ്രേക്ഷകരെ തേടിയെത്തുന്നത് രസകരവും കൌതുകകരവുമായ കാര്യം തന്നെ. പരീക്ഷണസിനിമകളുമായാണ് ഇവരുടെ വരവ് എന്നതുകൊണ്ടുതന്നെ ഈ സാഹചര്യം പ്രതീക്ഷകള്‍ നല്‍കുന്നതുമാണ്.
 
ജയറാമിന്‍റെ മകന്‍ കാളിദാസന്‍ നായകനാകുന്ന ‘മിസ്റ്റര്‍ ആന്‍റ് മിസ് റൌഡി’ എന്ന സിനിമ പ്രമേയം കൊണ്ട് മലയാള സിനിമയ്ക്ക് ഇതുവരെ അന്യമായ ഒരു ചിത്രമാണ്. സംവിധാനം ചെയ്തിരിക്കുന്നത് ജീത്തു ജോസഫ് ആയതുകൊണ്ടുതന്നെ അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക സാധാരണവുമാണ്. 
 
ഇവിടെ ജീത്തുവിന്‍റെ പ്രിയപ്പെട്ട ജോണറായ ഒരു ത്രില്ലര്‍ അല്ല ‘മിസ്റ്റര്‍ ആന്‍റ് മിസ് റൌഡി’. ഈ സിനിമ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നത് മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തുച്ചിത്രങ്ങളോടാണ്. വളരെ ലൈറ്റായ ഒരു പ്രമേയമാണെങ്കിലും അസാധാരണമായ ഒരു കഥാപശ്ചാത്തലമാണ് ഈ സിനിമ മുന്നോട്ടുവയ്ക്കുന്നത്.
 
കാളിദാസന്‍ അവതരിപ്പിക്കുന്ന അപ്പു എന്ന കഥാപാത്രം നയിക്കുന്ന തെമ്മാടിക്കൂട്ടത്തിലേക്ക് പൂര്‍ണിമ(അപര്‍ണ ബാലമുരളി) എന്ന ബോള്‍ഡ് ഗേള്‍ എത്തുന്നതോടെ സംഭവിക്കുന്ന കഥാപരിണാമമാണ് പ്രേക്ഷകരെ രസിപ്പിക്കുന്ന സംഗതി. ഇവരുടെ ഉള്ളിലെയും ഇവര്‍ ചെന്നുപെടുന്ന സാഹചര്യങ്ങളിലെയും തമാശകളിലാണ് ചിത്രം ഊന്നല്‍ നല്‍കിയിരിക്കുന്നത്.
 
രസിപ്പിക്കുന്ന ഒരു എന്‍റര്‍ടെയ്നര്‍ എന്ന നിലയില്‍ ജീത്തു ജോസഫിന്‍റെ ഈ സംരംഭം വിജയം തന്നെയാണ്. അതിനപ്പുറത്തേക്ക് മിസ്റ്റര്‍ ആന്‍റ് മിസ് റൌഡി എന്തെങ്കിലും നല്‍കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ട കാര്യവുമില്ല. കാരണം, രസിപ്പിക്കുക എന്ന ലക്‍ഷ്യം മാത്രം മുന്നില്‍ കണ്ട് ഒരുക്കിയ സിനിമയാണിത്. 
 
പൂമരത്തിലെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു നായകന്‍റെ ബോഡി ലാംഗ്വേജില്‍ നിന്ന് ഈ സിനിമയിലേക്കെത്തുമ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ കാളിദാസിന്‍റെ വളര്‍ച്ച പ്രകടമാണ്. അപ്പു എന്ന റൌഡിയുടെ രൂപഭാവങ്ങളോട് നീതിപുലര്‍ത്താന്‍ കാളിദാസന് കഴിഞ്ഞിട്ടുണ്ട്. അപര്‍ണ ബാലമുരളിയും തന്‍റെ കഥാപാത്രത്തെ മികച്ചതാക്കിയിരിക്കുന്നു.
 
എന്നാല്‍ ഇത് ജീത്തു ജോസഫിന്‍റെ ഏറ്റവും മികച്ച വര്‍ക്കല്ല എന്നത് പറഞ്ഞേ മതിയാവൂ. ദൃശ്യത്തിന്‍റെയും മെമ്മറീസിന്‍റെയും സ്രഷ്ടാവില്‍ നിന്ന് പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഈ സിനിമയില്‍ പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ആദ്യപകുതിയെ അപേക്ഷിച്ച് ചിത്രത്തിന്‍റെ രണ്ടാം പകുതി ദുര്‍ബലമാണ്. ക്ലൈമാക്സും വേണ്ടത്ര മികവ് പുലര്‍ത്തിയില്ല.
 
എന്നിരുന്നാലും, ഒറ്റക്കാഴ്ചയ്ക്ക് തീര്‍ത്തും അര്‍ഹതയുള്ള ഒരു സിനിമ തന്നെയാണ് മിസ്റ്റര്‍ ആന്‍റ് മിസ് റൌഡി. 
 
റേറ്റിംഗ്: 3.5/05

അനുബന്ധ വാര്‍ത്തകള്‍

Next Article