കാല - അതിജീവനത്തിന്‍റെ ഇതിഹാസം, ഒരു കം‌പ്ലീറ്റ് രജനികാന്ത് സിനിമ!

എസ് അജയ്
വ്യാഴം, 7 ജൂണ്‍ 2018 (14:26 IST)
‘കാല’ എത്രശതമാനം ഒരു രജനികാന്ത് പടമാണ്? ‘കബാലി’ എന്ന സിനിമയാണ് ഇത്തരമൊരു ചോദ്യത്തിനുതന്നെ കാരണമായത്. ആ സിനിമ രജനി ഫാന്‍സിന് ആഘോഷിക്കാനുള്ള ചിത്രത്തേക്കാള്‍ പാ രഞ്ജിത് എന്ന സംവിധായകന്‍റെ സിനിമയായിരുന്നു. അതേ രഞ്ജിത് തന്നെ ‘കാല’യുമായി എത്തുമ്പോഴാണ് ഈ ചോദ്യത്തിന് പ്രസക്തിയുണ്ടാകുന്നത്.
 
പാവപ്പെട്ടവരുടെ പ്രതിനിധിയാണ് രജനികാന്ത് അവതരിപ്പിക്കുന്ന കാല. ബഹുമാനത്തോടെ എല്ലാവരും അദ്ദേഹത്തെ കാല സേട്ട് എന്ന് വിളിക്കുന്നു. പാവപ്പെട്ടവന്‍ ഹീറോയിസം കാണിച്ചാല്‍ അത് ഗൂണ്ടായിസം, പണവും അധികാരവുമുള്ളവന്‍ ഗൂണ്ടായിസം കാണിച്ചാല്‍ അത് ഹീറോയിസം - ഇതാണ് ഈ സിനിമയുടെ കോര്‍. രജനികാന്ത് ധാരാവിയിലെ ചേരിനിവാസികളെ പ്രതിനിധീകരിക്കുമ്പോള്‍ ഹരി ദാദ എന്ന വില്ലനായി, പണവും അധികാരവുമുള്ളവനായി നാനാ പടേക്കര്‍ എത്തുന്നു.
 
സാധാരണയായി രജനി സിനിമയുടെ ക്ലൈമാക്സ് മരണമാസ് ആയിരിക്കുമല്ലോ. എന്തായാലും ഈ സിനിമയുടെ ക്ലൈമാക്സ് സീനിനുമാത്രം പാ രഞ്ജിത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. രഞ്ജിത് കാണിച്ച ധൈര്യം ഇതിനുമുമ്പ് ഏതെങ്കിലും ഒരു രജനിച്ചിത്രത്തിന്‍റെ സംവിധായകന്‍ കാണിച്ചിട്ടില്ല, ഇനി കാണിക്കാന്‍ സാധ്യതയുമില്ല. എന്നാല്‍ ഇത് എങ്ങനെ തമിഴ് മക്കള്‍ സ്വീകരിക്കുമെന്ന് ഇപ്പോള്‍ പറയുക സാധ്യമല്ല. 
 
അപ്രതീക്ഷിതമാണ് ‘കാല’യിലെ പല സംഭവങ്ങളും. ഇന്‍റര്‍‌വെലിന് മുമ്പ് വരെ ഒരു സാധാരണ ചിത്രമാണ്. കബാലിയുടെ മറ്റൊരു പതിപ്പെന്ന് സംശയം തോന്നും വിധം ലാഗ് ചെയ്യുന്ന രീതി. എന്നാല്‍ ഇന്‍റര്‍‌വെലിന് തൊട്ടുമുമ്പ് പടം ചാര്‍ജ്ജായി. പിന്നെ ഒരു കത്തിയെരിയലാണ്. ക്ലൈമാക്സ് വരെ പിടിച്ചാല്‍ കിട്ടില്ല. ക്ലൈമാക്സോ? ഞെരുഞെരിപ്പന്‍! മാസിന് മാസ്, ആക്ഷന് ആക്ഷന്‍, പാട്ടിന് പാട്ട്, ഡയലോഗിന് ഡയലോഗ്. ഒരു രജനി സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിലുണ്ട്. അപ്പോഴും ഇത് പൂര്‍ണമായും ഒരു രജനി സിനിമയല്ല. ഒരു ക്ലാസ് രഞ്ജിത് ചിത്രം കൂടിയാണ്.
 
സമ്പത്തിനെ കുടയുപയോഗിച്ച് നേരിടുന്ന സീന്‍, മഴയത്തുള്ള ആക്ഷന്‍ രംഗം, രജനിയുടെ കള്ളുകുടിച്ചുള്ള ഡാന്‍സ്, സമുദ്രക്കനിയുടെ തമാശകള്‍ അങ്ങനെ ‘കാല’ മനസുനിറയ്ക്കുന്ന രംഗങ്ങള്‍ എത്രയെത്ര!. രജനിയുടെ പ്രകടനം ഉജ്ജ്വലം. അനവധി ഇമോഷണല്‍ മുഹൂര്‍ത്തങ്ങളിലൂടെയാണ് കാല കടന്നുപോകുന്നത്. അതെല്ലാം അവിസ്മരണീയമാക്കാന്‍ സൂപ്പര്‍സ്റ്റാറിന് കഴിഞ്ഞു. രാഷ്ട്രീയക്കാരില്‍ നിന്ന് സ്വന്തം മണ്ണ് സംരക്ഷിച്ച് പിടിക്കുന്ന ‘ധാരാവിയുടെ കിംഗ്’ ആയി രജനി ജ്വലിക്കുന്നു.
 
പ്രണയിനിയും ഭാര്യയുമൊത്തുള്ള കാലയുടെ രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റാണ്. ഡിന്നര്‍ സീന്‍ ഗംഭീരം. അവിടെയൊക്കെ രജനിയുടെ ഭാവപ്രകടനങ്ങള്‍ നൂറില്‍ നൂറുമാര്‍ക്ക്. നാനാ പടേക്കര്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ സിനിമയില്‍ നായകനോ വില്ലനോ, ആര്‍ക്ക് മാര്‍ക്ക് നല്‍കുമെന്ന് ചോദിച്ചാല്‍ സംശയിച്ചുനില്‍ക്കത്തക്ക വിധം വില്ലന്‍ ഒന്നാന്തരം. ഇന്‍റര്‍‌വെല്‍ സീന്‍ കിടിലോല്‍ക്കിടിലം. 
 
ഒരു പോരാട്ടത്തിന്‍റെ കഥയാണ് കാല. പോരാടാന്‍ ചേരിയിലെ ജനതയ്ക്കുള്ളവത് അവരുടെ ശരീരം മാത്രമാണ്. ശരീരം ഒരായുധമാക്കി പോരാടാനാണ് കാല ആഹ്വാനം ചെയ്യുന്നത്. അതിജീവനത്തിന്‍റെ ഇതിഹാസമായി അവിടെ കാല മാറുന്നു. 
 
‘നല്ലവനാ കെട്ടവനാ?’ എന്ന ചോദ്യം മണിരത്നം സിനിമകളിലാണ് സാധാരണ ഉയര്‍ന്നുകേള്‍ക്കുക. അത് നായകനിലായാലും രാവണനിലായാലും. കാലയില്‍ രാവണന്‍ നല്ലവനായി മാറുന്നു. 
 
റേറ്റിംഗ്: 4/5

അനുബന്ധ വാര്‍ത്തകള്‍

Next Article