ഇതൊരു പ്രണയചിത്രമാണ്. ഒരു ട്രയാംഗിള്‍ ലവ് സ്റ്റോറി. ചാര്‍ളി(ദിലീപ്) ആണ് നായക കഥാപാത്രം. സ്പാനിഷ് സുന്ദരി കമീല(ഡാനിയേല സാഷേള്‍) നായികയും. ഇവര്‍ക്കിടയില്‍ ഒരാള്‍ കൂടിയുണ്ട് - രാഹുല്‍(കുഞ്ചാക്കോ ബോബന്‍). ഇവരുടെ കഥയാണ് ‘സ്പാനിഷ് മസാല’.
സിനിമ തുടങ്ങി ഒരു പത്തുമിനിറ്റിന് ശേഷം ഒരു കത്തിക്കയറലാണ്. പിന്നീട് ചിരി നിര്‍ത്തിയത് ഇന്‍റര്‍വെല്ലിനാണ്. അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിപ്പിച്ച ഒരു സിനിമയില്ല. ദിലീപ് നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ദിലീപിനെ വെല്ലുന്ന ഒരു താരം ഈ സിനിമയിലൂടെ ഉദിച്ചിരിക്കുന്നു!
അതൊരു സര്‍പ്രൈസാണ്....ഗസ് ചെയ്യാമോ? ഇല്ല, അല്ലെങ്കില്‍ പറഞ്ഞേക്കാം. നെല്‍സണ്‍! ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് പരിപാടിയില്‍ കണ്ടിട്ടുണ്ട് ഈ കക്ഷിയെ. സിനിമയിലെത്താന്‍ ഇത്ര വൈകിയതെന്താണാവോ? ഉറപ്പിച്ചു പറയാം, സുരാജ് വെഞ്ഞാറമ്മൂടിന് നെല്‍സണ്‍ ഒന്നാന്തരം എതിരാളിയായി മാറും.
പാപ്പന്‍ എന്ന കഥാപാത്രമായി നെല്‍സണ്‍ തകര്‍ത്തുവാരിയ ആദ്യ പകുതിയുടെ ആലസ്യത്തിലാണ് രണ്ടാം പകുതിയിലേക്ക് കടക്കുന്നത്. അവിടെ സംഗതി അല്‍പ്പം സീരിയസാണ്. എങ്കിലും ബോറടിപ്പിക്കുന്നില്ല. പെട്ടെന്ന് അവസാനിച്ചു എന്ന് തോന്നിപ്പിക്കുന്ന ക്ലൈമാക്സും. എങ്കിലും പ്രേക്ഷകര്‍ സന്തുഷ്ടരാണ്. സിനിമ അവസാനിച്ചപ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നു.
അടുത്ത പേജില്‍ -
കുഞ്ചാക്കോ ബോബന് സംഭവിച്ചത്...
ദിലീപ് അവതരിപ്പിക്കുന്ന ചാര്‍ളി എന്ന കഥാപാത്രം സ്പെയിനിലെത്തിയത് ഒരു മിമിക്രി പരിപാടി അവതരിപ്പിക്കാനാണ്. പക്ഷേ ചാര്‍ളിക്ക് തിരിച്ചുപോരാനായില്ല. അവന് ആകെ അറിയാവുന്നത് മലയാളവും. അന്യരാജ്യത്ത് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാതെ, ഭാഷ വശമില്ലാതെ, പണമില്ലാതെ അവന്‍ കുറേ കഷ്ടപ്പെട്ടു. പിന്നെ ഒരു ഹോട്ടലില്‍ ജോലി കിട്ടി. അവിടെ നിന്ന് കമീല എന്ന സുന്ദരിപ്പെണ്ണിന്‍റെ വീട്ടിലേക്കും മനസ്സിലേക്കും.
അവള്‍ സ്പെയിന്‍കാരിയാണ്. അവളുടെ അച്ഛന്‍ ഫിലിപ്പ് ആദം ഇന്ത്യയിലെ സ്പെയിന്‍ അംബാസഡറായിരുന്നു. അവള്‍ ജനിച്ചത് ഇന്ത്യയിലാണ്. മാത്രമല്ല, അവള്‍ക്കൊരു കാമുകനുണ്ട് - രാഹുല്‍. അവള്‍ നന്നായി മലയാളം പറയുകയും ചെയ്യും. എന്തായാലും അത് ചാര്‍ളിക്ക് തുണയായി.
അവിടെ നിന്ന് കമീലയുടെയും ചാര്‍ളിയുടെയും പ്രണയജീവിതം തുടങ്ങുകയാണ്. രാഹുല്‍ നഷ്ടപ്പെടുന്നതോടെ കഠിനവ്യഥയിലായ കമീല രക്ഷതേടുന്നത് ചാര്‍ളിയിലാണ്. രണ്ടാം പകുതിയില്‍ കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രത്തിന് പ്രാധാന്യമേറെയാണ്.
ചിത്രത്തിന്‍റെ 95 ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് സ്പെയിനിലാണ്. ലോകനാഥനാണ് ക്യാമറ. സ്പെയിനില്‍ ചിത്രീകരിച്ച ഒരു ഹിന്ദിച്ചിത്രം അടുത്തിടെ കണ്ടിരുന്നു - സിന്ദഗി ന മിലേഗി ദൊബാര. ആ സിനിമയില്‍ കണ്ട ലാ ടൊമാറ്റിന(തക്കാളിയേറ്)യുടെയും പാംപ്ലോണയിലെ കാളയോട്ടത്തിന്‍റെയും മനോഹാരിത എന്തായാലും സ്പാനിഷ് മസാലയില്‍ അവ ചിത്രീകരിച്ചപ്പോള്‍ കാണുന്നില്ല. അങ്ങനെ താരതമ്യപ്പെടുത്താമോ? സിന്ദഗി ന മിലേഗി ദൊബാര 55 കോടി ചെലവിലെടുത്ത പടം. സ്പാനിഷ് മസാലയോ? അഞ്ച് കോടി. (യാത്രീ... വിമര്‍ശിക്കുമ്പോള്‍ വസ്തുതകള്‍ ഉള്‍ക്കൊള്ളണ്ടേ?)
അടുത്ത പേജില്‍ -
പൊട്ടിച്ചിരിയുടെ പൂരം!
ചിരിച്ചുചിരിച്ച് കുഴഞ്ഞുപോയ ചില രംഗങ്ങളുണ്ട് സ്പാനിഷ് മസാലയില്‍. ബോസിനെ ചെസ് കളിച്ച് തോല്‍പ്പിച്ച ശേഷം ദിലീപ് ചിരിക്കുന്ന ആ ചിരി. അയ്യോ...ഓര്‍ത്തിട്ട് ഇപ്പോഴും ചിരിപൊട്ടുന്നു. ഇതിന് മുമ്പ് ഇങ്ങനെ ഞാന്‍ ‘ചിരിരംഗം’ കണ്ട് ചിരിച്ചത് ചന്ദ്രലേഖയിലും ഫ്രണ്ട്സിലുമാണ്. ചന്ദ്രലേഖയില്‍ മോഹന്‍ലാലും ഫ്രണ്ട്സില്‍ ശ്രീനിവാസനുമാണെങ്കില്‍ ഇവിടെ അവരെ വെല്ലുന്ന പ്രകടനമാണ് ദിലീപ് കാഴ്ചവയ്ക്കുന്നത്.
പിന്നെ, ബോസിനെ തെറി വിളിച്ചിട്ട് ദിലീപ് സോറി പറയുന്ന രംഗം. ഇതൊക്കെ ലാല്‍ ജോസിനെപ്പോലെ നല്ല നര്‍മമുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ വൈഭവമുള്ള സംവിധായകരുടെ സിനിമകളില്‍ മാത്രം കാണാല്‍ കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ്. പിന്നെ നെല്‍സന്‍റെ ഓരോ ഡയലോഗിനും ഓരോ നോട്ടത്തിനു പോലും ചിരിയുണര്‍ന്നു.
ബിജുമേനോന്‍, വിനയപ്രസാദ്, സ്പെയിന്‍ താരങ്ങള്‍ തുടങ്ങി എല്ലാവരും മികവു പുലര്‍ത്തി. കുഞ്ചാക്കോ ബോബന്‍ തന്‍റെ കഥാപാത്രത്തോട് നീതിപുലര്‍ത്തി. ഗാനങ്ങള്‍ ഒന്നും തന്നെ ചുണ്ടില്‍ പെട്ടെന്ന് തെളിയുന്നവയല്ല. അവ സിനിമയ്ക്കൊപ്പം കേട്ടും കണ്ടും ആസ്വദിക്കുക മാത്രം. വിദ്യാസാഗറാണ് സംഗീതം. എങ്കിലും ‘അക്കരെ നിന്നൊരു...’ എന്ന ഗാനം വിശേഷമായി.
അടുത്ത പേജില്‍ -
ചാങ് ഷുമിനെപ്പോലെ ഡാനിയേലയും...
‘അറബിക്കഥ’ എന്ന ചിത്രത്തിലൂടെ മലയാളത്തിന് ചാങ് ഷുമിനെ പരിചയപ്പെടുത്തിയ ലാല്‍ ജോസ് ‘സ്പാനിഷ് മസാല’യിലൂടെ ഡാനിയേല എന്ന സ്പാനിഷ് സുന്ദരിയെ കൊണ്ടുവരുന്നു. നല്ല അഭിനേത്രിയാണ് ഡാനിയേല. അതീവ സുന്ദരിയും. ഈ ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം ഡാനിയേല തന്നെ.
ദിലീപിന്‍റെ വണ്‍മാന്‍ഷോയെന്നുപോലും വിലയിരുത്താവുന്ന പ്രകടനമാണ് ജനപ്രിയനായകന്‍ ഈ സിനിമയില്‍ കാഴ്ചവയ്ക്കുന്നത്. ഒറ്റയ്ക്ക് സിനിമയെ മുന്നോട്ടുകൊണ്ടുപോകുകയാണ്. തിരക്കഥ പാളുന്നു എന്ന് തോന്നുന്നയിടത്തൊക്കെ ദിലീപിന്‍റെ പെര്‍ഫോമന്‍സാണ് ചിത്രത്തെ രക്ഷപ്പെടുത്തുന്നത്.
ലാല്‍ ജോസിന്‍റെ ഏറ്റവും മികച്ച ചിത്രമല്ല ‘സ്പാനിഷ് മസാല’. എന്നാല്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതില്‍ സിനിമ വിജയിച്ചിരിക്കുന്നു. നല്ല കൈയടക്കത്തോടെ കഥ പറയാന്‍ ലാല്‍ ജോസിനായിട്ടുണ്ട്. ബെന്നി പി നായരമ്പലം കുറ്റമറ്റ ഒരു തിരക്കഥയല്ല ലാല്‍ ജോസിന് നല്‍കിയിരിക്കുന്നത്. രണ്ടാം പകുതിയില്‍ പലപ്പോഴും കഥയില്ലായ്മയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവിടെയൊക്കെ ലാല്‍ ജോസ് എന്ന സംവിധായകന്‍റെയും ദിലീപ് എന്ന അസാമാന്യ കോമഡി ടൈമിംഗ് ഉള്ള നടന്‍റെയും സാന്നിധ്യമാണ് സ്പാനിഷ് മസാലയെ വീഴാതെ താങ്ങിനിര്‍ത്തുന്നത്.
അറബിയും ഒട്ടകവും, വെള്ളരിപ്രാവിന്‍റെ ചങ്ങാതി, വെനീസിലെ വ്യാപാരി, അസുരവിത്ത്, കുഞ്ഞളിയന്‍, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ തുടങ്ങി നിരാശ മാത്രം സമ്മാനിച്ച സിനിമകള്‍ക്കൊടുവില്‍ പ്രേക്ഷകര്‍ക്ക് നിറഞ്ഞ് ചിരിക്കാന്‍ ഒരു നല്ല സിനിമ വന്നിരിക്കുന്നു. ‘സ്പാനിഷ് മസാല’ മികച്ച വിജയമാകുമെന്ന് പ്രതീക്ഷിക്കാം. നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഈ സ്പെയിന്‍ യാത്ര അവിസ്മരണീയമായിരിക്കും.