3 ഡോട്ട്‌സ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Webdunia
വെള്ളി, 22 മാര്‍ച്ച് 2013 (19:03 IST)
PRO
ആമേന്‍ കാണാനാണ് തിയേറ്ററിലേക്ക് ചെന്നത്. മാനേജരോട് വിളിച്ചുപറഞ്ഞിട്ടാണ് ചെന്നത്. അവിടെ എത്തിയപ്പോള്‍ ആ തിയേറ്ററില്‍ ‘3 ഡോട്ട്‌സ്’. തൊട്ടടുത്ത സെന്‍ററിലാണ് ആമേന്‍. അവിടെ എത്തണമെങ്കില്‍ ഒരു നൂറ് സ്റ്റെപ്പുകള്‍ കയറേണ്ടിവരും. അങ്ങനെ ആമേന്‍ ഉപേക്ഷിച്ചു. ‘3 ഡോട്ട്‌സ്’ കാണാന്‍ തീരുമാനിച്ചു.

3 ഡോട്ട്‌സ് ഞാന്‍ കാണാന്‍ ഉദ്ദേശിച്ചിരുന്ന പടമല്ല. സുഗീതിന്‍റെ ആദ്യപടം ഓര്‍ഡിനറി ഞാന്‍ കണ്ടതാണ്. സത്യം പറയാമല്ലോ, എനിക്കിഷ്ടമായില്ല. ഗവിയുടെ ഭംഗിയും ബിജുവിന്‍റെ പാലക്കാടന്‍ ഭാഷയുമല്ലാതെ എന്നെ ആകര്‍ഷിച്ച ഒരു ഘടകവും ആ സിനിമയിലില്ലായിരുന്നു. ക്ലൈമാക്സൊക്കെ നിരാശ മാത്രമാണ് നല്‍കിയത്. ആ പടം ഹിറ്റായപ്പോള്‍ അത്ഭുതം തോന്നി. സിനിമയുടെ ബോക്സോഫീസ് വിജയത്തിന് അടിസ്ഥാനമാകുന്ന ഘടകങ്ങള്‍ എന്തൊക്കെ എന്ന് തിരിച്ചറിയുന്നതില്‍ ഞാന്‍ സമ്പൂര്‍ണ പരാജയമാണെന്ന് തിരിച്ചറിഞ്ഞു.

അയാളും ഞാനും തമ്മില്‍ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ പ്രതാപ് പോത്തനോട് പ്രണയമാണ്. ഇത്രയും‌കാലം എവിടെയായിരുന്നു ഈ നടന്‍? സത്യത്തില്‍ 3 ഡോട്ട്‌സ് കാണാന്‍ കയറുമ്പോള്‍ എന്‍റെ ഏക സന്തോഷം പ്രതാപ് പോത്തന്‍ ഈ സിനിമയിലുണ്ട് എന്നതായിരുന്നു. പിന്നെ നല്ല ക്യാമറാവര്‍ക്ക് ഉണ്ടാകുമെന്ന വിശ്വാസവും. അതിലൊക്കെ ഉപരിയായി വിദ്യാസാഗറിന്‍റെ സംഗീതവും!

അടുത്ത പേജില്‍ - മൂന്ന് ജയില്‍പ്പുള്ളികള്‍!

PRO
രസമുള്ള സിനിമയാണ് ‘3 ഡോട്ട്‌സ്’. ഓര്‍ഡിനറിയോട് തോന്നിയ അതൃപ്തി ഈ സിനിമ കണ്ടപ്പോള്‍ മാറി. താങ്ക്‍സ് സുഗീത്. ആമേന്‍ കാണാന്‍ വന്നിട്ട് അത് കാണാതെ പോയതിലുള്ള നിരാശ മാറ്റാന്‍ താങ്കളുടെ ഈ സിനിമയ്ക്ക് കഴിഞ്ഞു. ക്ലീന്‍ എന്‍റര്‍ടെയ്നര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ. 3 ഡോട്ട്‌സ് എന്നാല്‍ മൂന്ന് പുള്ളികള്‍. അഥവാ മൂന്ന് ജയില്‍പ്പുള്ളികള്‍. ഇവര്‍ മഹാ തരികിടകളാണ്. ആ തരികിടകള്‍ക്കൊടുവിലാണ് ഇവര്‍ ജയിലിലാകുന്നത്.

വിഷ്ണു(കുഞ്ചാക്കോ ബോബന്‍), പപ്പന്‍(പ്രതാപ് പോത്തന്‍), ലൂയി(ബിജു മേനോന്‍) എന്നിവരാണ് ജയില്‍പ്പുള്ളികള്‍. അവര്‍ക്ക് ജയിലില്‍ വച്ച് മാനസാന്തരം വരുന്നു. അതിന് കാരണക്കാരന്‍ ഐസക്(നരേന്‍) എന്ന കൌണ്‍സിലറുടെ ക്ലാസുകളാണ്. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ഈ പുണ്യാളന്‍‌മാര്‍ക്കുണ്ടോ ജോലി കിട്ടുന്നു? ഒരു ആംബുലന്‍സ് സര്‍വീസൊക്കെ തുടങ്ങുന്നുവെങ്കിലും അതുകൊണ്ടൊന്നും കാര്യമില്ല. ഒടുവില്‍ ഐസക് ഒരു ജോലി ഏല്‍പ്പിക്കുന്നു. ഒരു ഡേ കെയര്‍ സെന്‍റര്‍.

ഐസകിന് വേണ്ടി അദ്ദേഹത്തിന്‍റെ മകനെ തട്ടിക്കൊണ്ടുവരാനുള്ള ചുമതല ഈ മൂന്ന് പുള്ളികളും ഏറ്റെടുക്കുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. ഈ കുട്ടിയുമായി മൂന്നുപേരും അടുത്ത ബന്ധം സ്ഥാപിക്കുന്നതോടെ ചിത്രം വഴിത്തിരിവിലെത്തുകയാണ്.

പാളിച്ചകളില്ലാത്ത തിരക്കഥയാണ് 3 ഡോട്ട്‌സിനെ ഒരു നല്ല സിനിമാനുഭവമാക്കി മാറ്റുന്നത്. രാജേഷ് രാഘവനെന്ന നവാഗതന്‍റേതാണ് തിരക്കഥ. മൂന്നാറിന്‍റെ ഭംഗി മുഴുവന്‍ ആവാഹിച്ച ഛായാഗ്രഹണവും സിനിമയുടെ മാറ്റ് കൂട്ടുന്നു. രസകരമായ ഒരു കഥ ദൃശ്യമികവോടെ ഒരുക്കുവാന്‍ സുഗീതിന് കഴിഞ്ഞു. ഓര്‍ഡിനറിയിലൂടെ നേടിയ വിജയം ഈ വര്‍ഷവും സുഗീത് ആവര്‍ത്തിക്കുമെന്ന് തീര്‍ച്ച.

അടുത്ത പേജില്‍ - ബിജു മേനോന്‍റെയും നരേന്‍റെയും സിനിമ!

PRO
പ്രതാപ് പോത്തന്‍റെ പ്രകടനങ്ങളായിരിക്കും ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് ഞാന്‍ കരുതിയെങ്കിലും അങ്ങനെയല്ല സംഭവിച്ചത്. ഈ സിനിമയുടെ രസകരമായ നറേഷന് ബിജു മേനോന്‍ എന്ന നടന്‍റെ ഗംഭീരമായ പകര്‍ന്നാട്ടമാണ് ഏറ്റവും ഗുണം ചെയ്യുന്നത്. ബിജു പ്രത്യക്ഷപ്പെടുന്ന ആദ്യ സീന്‍ മുതല്‍ തിയേറ്ററില്‍ കൈയടിയാണ്. ചെറിയ തമാശരംഗങ്ങളില്‍ പോലും ബിജുവിന്‍റെ സാന്നിധ്യം വലിയ ചിരിയലകള്‍ തീര്‍ക്കുന്നു.

നരേനാണ് ഈ സിനിമയിലൂടെ ബ്രേക്ക് കിട്ടുന്ന മറ്റൊരു താരം. ഐസക് എന്ന കഥാപാത്രമായി വ്യത്യസ്തവും പക്വവുമായ അഭിനയമാണ് നരേന്‍ കാഴ്ചവച്ചത്. ബിജുവിന്‍റെയും നരേന്‍റെയും സിനിമയായി 3 ഡോട്ട്‌സ് മാറുകയാണ്.

പ്രതാപ് പോത്തനും ചാക്കോച്ചനും മോശമായി എന്നല്ല. അവരവരുടെ കഥാപാത്രങ്ങളെ ഇരുവരും മികച്ചതാക്കി. എങ്കിലും ചാക്കോച്ചന്‍റെ ദിലീപ് ബാധ ഈ സിനിമയിലും ഒഴിഞ്ഞുപോയിട്ടില്ല.

വിദ്യാസാഗറിന്‍റെ സംഗീതം എടുത്തുപറയേണ്ടതാണ്. മൂന്ന് ഗാനങ്ങളും കൊള്ളാം. ഒരിടവേളയ്ക്ക് ശേഷമാണ് വിദ്യാസാഗറിന്‍റെ പാട്ടുകള്‍ മലയാളത്തിന് കിട്ടുന്നത്. എന്തായാലും എനിക്ക് സന്തോഷമായി. മനസ് നിറയ്ക്കുന്ന ഒരു സിനിമ കാണാന്‍ പറ്റി. 3 ഡോട്ട്‌സ് കുടുംബ പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ചൂസ് ചെയ്യാം.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്