Subharathri Movie Review: മനം നിറച്ച് സിദ്ദിഖും ദിലീപും!

ശനി, 6 ജൂലൈ 2019 (16:25 IST)
മുഹമ്മദിന്റെ കഥയാണ് ശുഭരാത്രി. മുഹമ്മദ് എന്ന സാധാരണക്കാരനായ മനുഷ്യന്‍റെ ഉള്ളിലെ നന്മ പ്രേക്ഷകന്റെ ഉള്ള് നിറയ്ക്കും. അപ്രതീക്ഷിതമായി, ക്ഷണിക്കപ്പെടാതെ വന്ന് കയറുന്ന ചില സംഭവങ്ങൾ മൂലമുണ്ടാകുന്ന കാളരാത്രിയെ ശുഭരാത്രിയായി എങ്ങനെ മാറ്റിയെടുക്കാമെന്ന് കൂടി വ്യാസൻ കാണിച്ച് തരുന്നു. 
 
ഹജ്ജ്ന് പോകാനൊരുങ്ങുന്ന മുഹമ്മദിനെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ്. ഹജ്ജിനുപോകും മുമ്പ് സകലരോടുമുള്ള ബാധ്യതകളൊക്കെ തീര്‍ത്ത് പൊരുത്തം മേടിക്കാനായുള്ള മുഹമ്മദിന്‍റെ യാത്രയാണ് പിന്നീട് സിനിമയിൽ കാണിക്കുന്നത്. ആദ്യപകുതിയിൽ മുഹമ്മദ് ആയി എത്തിയ സിദ്ദിഖ് ആണ് നിറഞ്ഞ് നിൽക്കുന്നത്. ആദ്യപകുതി പ്രേക്ഷകരെ പിടിച്ചിരുത്തുന്നതല്ല. 
 
ഹജ്ജിന് പോകാനൊരുങ്ങി നിൽക്കുന്ന മുഹമ്മദിന്റെ വീട്ടിൽ അന്നേരാത്രി ഒരു കള്ളൻ കയറുന്നു. അപ്രതീക്ഷിതമായ ആ സംഭവത്തോടെ കഥാഗതി ആകെ മാറിമറിയുന്നു. ആദ്യപകുതി അവസാനിക്കുന്നത് അവിടെയാണ്. ഇത് ദിലീപ് സിനിമയാണോ എന്ന് തോന്നിപ്പോകും. കാരണം, ദിലീപ് എത്തുന്നത് രണ്ടാം പകുതിയാണ്. 
 
പ്രണയിച്ച പെണ്ണിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ട് കുടുംബജീവിതം നയിക്കുന്ന കൃഷ്ണനെന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് ദിലീപിന്‍റെ ഭാര്യയായ ശ്രീജയായി അഭിനയിക്കുന്നത്. ഇവര്‍ക്കൊരു മകളുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തേണ്ടി വരുന്ന ദിലീപിന് അതുമൂലം ഉണ്ടാകുന്ന വലിയ പ്രശ്നത്തെയാണ് സിനിമ പിന്നീട് പറയുന്നത്.  
 
കൃഷ്ണനും മുഹമ്മദും കണ്ട് മുട്ടുകയും അവർ തമ്മിലുണ്ടാകുന്ന കോമ്പിനേഷൻ സീനുകളുമൊക്കെ ഹൃദയസ്പർശിയാണ്. മുഹമ്മദിന്റെ തക്കസമയത്തെ ഇടപെടലോടെയാണ് കൃഷ്ണന്റെ പ്രശ്നം പരിഹരിക്കപ്പെടുന്നത്. 

എന്തിലും ഏതിലും ജാതിയും മതവും രാഷ്ട്രീയവും പറയുന്ന ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തിൽ മനുഷ്യത്വത്തിന്റേയും സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ആൾ രൂപങ്ങളാണ് കൃഷ്ണനും മുഹമ്മദും. സഹജീവിയുടെ ദുഖവും ദുരിതവും കഷ്ടപ്പാടുകളും കാണാതെ പോകുന്ന ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ മുഹമ്മദിന്റേയും കൃഷ്ണന്റേയും കഥ ഉള്ളുലക്കുന്നതാണ്. 
 
സിദ്ദിഖ്, ദിലീപ്, അനു സിത്താര തുടങ്ങിയവർ മുഖ്യവേഷത്തിൽ എത്തിയിരിക്കുന്ന 'ശുഭരാത്രി' മനുഷ്യമനസിലെ നന്മയെ ആണ് വരച്ച് കാട്ടുന്നത്. സംവിധായകനായ വ്യാസൻ എടവനക്കാട് (വ്യാസൻ കെ.പി) കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം പറഞ്ഞുവെയ്ക്കുന്നത് നന്മയെ ആണ്. മനുഷ്യന്റെ ഉള്ളിലെ ഉറവ വറ്റാത്ത നന്മയെ കുറിച്ച് തന്നെ. 
 
ശുഭരാത്രി ഒരു എന്റർടെയിൻ മൂവി അല്ല, പൂർണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഫാമിലി മൂവി തന്നെയാണ്.  നെടുമുടി വേണു, സൂരാജ് വെഞ്ഞാറമൂട്, നാദിര്‍ഷ, ഹരീഷ് പേരടി, ഇന്ദ്രൻസ്, പ്രശാന്ത്, കെ.പി.എ.സി ലളിത, ജയന്‍ ചേര്‍ത്തല, ആശാ ശരത്ത്, ഷീലു ഏബ്രഹാം, തെസ്‌നി ഖാന്‍, മണികണ്ഠൻ ആചാരി, സുധി കോപ്പ, അജു വര്‍ഗ്ഗീസ്, അശോകൻ, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍