ഇത് നിവിന്റെ മൂത്തോൻ, ഗീതുമോഹൻ‌ദാസ് എന്ന സംവിധായികയ്ക്കൊരു കൈയ്യടി !

എസ് ഹർഷ

വെള്ളി, 8 നവം‌ബര്‍ 2019 (15:57 IST)
അനൌൺസ് ചെയ്തതത് മുതൽ പ്രേക്ഷകർ അമ്പരപ്പോടെ കാത്തിരുന്ന ചിത്രമാണ് മൂത്തോൻ. മലയാളത്തിലെ യുവനടന്മാരിൽ ടോപ്പിൽ നിൽക്കുന്ന നിവിൽ പോളിയെ വെച്ച് കുറച്ച് റഫ് ആൻഡ് ടഫ് ആയ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻ‌ദാസ് കൂടെ ആണെന്ന് അറിയിപ്പ് ഉണ്ടായപ്പോൾ അക്ഷരാർത്ഥത്തിൽ മലയാളി പ്രേക്ഷകർ ഒന്ന് അമ്പരന്നു. 
 
ഗീതു മോഹൻ‌ദാസിനു പിന്നിൽ അനുരാഗ് കശ്യപ്, രാജീവ് രവി എന്നീ വമ്പൻ സ്രാവുകൾ കൂടി അണിനിരന്നതോടെ പ്രതീക്ഷകൾ വാനോളമായി. പ്രേക്ഷകർക്കായി ഗീതു കരുതിവെച്ചിരിക്കുന്നതെന്ത് എന്ന ആകാംഷയിലാകും ഓരോരുത്തരും തിയേറ്ററിനകത്ത് പ്രവേശിക്കുക. TIFF ലും മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ചിത്രത്തിനു മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. 
 
ലക്ഷദ്വീപിൽ നിന്നും തന്റെ മൂത്തോനെ തേടി ബോംബെയിലെക്ക്‌ വരുന്ന മുല്ല എന്ന കുട്ടിയുടെയും അതിന്റെ തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കൂടെയുള്ള ബാലതാരങ്ങൾ കഥാപാത്രത്തിനു ആവശ്യമായ രീതിയിൽ ഒട്ടും ഏച്ചുകെട്ടലില്ലാതെ തന്റെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. 
 
ഭായ് എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് നിവിനെ തന്നെ ഭായിയായി ഗീതു തിരഞ്ഞെടുത്തു എന്ന് സംശയമുന്നയിച്ചിരുന്ന, നിവിനെ കൊണ്ട് ഇത്രയും ബോൾഡായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമോ എന്ന് ചോദ്യങ്ങളുയർത്തിയവർക്കുള്ള ഉത്തരമാണ് ഇതിലെ നിവിന്റെ ശക്തമായ പെർഫോമൻസ്. 
 
ഭായ് എന്ന കഥാപാത്രമായി നിവിൻ സ്‌ക്രീനിൽ മികച്ചു നിന്നു. തന്റെ സേഫ് സോണിൽ നിന്നും പുറത്തു കടക്കുന്നതിൽ നിവിൻ വിജയിച്ചു. ഹേയ് ജൂഡിൽ തന്നെ നിവിൻ ഇത് തെളിയിച്ചതാണ്. എങ്കിലും അതിനേക്കാളും ശക്തമായ കഥയാണ് മൂത്തോൻ പറയുന്നതെന്നതിനാൽ നിവിന്റെ ഭായ് മികച്ച് നിൽക്കുന്നു. നിവിനിൽ ഇങ്ങനെയൊരു നടൻ ഒളിഞ്ഞിരുപ്പുണ്ടായിരുന്നോ എന്ന് പലയാവർത്തി സംശയിച്ചേക്കാം. അത്രമേൽ കരുത്തുറ്റ കഥയും അഭിനയവും കഥാപാത്രങ്ങളുമാണ് മൂത്തോൻ നൽകുന്നത്. കൂടാതെ, ശശാങ്ക് അറോറ, ദിലീഷ് പോത്തൻ, സുജിത് ശങ്കർ എന്നിവരും നന്നായിരുന്നു...
 
സംവിധായിക നല്ലൊരു കൈയ്യടി അർഹിക്കുന്നുണ്ട്. മൂത്തോൻ ഒരു നിവിൻ പോളി ചിത്രമല്ല, അത് തീർത്തും ഒരു സംവിധായകന്റെ പടമാണ്. അതേ... മൂത്തോൻ ഗീതു മോഹൻ‌ദാസിന്റെ പടമാണ്. അത്രയും ബോൾഡ് ആയ പല വിഷയങ്ങളും അവർ സിനിമയിൽ കാണിച്ചിട്ടുണ്ട്. അത്രമേൽ കയ്യടക്കത്തോടെ ഓരോ കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന രീതിയിൽ പെർഫോം ചെയ്യിപ്പിച്ച് അനാവശ്യ ഷോട്ടുകളോ കഥാരീതിയോ സംഭാഷണങ്ങളോ ഇല്ലാതെ ഒടുവിൽ കാഴ്ച്ചക്കക്കാരനെ കൊണ്ടു കയ്യടിപ്പിക്കുന്നതിൽ സംവിധായിക വിജയിച്ചിരിക്കുന്നു. 
 
സമൂഹത്തിൽ ട്രാൻ‌സ്ജെൻഡേഴ്സ് നേരിടേണ്ടി വരുന്ന അവഗണയും സംഘർഷങ്ങളും അതേപടി പകർത്താൻ മൂത്തോന് കഴിയുന്നു. റിയലസ്റ്റിക് ആയ ജീവിതരീതിയെ വ്യക്തമായ രാഷ്ട്രീയത്തോട് കൂടെയാണ് ഗീതു മോഹൻ‌ദാസ്  അവതരിപ്പിച്ചിരിക്കുന്നത്. അവരവരായി ജീവിക്കാൻ ആഗ്രഹിക്കുന്നവരെ അതിനു സമ്മതിക്കാത്ത സാമൂഹ്യവ്യവസ്ഥികൾക്കെതിരെ ശക്തമായി പ്രതികരിച്ച് നിൽക്കുന്ന പ്രണയത്തേയും സാഹോദര്യത്തേയും പച്ചയായി വരച്ച് കാണിക്കുന്ന അപൂർവ്വ സൃഷ്ടിയാണ് മൂത്തോൻ. 
 
മുംബൈ നഗരത്തിന്റെയും ലക്ഷദ്വീപിന്റെയും ഷോട്ടുകൾ, അനുയോജ്യമായ പശ്ചാത്തല സംഗീതം, ദൃശ്യഭംഗിയേക്കാൾ പച്ചയായ കാഴ്ചകളെ ഒപ്പിയെടുക്കാനാണ് രാജീവ് രവി ശ്രമിച്ചിരിക്കുന്നത്. ഇവയെല്ലാം ഒരുപോലെ മികച്ച് നിൽക്കുകയും ചെയ്യുന്നു. 
 
ശക്തമായ തിരക്കഥ തന്നെയാണ് മൂത്തോന്റെ നട്ടെല്ല്. കഥയ്ക്ക് അനുയോജ്യമായ വൈകാരികതയോട് കൂടെ ഏച്ചുകെട്ടലുകൾ ഒന്നുമില്ലാതെ ശക്തമായി തന്നെ ചിത്രീകരിക്കപ്പെട്ട ഒരു അപൂർവ്വ സൃഷ്ടിയാണ് മൂത്തോൻ. 
ലിംഗഭേദമില്ലാതെ പ്രണയത്തേയും ബന്ധങ്ങളേയും വൈകാരികമായി അവതരിപ്പിക്കുന്നതിൽ വഞ്ചന കാണിക്കാത്ത സംവിധായികയാണ് താനെന്ന് ഗീതു മോഹൻ‌ദാസ് തെളിയിച്ചിരിക്കുന്നു.
(റേറ്റിംഗ്: 4/5)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍