Meppadiyan review: ട്വിസ്റ്റുകള്‍ പ്രതീക്ഷിച്ച് 'മേപ്പടിയാന്‍' കാണാന്‍ പോകരുത്,ഇന്ദ്രന്‍സിനെ വെറുക്കും, കാണാം പുതിയൊരു ഉണ്ണിമുകുന്ദനെ
ഒരു കുഞ്ഞ് വര്‍ക്ക് ഷോപ്പും വിവാഹത്തിലേക്ക് എത്തിനില്‍ക്കുന്ന പ്രണയവും കുടുംബവും ഒക്കെയായി സന്തോഷത്തോടെയാണ് ജയകൃഷ്ണന്റെ ജീവിതം മുന്നോട്ട് പോകുന്നത്.തടസ്സങ്ങള്‍ ഒന്നുമില്ലാതെ ശാന്തമായി ഒഴുകുന്ന ഒരു നദി പോലെ മുന്നോട്ടുപോകുന്ന ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് അവന്‍ പോലുമറിയാതെ പ്രശ്‌നങ്ങള്‍ കടന്നു വരുന്നു.കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമ്പോള്‍ ഒരു സാധാരണക്കാരന്‍ ചെയ്യുന്നതെല്ലാം ജയകൃഷ്ണനും ചെയ്യുന്നു.
നാട്ടുകാരനും പരിചയക്കാരനുമായ ഒരാള്‍ ജയകൃഷ്ണനെ ഒരു കുഴിയില്‍ ചാടിക്കുകയും അതില്‍നിന്ന് തിരിച്ചുകയറാന്‍ ജയകൃഷ്ണന്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമ പറയുന്നത്. ചിലപ്പോള്‍ നമ്മളില്‍ പലരും അനുഭവിച്ചതും ഇനി വരാന്‍ സാധ്യതയുള്ളതുമായ പ്രശ്‌നങ്ങളിലൂടെയാണ് ജയകൃഷ്ണനും കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ സിനിമയെ നമുക്ക് ഒപ്പം കൊണ്ടുപോകാന്‍ പറ്റും.
കാണാം പുതിയൊരു ഉണ്ണി മുകുന്ദനെ
മലയാളത്തിന്റെ മസില്‍ അളിയനായ ഉണ്ണിമുകുന്ദന് മാസ് വേഷങ്ങള്‍ മാത്രമേ ചേരൂ വിമര്‍ശനം ജയകൃഷ്ണന്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മാറ്റാന്‍ നടനായി. തനി നാട്ടിന്‍പുറത്തുകാരന്‍. അടിയും ഇടിയും പൊടിയും പറക്കാതെ ജയകൃഷ്ണന് തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയെ മറികടക്കുന്നു.