റോബിന്‍ഹുഡ്: ഒരു നനഞ്ഞ പടക്കം

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2009 (22:20 IST)
PRO
ഇത് ട്വന്‍റി 20 അല്ല. ഏകദിനമെന്നോ ടെസ്റ്റ് മാച്ചെന്നോ വേണമെങ്കില്‍ വിശേഷിപ്പിക്കാം. ജോഷി എന്ന സംവിധായകന്‍ ‘ട്വന്‍റി20’ക്ക് ശേഷമെത്തുമ്പോള്‍ ഉയരുന്ന പ്രതീക്ഷകളെ അപ്പാടെ തച്ചുടച്ച് ഒരു ശരാശരിച്ചിത്രം എന്ന പേര് നേടുകയാണ് ‘റോബിന്‍‌ഹുഡ്’. വ്യാഴാഴ്ച 65 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ റോബിന്‍‌ഹുഡ്, ജോഷിച്ചിത്രങ്ങളുടെ പ്രേക്ഷകരെ നിരാശരാക്കുന്നു.

റിലീസ് ദിവസം ആദ്യ ഷോ കാണാനായി എത്തുമ്പോള്‍ തിയേറ്ററില്‍ ഉത്സവപ്പറമ്പിലേതുപോലെ വന്‍ തിരക്ക്. പൃഥ്വിരാജ് എന്ന പുതിയ സൂപ്പര്‍താരത്തിന്‍റെ ചിത്രം വരവേല്‍ക്കാനായി എത്തിയിരിക്കുന്ന പ്രേക്ഷകര്‍. പ്രിയപ്പെട്ട സംവിധായകന്‍ ഒരു ഗംഭീര എന്‍റര്‍ടെയ്നര്‍ നല്‍കുമെന്ന വിശ്വാസത്തില്‍ എത്തിയിരിക്കുന്നവര്‍. മറ്റൊരു ട്വന്‍റി 20 കാണാനാകുമെന്ന് ആഗ്രഹിച്ച് വന്നവര്‍. എന്നാല്‍ സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ‘തിക്കിത്തിരക്കിയത് ഇങ്ങനെയൊരു പടത്തിനാണല്ലോ’യെന്ന ഭാവത്തിലായിരുന്നു മിക്കവരും.

പൃഥ്വിരാജും നരേനും ജയസൂര്യയും ക്ലാസ്മേറ്റ്സിന് ശേഷം ഒന്നിച്ച ചിത്രമാണ് റോബിന്‍‌ഹുഡ്. ചോക്ലേറ്റ് എന്ന മെഗാഹിറ്റിന് ശേഷം സച്ചിയും സേതുവും തിരക്കഥയെഴുതിയ സിനിമ. എന്നാല്‍ വിശേഷണങ്ങള്‍ക്കും കൊട്ടിഘോഷിക്കലുകള്‍ക്കും അപ്പുറം റോബിന്‍ഹുഡ് നല്‍കുന്നത് പതിവു കെട്ടുകാഴ്ചകള്‍ തന്നെ. കൊമേഴ്സ്യല്‍ വിജയത്തിനായുള്ള ഒത്തുതീര്‍പ്പുകളുടെ ഒരു ബാക്കിപത്രം.

വെങ്കിടേഷ് അയ്യര്‍(പൃഥ്വിരാജ്) ഒരു എഞ്ചിനീയറിംഗ് കോച്ചിംഗ് സെന്‍ററിലെ അധ്യാപകനാണ്. എന്നാല്‍ അധ്യാപകന്‍ എന്നുള്ളത് പുറം‌ലോകത്തിന്‍റെ മാത്രം കാഴ്ച. അയാള്‍ അതിനുമപ്പുറത്ത് പലതുമാണ്. അയാള്‍ക്ക് ചില ഗൂഢ ലക്‍ഷ്യങ്ങളുണ്ട്. വളരെ ബുദ്ധിമാനായ ഒരു എ ടി എം കവര്‍ച്ചക്കാരനാണ് വെങ്കിടേഷ്. അങ്ങനെയൊരു മുഖം അയാള്‍ക്കുണ്ടെന്ന് ആരും വിശ്വസിക്കില്ല.

വെങ്കിടേഷ് എന്ന അധ്യാപകനെയാണ് അഭിരാമി(സംവൃത സുനില്‍) എന്ന വിദ്യാര്‍ത്ഥിനി പ്രണയിക്കുന്നത്. ഈ പ്രണയദൃശ്യങ്ങളൊക്കെ സിനിമയുടെ കഥാഗതിയില്‍ ഒരു ചലനവും സൃഷ്ടിക്കാത്ത കുമിളകളായി പൊട്ടിപ്പോകുന്നു. കഥ മോഷ്ടാവിന്‍റെയും അയാളെ പിടികൂടാന്‍ നടക്കുന്ന പൊലീസിന്‍റെയും എലിയും പൂച്ചയും കളിയാണല്ലോ. എ ടി എം കള്ളനെ പിടികൂടാനായി അലക്സാണ്ടര്‍ ഫെലിക്സ്(നരേന്‍) എന്ന ഡിറ്റക്ടീവ് രംഗപ്രവേശം ചെയ്യുന്നു.

അടുത്ത പേജില്‍ - പൃഥ്വിയെ കുടുക്കാന്‍ നരേന്‍റെ നീക്കങ്ങള്‍

PRO
ഐ ബി ഐ ബാങ്കില്‍ മാത്രം കവര്‍ച്ച നടത്തുന്ന കള്ളനെ പിടികൂടുകയാണ് അലക്സാണ്ടര്‍ ഫെലിക്സിന്‍റെ ലക്‍ഷ്യം. അതിന് അയാളുടെ മാര്‍ഗങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഒരു അന്വേഷകന്‍റെ ഭാവചലനങ്ങളോ വേഷമോ ആയിരുന്നില്ല ഒരിക്കലും ഫെലിക്സിന്‍റേത്. അല്പം അബ്നോര്‍മല്‍ ചെയ്‌വന. സത്യം പറയാമല്ലോ, ഫെലിക്സിന്‍റെ നീക്കങ്ങളും പെരുമാറ്റവുമൊക്കെയാണ് റോബിന്‍‌ഹുഡിനെ കുറച്ചെങ്കിലും ഇന്‍ററസ്റ്റിംഗ് ആക്കുന്നത്.

ഐ ബി ഐ ബാങ്കിന്‍റെ സിസ്റ്റം ഹെഡ് ആയാണ് ഭാവന അഭിനയിക്കുന്നത്. ഈ കഥാപാത്രവും അലക്സാണ്ടര്‍ ഫെലിക്സും വെങ്കിടേഷ് അയ്യരും താമസിക്കുന്നത് ഒരേ ഫ്ലാറ്റില്‍. അവിടെയും പ്രണയം പൊട്ടിവിടരുന്നതിനെ ആര്‍ക്ക് തടയാന്‍ കഴിയും? എന്നാല്‍ ഇടവേളയ്ക്ക് മുമ്പുതന്നെ മോഷ്ടാവ് വെങ്കിടേഷാണെന്ന് ഫെലിക്സ് മനസിലാക്കുന്നു.

ട്വിസ്റ്റുകളും ഗ്ലാമറും പാട്ടും പ്രണയവുമെല്ലാമുള്ള ഒരു മസാല തന്നെയാണ് റോബിന്‍‌ഹുഡ്. പക്ഷേ അത് പ്രേക്ഷകരെ രസിപ്പിക്കുന്നില്ല. എന്‍റര്‍ടെയ്ന്‍ ചെയ്യിക്കാനുള്ള ചേരുവകളെല്ലാം ഈ ചിത്രത്തില്‍ അനവസരത്തിലുള്ള പ്രയോഗങ്ങളായി മാറുന്നു. പല കഥാപാത്രങ്ങളും വ്യക്തിത്വമില്ലാത്തതാണ്. ജയസൂര്യ അവതരിപ്പിക്കുന്ന എ സി പിയുടെ വരവൊക്കെ ഒന്നാന്തരം. പക്ഷേ, കഥാപാത്രത്തിന് കരുത്തുണ്ടെങ്കിലല്ലേ നടന് പെര്‍ഫോം ചെയ്യാന്‍ അവസരമുള്ളൂ. എന്നാല്‍ ബിജു മേനോന്‍റെ വില്ലത്തരങ്ങള്‍ വളരെ ഫ്രഷ് ആയി അനുഭവപ്പെടുകയും ചെയ്യുന്നു.

പൃഥ്വിരാജിന്‍റെ വെങ്കിടേഷ് അയ്യര്‍ക്കും പ്രത്യേകതകളോ പുതുമയോ നല്‍കാന്‍ സംവിധായകനോ നടനോ കഴിയുന്നില്ല. സമീപകാലത്ത് പൃഥ്വിരാജ് ചെയ്തുവരുന്ന ആക്ഷന്‍ മൂഡുള്ള കഥാപാത്രങ്ങളില്‍ ഒന്നുമാത്രമായി ഇതും മാറിപ്പോകുന്നു. സംവൃതയുടെ കഥാപാത്രം തീര്‍ത്തും അനാവശ്യമാണ്. അതിനെ അപേക്ഷിച്ച് ഭാവനയ്ക്ക് കുറച്ചുകൂടി സാന്നിധ്യം അറിയിക്കാന്‍ കഴിയുന്നുണ്ട്. നരേന്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ കരിയറില്‍ എടുത്തുപറയാവുന്ന ഒന്നായിരിക്കും അലക്സാണ്ടര്‍ ഫെലിക്സ്.

ഛാ‍യാഗ്രാഹകന്‍ ഷാജി മികവു പുലര്‍ത്തുന്നു. സാഹസികമായ പല രംഗങ്ങളിലും ഷാജിയുടെ കൈത്തഴക്കം ദൃശ്യമാണ്. രഞ്ജന്‍ ഏബ്രഹാമിന്‍റെ എഡിറ്റിംഗും ചിത്രത്തിന്‍റെ മൂഡിന് ചേര്‍ന്നുപോകുന്നു. ഗാനങ്ങള്‍ ബോറടിപ്പിക്കുന്നില്ല. പൃഥ്വിരാജും സംവൃതയും ചേര്‍ന്നുള്ള “പ്രിയനുമാത്രം ഞാന്‍ തരാം മധുരമീ പ്രണയം” എന്ന റൊമാന്‍റിക് സോംഗ് കേള്‍‌വിസുഖമുള്ളതാണ്. എന്നാല്‍ ഈ ഗാനരംഗം ജോഷിയുടെ ഏറ്റവും മോശം ഗാനരംഗ ചിത്രീകരണങ്ങളില്‍ ഒന്നാണ്.

“പറന്നു വന്ന പൈങ്കിളീ വിരുന്നു വന്ന രാക്കിളീ” എന്ന ഗാനം നല്ലൊരു മെലഡിയാണ്. നന്നായി ചിത്രീകരിച്ചിട്ടുമുണ്ട്. ‘കന്നത്തില്‍ മുത്തം’ എന്നൊരു അടിപൊളിഗാനവും ചിത്രത്തിലുണ്ട്. എന്നാല്‍ ഈ ഗാനരംഗങ്ങള്‍ പലപ്പോഴും ഏച്ചുകെട്ടിയതായി അനുഭവപ്പെടുന്നതാണ് ദുര്യോഗം. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്കിടെ ഗാനരംഗങ്ങള്‍ തിരുകിയിരിക്കുന്നത് ആസ്വാദനത്തിന് വിഘാതമായി മാറുന്നു.

ജോഷിയില്‍ നിന്നും ഒരു തകര്‍പ്പന്‍ സിനിമ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ കടുത്ത നിരാശയിലേക്ക് തള്ളിവിടുന്ന ചിത്രമാണ് റോബിന്‍‌ഹുഡ്. പുതിയ മുഖത്തിന് ശേഷമെത്തുന്ന പൃഥ്വിരാജ് ചിത്രമെന്ന നിലയില്‍ മലയാള സിനിമാലോകം തന്നെ ഉറ്റുനോക്കിയ ചിത്രമാണിത്. ജോഷിക്കോ പൃഥ്വിയ്ക്കോ സ്കോര്‍ ചെയ്യാനാവാതെ പോയി എന്നത് ദുഃഖകരം. നരേന്‍ എന്ന നടന് മികച്ച കഥാപാത്രത്തെ നല്‍കി എന്നതില്‍ മാത്രം തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകനും ആശ്വസിക്കാം.