സ്വപ്നസഞ്ചാരി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Webdunia
വെള്ളി, 25 നവം‌ബര്‍ 2011 (17:09 IST)
PRO
ഞാന്‍ ‘സ്വപ്നസഞ്ചാരി’ കണ്ടില്ല. മലയാള സിനിമയുടെ സമരകാലത്തിന് അന്ത്യം കുറിക്കുന്ന സിനിമ കാണണം എന്നുണ്ടായിരുന്നു. പക്ഷേ, അധികം അകലെയല്ലാതെ തിയേറ്റര്‍ ഉണ്ടായിട്ടും പോകാനാവില്ല. ഡ്രൈവ് ചെയ്ത് പോകാന്‍ വയ്യ. പിന്നെ രോഗത്തിന്‍റെ വേദന. ഒറ്റപ്പെട്ടതിന്‍റെ അസ്വസ്ഥത. ജോസഫ് ജെസെന്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല. വിച്ചുവും അമ്മുവും അദ്ദേഹത്തിനൊപ്പമാണ്. എനിക്കൊപ്പം ഒരു ജോലിക്കാരിയുണ്ട്. ജോലിക്കാരി എന്നുവിളിക്കാനാവില്ല. എനിക്ക് ഫുഡ് തരുന്നത്, മുടികൊഴിഞ്ഞ എന്‍റെ തലയില്‍ എണ്ണ തേയ്ക്കുന്നത്, കുളിപ്പിക്കുന്നത്, രാത്രി ഉറങ്ങുവോളം എന്നോട് സംസാരിച്ചിരിക്കുന്നത് ഒക്കെ അവരാണ്.

‘സ്വപ്നസഞ്ചാരി’യുടെ റിവ്യൂ ഞാന്‍ എഴുതണമെന്നാണ് ആഗ്രഹിച്ചത്. അതിന് കഴിയില്ലെന്ന് വന്നപ്പോള്‍ മലയാളം വെബ്ദുനിയയിലെ കെവിന്‍ അല്‍ഫോണ്‍സ് ചെയ്യുന്നു എന്നുപറഞ്ഞു. എന്നാല്‍ ഒടുവില്‍ ഞാന്‍ തീരുമാനിച്ചു, അവന്‍ സിനിമ കാണട്ടെ. അവനോട് ഫോണില്‍ വിളിച്ച് സംസാരിക്കാം. അത് വെബ്‌ദുനിയയില്‍ എഴുതാം.

ഇതൊരു റിവ്യൂ അല്ല. സ്വപ്നസഞ്ചാരി കണ്ട കെവിന്‍ അല്‍‌ഫോണ്‍സുമായുള്ള ഫോണ്‍ സംഭാഷണമാണ്.

കെവിന്‍... എന്താണ് ഒറ്റവാചകത്തില്‍ സ്വപ്നസഞ്ചാരി? സിനിമ എങ്ങനെയുണ്ട്?

ഒരു ശരാശരി മലയാളിയുടെ പൊങ്ങച്ചത്തെയും എടുത്താല്‍ പൊങ്ങാത്ത ആഗ്രഹങ്ങളെയും വിമര്‍ശിക്കുന്ന സിനിമയാണ് സ്വപ്നസഞ്ചാരി. ഒരു ശരാശരി സിനിമ മാത്രം. കമല്‍ എന്ന സംവിധായകന്‍ മുമ്പ് നല്‍കിയിട്ടുള്ള സിനിമകള്‍ വച്ചുനോക്കുമ്പോള്‍ വളരെ മോശം നിലവാരം. ഒറ്റവരിയില്‍ രസകരമായ കഥയാണെന്ന് തോന്നുമെങ്കിലും നല്ല മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നതിലും അസ്വാഭാവികതയില്ലാതെ കഥ പറയുന്നതിലും ചിത്രം പരാജയമാണ്. തമാശകള്‍ നിറയെയുള്ള സിനിമയാണെന്ന് പോസ്റ്ററുകളും ട്രെയിലറും കണ്ടാല്‍ തോന്നും. പക്ഷേ തിയേറ്ററില്‍ നമ്മളെ കാത്തിരിക്കുന്നത് അതൊന്നുമല്ല.

ജയറാം എങ്ങനെയുണ്ട്? എങ്ങനെയാണ് അദ്ദേഹത്തിന്‍റെ കഥാപാത്രം?

വെറുതെ ഒരു ഭാര്യയിലെ സുഗുണന്‍റെ മാനറിസങ്ങള്‍ തന്നെയുള്ള ഒരു കഥാപാത്രമാണ് അജയചന്ദ്രന്‍ നായര്‍. സിനിമയുടെ തുടക്കത്തില്‍ ആള്‍ ദാരിദ്ര്യത്തിലാണ്. ജോലി ഒരു ഓഫീസിലെ പ്യൂണ്‍. ഭാര്യ(സംവൃത)യും മകളുമുണ്ട്. അച്ഛനായി ഇന്നസെന്‍റ്. അജയചന്ദ്രന്‍ നായര്‍ക്ക് ഒരു ഗള്‍ഫ് വിസ കിട്ടുന്നു. ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നത് ഒരു പണക്കാരനായാണ്. പിന്നീട് കഥയും അജയനും ആകെ മാറുകയാണ്. അയാളുടെ പൊങ്ങച്ചവും ആര്‍ഭാടജീവിതവുമാണ് ആദ്യ പകുതി.

അടുത്ത പേജില്‍ - ആദ്യപകുതി, ഷോപ്പിംഗോടു ഷോപ്പിംഗ്!

PRO
പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടോ ചിത്രം? കെവിന്‍റെ അഭിപ്രായത്തില്‍ എന്താണ് സ്നേഹസഞ്ചാരിയുടെ പോരായ്മ?

മോശം തിരക്കഥ തന്നെയാണ് ചിത്രത്തിന്‍റെ പോരായ്മ. ‘വെറുതെ ഒരു ഭാര്യ’യുടെ കെട്ട് ഗിരീഷ്കുമാറിനെ വിട്ടുപോയിട്ടില്ല. ഡയലോഗുകള്‍ പലപ്പോഴും ആ ചിത്രത്തെ ഓര്‍മ്മിപ്പിക്കും. പിന്നെ ആദ്യ പകുതി. ഷോപ്പിംഗോടു ഷോപ്പിംഗാണ് നായകനും കുടുംബവും. മറ്റൊന്നും കാണിക്കാനില്ലാത്ത അവസ്ഥ. കാറും തിയേറ്ററുമൊക്കെ വാങ്ങിക്കൂട്ടി അടിച്ചുപൊളിച്ച് ജീവിക്കുകയാണ് നായകന്‍. ഭാര്യയും അച്ഛനുമൊന്നും അയാളുടെ സ്വഭാവക്കാരല്ല. അവരുടെ ജീവിതം മാറിയിട്ടുമില്ല. പലപ്പോഴും നായകന്‍റെ പെരുമാറ്റം കാണുമ്പോല്‍ ആ കഥാപാത്രത്തിന് ഇത്തിരി വട്ടുണ്ടോ എന്നുതോന്നും. ജയറാമായതുകൊണ്ടുമാത്രം പ്രേക്ഷകര്‍ തിയേറ്ററില്‍ ഇരിക്കുകയാണ്.

രണ്ടാം പകുതിയില്‍ ചിത്രം എങ്ങനെയുണ്ട്?

ആദ്യപകുതി പോലെ മുഷിപ്പിച്ചില്ല. നല്ല ഒഴുക്കുണ്ട്. സാധാരണ കമല്‍ ചിത്രങ്ങള്‍ രണ്ടാം പകുതിയിലാണ് മോശമാകാറ്‌. അഴകിയ രാവണന്‍, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടില്ലേ. സ്വപ്നസഞ്ചാരി പക്ഷേ രണ്ടാം പകുതിയില്‍ കണ്ടിരിക്കാം. അജയന് എല്ലാം നഷ്ടമാകുന്നു. അയാള്‍ ഒരു തിരിച്ചറിവിലേക്ക് എത്തുകയാണ്. ആര്‍ഭാടം കാട്ടലും പൊങ്ങച്ചവുമൊന്നുമല്ല ജീവിതമെന്ന്. അതുതന്നെയാണ് സിനിമയുടെ സന്ദേശവും.

ഗാനങ്ങള്‍ എങ്ങനെയുണ്ട്? മറ്റ് അഭിനേതാക്കളുടെ അഭിനയം?

ഗാനങ്ങള്‍ കുഴപ്പമില്ല. കേള്‍ക്കാന്‍ രസമുണ്ട്. മനസില്‍ നില്‍ക്കുന്നത് ‘വെള്ളാരം കുന്നിലേറി..’ എന്ന പാട്ടാണ്. നന്നായി വിഷ്വലൈസ് ചെയ്തിട്ടുണ്ട്. എം ജയചന്ദ്രന്‍റേതാണ് സംഗീതം. അഴകപ്പന്‍റെ ഛായാഗ്രഹണവും കൊള്ളാം. അഭിനേതാക്കളുടെ കാര്യം, ഇതിപ്പോ ജയറാമിനല്ലാതെ മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യാനില്ല. വെറുതെ ഒരു ഭാര്യയില്‍ സിന്ധു എന്ന കഥാപാത്രത്തിന് പകരം ഇവിടെ രശ്മി എന്ന് പേരുമാറി എന്നേയുള്ളൂ. സംവൃതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമൊന്നുമല്ല. ജയറാമിന്‍റെ അച്ഛന്‍ അച്യുതന്‍ നായരായി എത്തുന്ന ഇന്നസെന്‍റും ഒരു പതിവ് കഥാപാത്രം മാത്രം. അല്‍പ്പം ഭേദപ്പെട്ടതായി തോന്നിയത് സലിം കുമാറിന്‍റെ പ്രകടനമാണ്. അവിടെയും വലിയ തമാശയൊന്നും പ്രതീക്ഷിക്കേണ്ട. കാര്യം സീരിയസാണ്.

അടുത്ത പേജില്‍ - സ്വപ്നസഞ്ചാരിയുടെ ബോക്സോഫീസ് ഭാവി

PRO
അപ്പോ നര്‍മ്മ മധുരമായ സിനിമയെന്നൊക്കെ പറയുന്നതോ? അങ്ങനെയൊന്നും പ്രതീക്ഷിക്കേണ്ട?

എന്തോന്നു നര്‍മം ചേച്ചീ? ചിത്രം തുടങ്ങുന്നത് വലിയ ഉരുള്‍പൊട്ടലും ബഹളവുമായാണ്. ഫ്ലാഷ് ബാക്കിലാണ് കഥ പറയുന്നത്. നര്‍മ്മത്തിലൂടെ കഥ പറയണമെന്ന് സംവിധായകനും തിരക്കഥാകൃത്തിനുമൊക്കെ ആഗ്രഹം കാണും. അതൊന്നും സിനിമയില്‍ വന്നിട്ടില്ല. ഞാന്‍ മനസുതുറന്ന് ചിരിച്ചത് കലാഭവന്‍ ഷാജോണിന്‍റെ ഒരു തമാശയ്ക്ക് മാത്രമാണ്. ബാക്കിയൊക്കെ സഹതാപം തോന്നും. ശരിക്കും നിരാശ തോന്നി. നല്ല സംവിധായകര്‍ പോലും വ്യത്യസ്തമായ കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെടുന്നു.

എന്തായിരിക്കും കെവിന്‍ ഈ സിനിമയുടെ ബോക്സോഫീസ് ഭാവി?

അത് ഇപ്പോള്‍ പറയാനാവില്ല. കുറച്ചുനാള്‍ മലയാള സിനിമ കാണാതിരുന്ന മലയാളികള്‍ ഈ സിനിമ ഗുണനിലവാരം നോക്കാതെ ഏറ്റെടുത്താല്‍ ഹിറ്റായേക്കും. എന്താണെന്നറിയുമോ ചേച്ചീ, ഏതു കൊച്ചുകുട്ടിക്കും പ്രഡിക്റ്റ് ചെയ്യാവുന്ന കഥാഗതിയാണ് സിനിമയ്ക്കുള്ളത്. പടത്തിന്‍റെ കാല്‍ഭാഗം കാണുമ്പൊഴേ അറിയാം ക്ലൈമാക്സ് ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന്. മലയാളി പ്രേക്ഷകര്‍ മലയാളം സിനിമകള്‍ മാത്രമല്ലല്ലോ കാണുന്നത്. ഇപ്പോള്‍ ദേ, തമിഴ് പടം ‘മയക്കം എന്ന’ നല്ല റിപ്പോര്‍ട്ട് വരുന്നു. ‘എങ്കേയും എപ്പോതും’ ഗംഭീര സിനിമയായിരുന്നു. ഇതൊക്കെ കാണുന്ന മലയാളി സ്വപ്നസഞ്ചാരി വിജയിപ്പിച്ചാല്‍ ഭാഗ്യം.

കെവിന് നന്ദി പറഞ്ഞു ഫോണ്‍ വച്ചു. വേദന തോന്നി, ഏറെ പ്രതീക്ഷിച്ച ഒരു സിനിമയെക്കുറിച്ച് നല്ലവാക്കുകള്‍ ഒന്നും കേള്‍ക്കാതിരുന്നതില്‍. ഏറെനേരം വെറുതേയിരുന്നു. ഫോണ്‍ ചിലച്ചപ്പോള്‍ ഞെട്ടി. അമ്മുവാണ് - “മമ്മാ... ഹൌ ആര്‍ യു.. പെയിന്‍ ഉണ്ടോ?”

എന്‍റെ വാക്കുകള്‍ വിറച്ചു - “ഫൈന്‍, കുഞ്ഞേ... നോ പെയിന്‍... മമ്മയ്ക്ക് സുഖമാണ്”.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്