Voice of Sathyanathan Review: തമാശയിലെ ഏച്ചുകെട്ടലുകളും വിരസമായ കഥയും; പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ദിലീപ്-റാഫി ചിത്രം, 'വോയ്‌സ് ഓഫ് സത്യനാഥന്‍' ശരാശരി അനുഭവം

Webdunia
ശനി, 29 ജൂലൈ 2023 (10:02 IST)
Voice of Sathyanathan Review: ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേകി റാഫി-ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന 'വോയ്‌സ് ഓഫ് സത്യനാഥന്‍'. എക്കാലത്തും കുടുംബ പ്രേക്ഷകര്‍ക്ക് ചിരിവിരുന്ന് സമ്മാനിച്ചിരുന്ന കൂട്ടുകെട്ടില്‍ നിന്ന് ഇത്തവണ പിറന്നത് ശരാശരിയില്‍ ഒതുങ്ങിയ ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സിനിമയ്ക്ക് സാധിക്കുന്നില്ല. അഭിനേതാക്കളുടെ തരക്കേടില്ലാത്ത പ്രകടനത്തിനിടയിലും സിനിമയ്ക്ക് പ്രേക്ഷരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. 
 
സാധാരണക്കാരനായ സത്യനാഥന്‍ എന്നയാളുടെ കഥയാണ് സിനിമ പറയുന്നത്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന ബാലന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതം രക്ഷിക്കുന്നതിനു വേണ്ടി സത്യനാഥന്‍ നടത്തുന്ന പോരാട്ടങ്ങള്‍ നര്‍മ്മത്തിലും അല്‍പ്പം കാര്യഗൗരവത്തോടെയും പറഞ്ഞുവയ്ക്കുകയാണ് ചിത്രത്തില്‍.
 
പ്രതാപകാലത്തെ ദിലീപിന്റെ നിഴല്‍ പോലും ഇപ്പോള്‍ കാണാനില്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ. ചിരിപ്പിക്കാന്‍ വേണ്ടി കൃത്രിമത്വം നിറഞ്ഞ കോമഡി രംഗങ്ങളാണ് കൂടുതലും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അവിടെയെല്ലാം ദിലീപും റാഫിയും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിയാതെ പരാജയപ്പെടുന്നുണ്ട്. കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ പോലെ ദിലീപിന്റെ കഥാപാത്രം പ്രേക്ഷരെ മുഷിപ്പിക്കുകയാണ്. 
 
ജോജു ജോര്‍ജിന്റെ രംഗങ്ങളാണ് സിനിമയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന പ്രധാന ഘടകം. തിയറ്റര്‍ വിട്ടിറങ്ങിയാലും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് ജോജുവിന്റെ ബാലന്‍. കഥാഗതിയില്‍ നിര്‍ണായക പങ്കാണ് ജോജുവിന്റെ കഥാപാത്രം വഹിക്കുന്നത്. സിദ്ദിഖ്, ജോണി ആന്റണി എന്നിവരുടെ കോംബിനേഷന്‍ സീനുകളും ചില്ലറ തമാശകളും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. വീണാ നന്ദകുമാറിന്റെ പ്രകടനവും മികച്ചതാണ്. അനുപം ഖേര്‍ അതിഥി താരമായി എത്തുന്നുണ്ടെങ്കിലും വലിയ പ്രാധാന്യമൊന്നും ഈ കഥാപാത്രത്തിനില്ല. 
 
അമിത പ്രതീക്ഷകളൊന്നും ഇല്ലാതെ കുടുംബസമേതം കണ്ടുകളയാവുന്ന ഒരു ചിത്രം മാത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ അമിത പ്രതീക്ഷയര്‍പ്പിച്ച് ടിക്കറ്റെടുത്താല്‍ നിരാശയായിരിക്കും ഫലം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article