ലിവിംഗ് ടുഗെദര്‍ - ഫാസിലിനെ മലയാളിക്ക് നഷ്ടമായി!

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2011 (15:11 IST)
PRO
“നമ്മള്‍ എന്താ ഇങ്ങനെ?” നായിക ഇങ്ങനെ ചോദിക്കുമോ എന്നു ഭയന്നു. “ഇതാ നിങ്ങളുടെ മകള്‍. ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തിരിച്ചേല്‍പ്പിക്കുന്നു” എന്ന് നായകന്‍ ത്യാഗം ചെയ്യുമോ എന്ന് ആശങ്കപ്പെട്ടു. ലിവിംഗ് ടുഗെദര്‍ എന്ന ഫാസില്‍ ചിത്രം കളിക്കുന്ന തിയേറ്ററിലേക്ക് കയറുന്നതിന് മുമ്പ് എനിക്കുണ്ടായ വിചാരങ്ങളാണിവ. അനിയത്തിപ്രാവ്, കൈയെത്തും ദൂരത്ത് തുടങ്ങിയ സിനിമകളില്‍ നായകനും നായികയും ആവര്‍ത്തിച്ച് ചെടിപ്പിച്ച ഡയലോഗുകളാണവ.

സിനിമ തീര്‍ന്നു. തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ എനിക്ക് ചിരി വന്നു. എന്‍റെ മണ്ടത്തരം. ഫാസിലില്‍ നിന്ന് ഓരോ തവണയും ഒരത്ഭുതം പ്രതീക്ഷിക്കുന്ന എന്‍റെ ആനമഠയത്തരം. ഇനിമേല്‍ ഫാസില്‍ എന്ന പേരിന്‍റെ കാല്‍പ്പനികതയില്‍ മയങ്ങി സമയം വേസ്റ്റ് ചെയ്യേണ്ട എന്ന് തീരുമാനമെടുത്തു. ഇതും പാലിക്കാനായില്ലെന്നുവരും. കാരണം എപ്പോഴാണ് ഒരു മണിച്ചിത്രത്താഴോ, സൂര്യപുത്രിയോ ഫാസിലില്‍ നിന്നുണ്ടാവുകയെന്ന് പറയുക വയ്യല്ലോ. സച്ചിന്‍ എല്ലാ മത്സരങ്ങളിലും സെഞ്ച്വറിയടിക്കുമെന്ന് നമുക്ക് ആഗ്രഹിക്കാം. അത് നടന്നില്ലെങ്കിലും.

ഫാസില്‍ സംവിധാനം ചെയ്തതില്‍ വച്ച് ഏറ്റവും മോശം സിനിമയാണ് ലിവിംഗ് ടുഗെദര്‍. വളരെ ബുദ്ധിമുട്ടിയാണ് സിനിമ തീരുന്നതു വരെ തിയേറ്ററിനുള്ളില്‍ ഇരുന്നത്. ഫാസിലെഴുതിയ ഓരോ ഡയലോഗിനും നായികയുടെയും നായകന്‍റെയും ഓരോ എക്സ്പ്രഷനും കൂവലും പരിഹാസ കമന്‍റുകളും ഉയര്‍ന്നത് എന്നിലെ ഫാസില്‍ ആരാധികയെ നിരാശയാക്കി. ഒരു പ്രതിഭ എന്തുകൊണ്ടാണിങ്ങനെ നിലവാരം താഴ്ന്ന സിനിമകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്നത്?

അടുത്ത പേജില്‍ - കഥ പറഞ്ഞ് കൊല്ലുന്ന സംവിധായകന്‍

PRO
കഥ പറയുന്നതിന് പല രീതികളുണ്ട്. ഓരോ സംവിധായകനും ഓരോ സ്റ്റൈല്‍. ‘എക്സ്പെക്റ്റ് ദി അണ്‍‌എക്സ്പെക്റ്റഡ്’ എന്ന രീതി പരീക്ഷിക്കുന്ന സംവിധായകനാണ് ഫാസില്‍. ഓരോ സീനിലും അപ്രതീക്ഷിതമായത് സംഭവിപ്പിക്കാന്‍, ഓരോ ഡയലോഗും അപ്രതീക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്നയാള്‍. ലിവിംഗ് ടുഗെദര്‍ എന്ന സിനിമയും അതേ രീതിയില്‍ തന്നെ. പക്ഷേ, ആരും പ്രതീക്ഷിക്കാത്തത് എന്ന രീതിയില്‍ സംവിധായകന്‍ വിളമ്പിത്തരുന്നതെല്ലാം ആര്‍ക്കും പ്രവചിക്കാവുന്ന വിഭവങ്ങള്‍ തന്നെ. ഇതിനു മുമ്പ് ഫാസില്‍ തന്നെ പലവട്ടം ആവര്‍ത്തിച്ചത്, മറ്റു പലരും നൂറ്റൊന്നാവര്‍ത്തിച്ചത്.

ഹേമന്ദ് എന്ന പുതുമുഖം അവതരിപ്പിക്കുന്ന ഹേമചന്ദ്രന്‍ എന്ന കഥാപാത്രത്തെയും ശ്രീലേഖ എന്ന പുതുമുഖം അവതരിപ്പിക്കുന്ന ശ്യാമ എന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് ലിവിംഗ് ടുഗെദര്‍ വികസിക്കുന്നത്. ഫാസില്‍ തന്നെ പലതവണ കാണിച്ചുതന്ന്, ‘പഴകിത്തേഞ്ഞ ആ നിഷ്കളങ്കത’ ആവോളം വഴിഞ്ഞൊഴുകുന്ന കഥാപാത്രങ്ങള്‍. ഇരുവരും പ്രണയിക്കുകയാണോ, ആണ്. എന്നാല്‍ അല്ല താനും. അവന് അവളോടിഷ്ടമുണ്ട്. അവളുടെ മനസില്‍ പക്ഷേ നൂറുകൂട്ടം കാര്യങ്ങളാണ്. പിന്നെ അവളുടെ മുത്തച്ഛന്‍ (നെടുമുടി വേണു) അവനോട് പറയുന്നത് ശ്യാമയില്‍ നിന്ന് അകലണമെന്നാണ്. അവളെ വിവാഹം കഴിക്കുന്നയാള്‍, അല്ലെങ്കില്‍ അവള്‍ തന്നെ ആറുമാസത്തിനകം കൊല്ലപ്പെടുമെന്നാണത്രെ ജാതകഫലം. എന്താ ചെയ്യുക അല്ലേ? മനുഷ്യന്‍ ചന്ദ്രനില്‍ ചായക്കട തുടങ്ങുന്ന കാലം. ഫാസില്‍ ഇപ്പോഴും ‘എന്നെന്നും കണ്ണേട്ടന്‍റെ’ കാലത്താണ്!

നായികയും നായകനും ഒരു പ്രത്യേക സാഹചര്യത്തില്‍ വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കാന്‍(ലിവിങ് ടുഗെദര്‍) തുടങ്ങുന്നു. ആ കഥ അങ്ങനെ പോകട്ടെ. ശ്യാമയെ മാനഭംഗം ചെയ്യാനും കൊലപ്പെടുത്താനും ഒരാള്‍ കച്ചകെട്ടിയിറങ്ങിയാല്‍? അങ്ങനെ കഥയുടെ പിരിമുറുക്കം കൂട്ടാമല്ലോ. പിന്നെ ശ്യാമയെ ആവേശിക്കുന്ന ഒരു ബാധ കൂടി ആയാലോ? ആകെ ബഹളം തന്നെ. ഈ അവിയല്‍ കാണാനാണല്ലോ സമയം കളഞ്ഞതെന്നോര്‍ത്തിട്ട്, ഇതെഴുന്ന സമയത്തുപോലും ദേഷ്യം തീരുന്നില്ല.

അടുത്ത പേജില്‍ - ഷോക്കടിച്ചാല്‍ പോലും എക്സ്പ്രഷന്‍ വരാത്ത താരങ്ങള്‍

PRO
ഇങ്ങോട്ടു നോക്കാന്‍ പറഞ്ഞാല്‍ അങ്ങോട്ടു നോക്കുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. ആ ഒരു സ്വഭാവമാണ് ലിവിംഗ് ടുഗെദറിലെ പുതുമുഖ താരങ്ങള്‍ അഭിനയത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ദുഃഖം വരേണ്ടിടത്ത് ഹാസം. ചിരിക്കേണ്ടിടത്ത് കരച്ചിലുമല്ല ചിരിയുമല്ല. ഡയലോഗ് പറയുമ്പോള്‍ ഭാവം എന്നൊരു സംഭവമേയില്ല. ‘ഫാസില്‍ പഠിപ്പിച്ചു, ഞങ്ങള്‍ പറയുന്നു’ എന്ന മട്ട്.

മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമ ജയറാം, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തയാളാണ് ഫാസില്‍. എന്നാല്‍ ലിവിംഗ് ടുഗെദറിലെ ഒരു താരം പോലും പ്രതീക്ഷ നല്‍കുന്നില്ല(ഈ സിനിമയിലെ ശ്രീജിത്ത് എന്ന നടനാണ് രതിനിര്‍വേദം റീമേക്കില്‍ എന്ന് കേള്‍ക്കുന്നു).

നെടുമുടി വേണു, മേനക തുടങ്ങിയവര്‍ സിനിമയിലുണ്ട് എന്നതാണ് ആശ്വാസം. എന്നാല്‍ സിനിമ നല്‍കുന്ന വിരസതയില്‍ അവരുടെ പ്രകടനം പോലും അപ്രസക്തവും അനാവശ്യവുമാകുന്നു. എല്ലാ അര്‍ത്ഥത്തിലും കടുത്ത നിരാശ നല്‍കുന്ന സിനിമയാണ് ലിവിംഗ് ടുഗെദര്‍. ഗാനങ്ങള്‍ പോലും ഈ സിനിമയെ രക്ഷപ്പെടുത്തുന്നില്ല.

വാല്‍ക്കഷണം: നാഗവല്ലിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ചില പ്രകടനങ്ങളൊക്കെ നടത്തുന്നുണ്ട് നായികാ കഥാപാത്രം ഈ സിനിമയില്‍. ഓടി രക്ഷപ്പെട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് വധശിക്ഷ ഉറപ്പ് എന്നല്ലാതെ എന്തു പറയാന്‍!

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്