Kannur Squad Review: ജോര്‍ജ്ജ് മാര്‍ട്ടിനും സംഘത്തിനുമൊപ്പം ഉദ്വേഗജനകമായ യാത്ര, തുടരുന്ന മമ്മൂട്ടി മാജിക്ക്; കണ്ണുംപൂട്ടി ടിക്കറ്റെടുക്കാം കണ്ണൂര്‍ സ്‌ക്വാഡിന്

Webdunia
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (14:44 IST)
Kannur Squad Review: രാജ്യത്തെ ഏറ്റവും കാര്യക്ഷമതയുള്ള പൊലീസ് സേനകളില്‍ ഒന്നാണ് കേരളത്തിലേത്. ഒറ്റ നോട്ടത്തില്‍ അതികഠിനമെന്ന് തോന്നുന്ന പല കേസുകളും കൂര്‍മ ബുദ്ധി ഉപയോഗിച്ച് കേരളത്തിലെ പൊലീസ് തെളിയിച്ചിട്ടുണ്ട്. ഒരു കേസന്വേഷണത്തിനു പിന്നില്‍ രാവും പകലും അലയേണ്ടിവരുന്ന, നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് പറയുന്നത്. നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നില്‍ സ്വന്തം കുടുംബത്തെ പോലും രണ്ടാം നിരക്കാരായി പരിഗണിക്കേണ്ടി വരുന്ന പൊലീസുകാരുടെ യഥാര്‍ഥ ജീവിതത്തെ അതിഭാവുകത്വമോ അതിനാടകീയതയോ കലര്‍ത്താതെ അതേസമയം മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സോടെ അവതരിപ്പിച്ചിടത്താണ് കണ്ണൂര്‍ സ്‌ക്വാഡ് വിജയിച്ചത്. 
 
കാസര്‍ഗോഡ് ജില്ലയില്‍ നടക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാനുള്ള ഉത്തരവാദിത്തം കണ്ണൂര്‍ എസ്.പിക്ക് കീഴിലുള്ള കണ്ണൂര്‍ സ്‌ക്വാഡിന് ലഭിക്കുന്നു. കേസ് തെളിയിക്കാന്‍ പത്ത് ദിവസത്തെ സമയമാണ് കണ്ണൂര്‍ സ്‌ക്വാഡിന് ലഭിക്കുന്നത്. ഈ കേസ് അന്വേഷണത്തെ ഉദ്വേഗജനകമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാസര്‍ഗോഡ് നിന്ന് കണ്ണൂര്‍ സ്‌ക്വാഡ് ആരംഭിക്കുന്ന യാത്രയില്‍ ഒരേസമയം കുറ്റാന്വേഷണവും പൊലീസുകാരുടെ ജീവിതവും പ്രതിപാദിക്കുന്നു. തുടക്കത്തില്‍ തന്നെ ആരാണ് കൊലപാതകികള്‍ എന്ന് പ്രേക്ഷകര്‍ക്ക് മനസിലായിട്ടും സിനിമ അവസാനിക്കും വരെ ത്രില്ലിങ് ഗ്രിപ്പ് നഷ്ടപ്പെടുത്താതിരിക്കാന്‍ ചിത്രത്തിനു സാധിച്ചു. 

 
ഇന്‍വസ്റ്റിഗേഷന്‍ എന്നതിലുപരി മികച്ചൊരു റോഡ് മൂവി ഴോണറിലും കണ്ണൂര്‍ സ്‌ക്വാഡിനെ ഉള്‍പ്പെടുത്താം. കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം മുഴുവന്‍ യാത്രകളിലൂടെയാണ് നടക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളതെങ്കില്‍ അഞ്ചാമന്‍ തങ്ങളുടെ ജീപ്പാണെന്ന് റിലീസിന് മുന്‍പ് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ എത്രത്തോളം ശരിയാണെന്ന് സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് വ്യക്തമാകും. പൊലീസ് സേനയില്‍ ഉള്ളവര്‍ അനുഭവിക്കേണ്ടി വരുന്ന ഇന്‍സെക്യൂരിറ്റികളും അരക്ഷിതാവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടുകളും കൃത്യമായി പറഞ്ഞുവയ്ക്കാനും ചിത്രത്തിനു സാധിക്കുന്നുണ്ട്. ചിത്രത്തിലെ ഓരോ പൊലീസ് ഉദ്യോഗസ്ഥന്‍മാരുമായും ഇമോഷണലി കണക്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്ന തരത്തിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 
എല്ലാ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. എ.എസ്.ഐ. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി ഒരിക്കല്‍ കൂടി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മമ്മൂട്ടിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിലെ അംഗങ്ങളായി എത്തുന്ന റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് എന്നിവരുടെ പ്രകടനങ്ങള്‍ ഗംഭീരം. അതില്‍ തന്നെ അസീസ് നെടുമങ്ങാട് കൂടുതല്‍ കൈയടി അര്‍ഹിക്കുന്നു. കിഷോര്‍ കുമാര്‍, വിജയരാഘവന്‍ എന്നിവരുടെ പൊലീസ് കഥാപാത്രങ്ങളും സിനിമയില്‍ നിര്‍ണായകമാണ്. 

 
പുതുമുഖ സംവിധായകന്റെ ചിത്രമെന്ന് ഒരിടത്തും തോന്നിപ്പിക്കാത്ത വിധം ക്വാളിറ്റി മേക്കിങ്ങിലൂടെ മലയാളത്തിലേക്ക് വരവറിയിച്ചിരിക്കുകയാണ് റോബി വര്‍ഗീസ് രാജ്. റോണി ഡേവിഡ്, മുഹമ്മദ് ഷാഫി എന്നിവരുടേതാണ് തിരക്കഥ. പൊലീസുകാരുടെ ദൈന്യത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ തിരക്കഥ വഹിച്ചിരിക്കുന്ന പങ്ക് വളരെ വലുതാണ്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിന്റെ സ്വഭാവം ആദ്യാവസാനം നിലനിര്‍ത്തുന്നതില്‍ സുഷിന്‍ ശ്യാമിന്റെ സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്. മുഹമ്മദ് റാഹിലിന്റെ ഛായാഗ്രഹണവും മികച്ചുനിന്നു. 
 
എല്ലാവിധ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന മികച്ചൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് കണ്ണൂര്‍ സ്‌ക്വാഡ്. ക്വാളിറ്റിയുള്ള സിനിമകള്‍ നിര്‍മിക്കാന്‍ മമ്മൂട്ടി കമ്പനി പുലര്‍ത്തുന്ന ഉത്സാഹം മലയാള സിനിമയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article