റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത പേരൻപിന്റെ ഇന്ത്യൻ പ്രീമിയർ ഷോയായിരുന്നു ഇന്നലെ ഇഫിയിൽ. ചിത്രം കണ്ട ശേഷം ഉണ്ണി കൃഷ്ണൻ എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഓരോ സീനിലും മമ്മൂട്ടി ജീവിക്കുകയായിരുന്നു. പതിനൊന്ന് അധ്യായങ്ങളായിട്ടാണ് ചിത്രം പോകുന്നത്.
പ്രദർശനം തുടങ്ങുന്നതിന് മുൻപ് സംവിധായകൻ റാം പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘മമ്മൂക്ക, മമ്മൂട്ടിയില്ലായിരുന്നെങ്കിൽ ഈ പടമില്ല. പടം കഴിഞ്ഞ് സംവിധായകനോട് കാണികൾ സംസാരിക്കുന്നതിനിടയിൽ മമ്മൂട്ടി മലയാളത്തിന്റെ നടനാണ് എന്നാരോ പറഞ്ഞപ്പോൾ തിരുത്തിയത് ഒരു തമിഴനാണ്. കലാകാരൻ ഒരു കൂട്ടരുടേത് മാത്രമല്ല. എല്ലാവരുടേതുമാണ്. റാം അതിനെ പൂരിപ്പിച്ചത് ഇങ്ങനെയാണ്, ദി ഫേസ് ഓഫ് ഇൻഡ്യൻ സിനിമ‘. എന്നായിരുന്നു.
ഉണ്ണി കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇഫിയിൽ പേരൻപ് തുടങ്ങുന്നതിന് മുമ്പ് റാം പറഞ്ഞു. ഇന്ത്യയിൽ റിലീസാവാനുള്ളതിനാൽ സിനിമയുടെ കഥ എവിടെയും എഴുതരുത്. അതു കൊണ്ട് ഇത്രമാത്രം.
സെറിബ്രൽ പാൾസി ബാധിച്ച കൗമാരത്തിലേക്ക് കടക്കുന്ന, അമ്മയുപേക്ഷിച്ച പെൺകുട്ടിയും അവളുടെ അച്ഛനും തമ്മിലുള്ള വികാരതീക്ഷണമായ ബന്ധത്തിന്റെ കഥയാണ് പേരന്പ്. അത് വെറുമൊരു അച്ഛൻ മകൾ ബന്ധം മാത്രമല്ല, അതിലുപരി പരിമിതികൾ നേരിടുന്ന മകളെ ഒരു വ്യക്തിയായി മനസ്സിലാക്കാൻ ശ്രമിക്കുന്ന മാതൃ നഷ്ടത്തിനു പകരം വെക്കാൻ മറ്റൊന്നും ഇല്ലെന്നുള്ള തിരിച്ചറിവിലേക്ക് നടക്കുന്ന അമുതവന്റെ കൂടി കഥയാണ്. മാതൃത്വത്തിന്റെ കടമകളെ അന്വേഷിക്കുന്നതോടൊപ്പം ആ സങ്കല്പത്തെ പല മട്ടിൽ സബ്വേർട് ചെയ്യുന്നുണ്ട് പേരൻപ്.ഒപ്പം ഇന്ത്യൻ സിനിമ കടന്നു ചെല്ലാത്ത ഒരു വിഷയ മേഖലയിലേക്കുള്ള ധൈര്യപൂർവമായ കാൽവെപ്പുകൂടിയാണ്.
പ്രകൃതിയിൽ മനുഷ്യരെല്ലാം വ്യത്യസ്തരായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ പ്രകൃതി എല്ലാവരോടും ഒരേ പോലെ പെരുമാറുകയും ചെയ്യുന്നു. ഈ ചിന്തയാണ് സിനിമയുടെ ആധാരം. പ്രകൃതിയുടെ നൈതികതയെയും നൈരന്തര്യത്തെയും കുറിച്ചുള്ള അമുതവന്റെ തിരിച്ചറിവിലൂടെയാണ് സിനിമയുടെ ഘടന രൂപപ്പെടുത്തിയിട്ടുള്ളത്. വെറുപ്പിൽ തുടങ്ങി അനുകമ്പയിൽ അവസാനിക്കുന്നു അത്. ആകെ പന്ത്രണ്ട് ഭാഗങ്ങൾ. കണ്ണീരിന്റെ പാടയിലൂടല്ലാതെ പല സീനുകളിലൂടെയും കടന്നു പോകാനാകില്ല.
പാപ്പയായി സാധനയുടെയും അമുതവനായി മമ്മൂട്ടിയുടെയും പകർന്നാട്ടങ്ങൾ തന്നെ സിനിമയുടെ ആകർഷണം. മകളെ സന്തോഷിപ്പിക്കാൻ അമുതവൻ പാട്ടു പാടുകയും ഡാൻസ് ചെയ്യുകയും മറ്റും ചെയ്യുന്ന ഒരു സീനുണ്ട്. ഒറ്റ ഷോട്ടിലുള്ള ആ സീനിൽ ക്യാമറ തൊട്ടിലാടുന്ന പോലെ അടക്കത്തിൽ ചലിക്കുന്നതറിയാം. സംവിധായകനും നടനും തങ്ങളുടെ ശേഷി വ്യക്തമാക്കിയ ആ ഒരൊറ്റ സീൻ..! പിന്നീട് ക്ലൈമാക്സിനു മുമ്പുള്ള ഒരു സീൻ..! Mammootty was just living that Scene ..! അഞ്ജലി അമീറിന്റെ മീര ഇന്ത്യൻ സിനിമ കണ്ട വ്യത്യസ്തതയാണ്.
തേനി ഈശ്വറിന്റെ ക്യാമറയും യുവാൻ ശങ്കർ രാജയുടെ സംഗീതവും സുരിയ പ്രഥമന്റെ എഡിറ്റിങ്ങും സിനിമയുടെ താളവും ഒഴുക്കും ഭദ്രമാക്കി.
പടം തുടങ്ങും മുൻപ് റാം ഇത്രയും കൂടി പറഞ്ഞിരുന്നു. മമ്മൂക്ക, മമ്മൂട്ടിയില്ലായിരുന്നെങ്കിൽ ഈ പടമില്ല. പടം കഴിഞ്ഞ് സംവിധായകനോട് കാണികൾ സംസാരിക്കുന്നതിനിടയിൽ മമ്മൂട്ടി മലയാളത്തിന്റെ നടനാണ് എന്നാരോ പറഞ്ഞപ്പോൾ തിരുത്തിയത് ഒരു തമിഴനാണ്. കലാകാരൻ ഒരു കൂട്ടരുടേത് മാത്രമല്ല. എല്ലാവരുടേതുമാണ്. റാം അതിനെ പൂരിപ്പിച്ചത് ഇങ്ങനെയാണ്, ദി ഫേസ് ഓഫ് ഇൻഡ്യൻ സിനിമ ..!
പറയാനുള്ളത് മലയാളത്തിലെ സംവിധായകരോടാണ്, അദ്ദേഹത്തെ ഉപയോഗപ്പെടുത്താൻ ഇനിയും നിങ്ങളാരെയാണ് കാത്തിരിക്കുന്നത്..?