'Leo' FDFS Review Malayalam: വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'ലിയോ' തിയറ്ററുകളില്‍. പുലര്‍ച്ചെ നാല് മുതല്‍ കേരളത്തില്‍ ഷോ ആരംഭിച്ചു. തമിഴ്‌നാടിന് പുറത്ത് മിക്കയിടത്തും രണ്ടാമത്തെ ഷോ പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടില്‍ രാവിലെ ഒന്‍പതിനാണ് ആദ്യ ഷോ.
കേരളത്തില്‍ ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ 'ലിയോ'യ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് (LCU) പുതിയൊരു ചിത്രം കൂടി എത്തിയെന്ന് പറയുമ്പോഴും അത് മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച സിനിമാ അനുഭവം ആയിട്ടില്ലെന്നാണ് ആദ്യ പ്രതികരണങ്ങള്‍. കൈതി, വിക്രം എന്നീ എല്‍സിയു ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനേക്കാള്‍ താഴെയാണ് 'ലിയോ' വരുന്നതെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു.
ആദ്യ പകുതിയാണ് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ഗംഭീര പ്രതികരണങ്ങള്‍ ചിത്രത്തിനു ലഭിച്ചിരുന്നു. വിജയ് എന്ന നടനേയും താരത്തേയും ലോകേഷ് ഒരുപോലെ ഉപയോഗിച്ചു എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. എന്നാല്‍ രണ്ടാം പകുതി ശരാശരിയില്‍ ഒതുങ്ങിയതാണ് ആരാധകരെ നിരാശപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ പക്കാ 'വിജയ് തട്ടിക്കൂട്ട് സിനിമ'കളുടെ നിലവാരത്തിലേക്ക് ലിയോ കൂപ്പുകുത്തിയെന്നും അപ്പോഴും ലോകേഷിന്റെ മേക്കിങ് മികവാണ് കണ്ടിരിക്കാവുന്ന രീതിയിലേക്ക് രണ്ടാം പകുതിയെ എത്തിച്ചതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
രണ്ടാം പകുതിയിലെ ഫ്‌ളാഷ് ബാക്ക് സീനുകള്‍ പ്രേക്ഷകരുമായി എന്‍ഗേജ് ചെയ്യുന്നില്ല എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. രണ്ടാം പകുതി കുറച്ചുകൂടി നന്നാക്കിയിരുന്നെങ്കില്‍ കൈതി, വിക്രം ലെവലിലേക്ക് ലിയോയും എത്തിയേനെ എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ശരാശരിയേക്കാള്‍ അല്‍പ്പം മെച്ചപ്പെട്ട സിനിമ എക്‌സ്പീരിയന്‍സ് ലിയോ തരുന്നുണ്ടെന്നും ഒരു തവണ തിയറ്ററില്‍ പോയി കാണാനുള്ള ക്വാളിറ്റി ചിത്രത്തിനുണ്ടെന്നും ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.