വൈറ്റ്: വീഞ്ഞും കുപ്പിയും പഴയത്!

Webdunia
ശനി, 30 ജൂലൈ 2016 (20:18 IST)
പ്രണയകഥ പറയുന്ന സിനിമകളില്‍ മമ്മൂട്ടി അങ്ങനെയങ്ങ് ചേര്‍ന്ന് നില്‍ക്കുന്ന ഒരു നായകനാണോ? എടുത്തുപറയാന്‍ പറ്റുന്ന പ്രണയചിത്രങ്ങള്‍ അങ്ങനെയൊന്നും മമ്മൂട്ടിയുടേതായി ഇല്ലെങ്കിലും ചില സിനിമകളിലൊക്കെ ഉള്ളുപൊള്ളിക്കുന്ന പ്രണയനായകനായി മാറാന്‍ മമ്മൂട്ടിക്ക് കഴിയാറുണ്ട്. കാണാമറയത്ത്, കൂടെവിടെ?, മഴയെത്തും മുന്‍‌പെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, യാത്ര, ശ്യാമ, അഴകിയ രാവണന്‍, ഒരു വടക്കന്‍ വീരഗാഥ, ഉദ്യാനപാലകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, അനശ്വരം തുടങ്ങി എടുത്തുപറയാന്‍ കഴിയുന്ന സിനിമകള്‍ മമ്മൂട്ടിയുടേതായി ആ കാറ്റഗറിയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിന്‍റെ പ്രണയനായകനായിരുന്നില്ല ഒരിക്കലും മമ്മൂട്ടി.
 
ഇപ്പോള്‍ മമ്മൂട്ടിയുടെ ഒരു പ്രണയചിത്രം വന്നിരിക്കുകയാണ്. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത ‘വൈറ്റ്’. ബോളിവുഡ് നായിക ഹ്യുമ ഖുറേഷിയാണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായിക. വലിയ പ്രായവ്യത്യാസമുള്ള നായകനും നായികയും അതെല്ലാം മറന്ന് പ്രണയിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
 
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ‘വൈറ്റ്’ വെളിച്ചം കാണുന്നത്. അതുകൊണ്ടുതന്നെ എന്തായിരിക്കും ഈ സിനിമയുടെ ഉള്ളടക്കം, എങ്ങനെയാണ് ഇത് പ്രസന്‍റ് ചെയ്തിരിക്കുന്നത് എന്നതിലൊക്കെ ക്യൂരിയോസിറ്റി ഉണ്ടായിരുന്നു. എന്നാല്‍ അത്തരം ആകാംക്ഷകളെല്ലാം ഒരു വശത്തേക്ക് മാറ്റിയൊതുക്കിക്കൊണ്ട് ഒരു ശരാശരി സിനിമയാണ് ഉദയ് അനന്തന്‍ സമ്മാനിച്ചിരിക്കുന്നത്.
 
പ്രകാശ് റോയ് എന്ന വിഭാര്യനായ നായകനായാണ് മമ്മൂട്ടി എത്തുന്നത്. രോഷ്നി എന്നാണ് ഹ്യുമ അവതരിപ്പിക്കുന്ന നായികയുടെ പേര്. തന്‍റെ ഭാര്യയുമായി ഏറെ സാമ്യതകളുള്ള രോഷ്നിയെ നായകന്‍ കണ്ടുമുട്ടുന്നിടത്ത് കഥ തുടങ്ങുന്നു. ആദ്യമൊന്നും പ്രകാശിനെ ഇഷ്ടമില്ലാതിരുന്ന രോഷ്നി പിന്നീട് അയാളെ പ്രണയിച്ചുതുടങ്ങുന്നു.
 
ആര്‍ക്കും പ്രവചിക്കാവുന്ന ഒരു കഥയില്‍ ഒട്ടും പ്രത്യേകതകളില്ലാത്ത രംഗങ്ങള്‍ കൂടിയാകുമ്പോള്‍ വൈറ്റ് എന്ന സിനിമ പ്രേക്ഷകന് പുതുതായി ഒരനുഭവവും സമ്മാനിക്കുന്നില്ല. പല രംഗങ്ങളും അസ്വാഭാവികത നിറഞ്ഞതും കൃത്രിമവുമാകുമ്പോള്‍ വൈറ്റ് പ്രത്യേകിച്ചൊരു വികാരവുമില്ലാത്ത സിനിമയായി മാറുന്നു.
 
മമ്മൂട്ടിക്ക് ഒരു നടന്‍ എന്ന നിലയില്‍ യാതൊരു വെല്ലുവിളിയും ഉയര്‍ത്താത്ത കഥാപാത്രമാണ് വൈറ്റിലെ പ്രകാശ് റോയ്. വൈറ്റ് എന്ന പേര് എങ്ങനെ ഈ സിനിമയുടെ കഥയുമായി സിങ്കാകുന്നു എന്നതിനും സൂചനകളില്ല. ഹ്യുമ ഖുറേഷി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. എന്നാല്‍ ഡബ്ബിംഗില്‍ ആ കഥാപാത്രത്തിന്‍റെ ചാരുത മുഴുവന്‍ നഷ്ടമായി.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
സിദ്ദിക്കിനെയും കെ പി എ സി ലളിതയെയും പോലെ അസാധാരണപ്രതിഭകളായ അഭിനേതാക്കള്‍ അനവധി പേര്‍ ഈ സിനിമയിലുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും പെര്‍ഫോം ചെയ്യാന്‍ സ്കോപ്പുള്ള സിനിമയല്ല വൈറ്റ്. ഒരു പ്രണയകഥ വളരെ സിംപിളായി പറയാമെന്നിരിക്കേ ചിത്രത്തിന്‍റെ അവസാനം ആവശ്യമില്ലാത്ത കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുന്നുണ്ട് സംവിധായകന്‍. ഇഴയുന്ന ആഖ്യാനവും തത്വചിന്ത കുത്തിനിറച്ച ഡയലോഗുകളും സിനിമയ്ക്ക് തിരിച്ചടിയാണ്. 
 
മനോഹരമായ ഛായാഗ്രഹണവും ലൊക്കേഷനുമാണ് ഈ സിനിമയുടെ പ്ലസ് പോയിന്‍റ്. ലണ്ടന്‍റെ മനോഹാരിത മുഴുവന്‍ അനുഭവവേദ്യമാക്കാന്‍ ഛായാഗ്രാഹകനായ അമര്‍ജീത് സിംഗിന് കഴിഞ്ഞു. എന്നാല്‍ കഥയില്ലായ്മയും പുതുമയില്ലാത്ത ആഖ്യാനവും ഈ സിനിമയെ പലപ്പോഴും ഒരു വിരസാനുഭവമാക്കി മാറ്റി. രാഹുല്‍ രാജിന്‍റെ സംഗീതം കഥയുടെ മന്ദതാളത്തോട് ചേര്‍ന്നുപോകുന്നു. 
 
തിരക്കഥയും സംഭാഷണവുമൊക്കെ പലപ്പോഴും പാളി. മനസില്‍ തൊടുന്ന ഒരു കഥാമുഹൂര്‍ത്തമെങ്കിലും സൃഷ്ടിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. കടുത്ത മമ്മൂട്ടി ആരാധകര്‍ക്ക് മാത്രം റെക്കമെന്‍റ് ചെയ്യുന്നു.
 
Rating: 2/5
Next Article