യുദ്ധമുറകള്‍ക്ക് പുതിയ ഇതിഹാസം - ഉറുമി!

Webdunia
വെള്ളി, 11 മാര്‍ച്ച് 2011 (20:02 IST)
PRO
പതിനാറാം നൂറ്റാണ്ടിലെ വടക്കന്‍ കേരളം. ചിറയ്ക്കല്‍ കേളു നായനാര്‍ എന്ന യുവാവ് ഒരു തീരുമാനമെടുത്തു - വാസ്കോ ഡ ഗാമയെ വധിക്കുക. അതിനു പിന്നില്‍ അയാള്‍ക്ക് ഒരു വലിയ ലക്‍ഷ്യമുണ്ടായിരുന്നു. കേളു നായനാരെ സഹായിക്കാന്‍ യുവാക്കളുടെ ഒരു സംഘവും തയ്യാറായി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രം ‘ഉറുമി’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. മാര്‍ച്ച് 31 ആണ് റിലീസ് ഡേറ്റ്.

“ഉറുമി ഇത്ര രൂപ മുടക്കി ഇത്ര രൂപ സാറ്റലൈറ്റ് റൈറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് തുടങ്ങിയ സിനിമയല്ല. അമ്പത് കൊല്ലം കഴിഞ്ഞാലും ഓര്‍മ്മിക്കപ്പെടുന്ന സിനിമയായിരിക്കും ഇത് എന്നുറപ്പുണ്ട്. ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമൊക്കെ ഗംഭീര സിനിമകളായിരുന്നു. എങ്കിലും കേരളത്തിനു പുറത്ത് അങ്ങനെ അറിയപ്പെടുന്ന കഥാപാത്രങ്ങളല്ല ചന്തുവും പഴശ്ശിരാജയും. എന്നാല്‍, വാസ്കോ ഡ ഗാമയെ ലോകം മുഴുവന്‍ അറിയും. 'The boy who wanted to kill Vasco Da Gama' എന്നതാണ് ഉറുമിയുടെ ഇംഗ്ലീഷ് കാപ്ഷന്‍. ഏതു രാജ്യക്കാര്‍ക്കും ഈ സിനിമയുടെ കഥ മനസിലാക്കാന്‍ കഴിയും” - ചിറയ്ക്കല്‍ കേളു നായനാര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് പറയുന്നു.

20 കോടി രൂപയാണ് ‘ഉറുമി’യുടെ ചെലവ്. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പ്രഭുദേവ, ജനിലിയ, തബു, വിദ്യാബാലന്‍, ആര്യ, അമോല്‍ ഗുപ്ത, നിത്യാ മേനോന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസാകും. ഛായാഗ്രഹണവും സംവിധാനവും സന്തോഷ് ശിവന്‍.

രഞ്ജിത്തിന്‍റെ സംവിധാന സഹായിയായിരുന്ന ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിക്ക് തിരക്കഥ രചിക്കുന്നത്. മഹാരാഷ്ട്രയിലെ മല്‍‌സേജ് ഘട്ട് ആണ് പ്രധാന ലൊക്കേഷന്‍. ദീപക് ദേവ് ഈണമിട്ട അഞ്ചുഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതില്‍ ‘ചിറകുകള്‍ നല്‍കി...’, ‘മയില്‍പ്പീലി ചാര്‍ത്താന്‍...’, ‘വാസ്കോ മരണം...’ എന്നീ ഗാനങ്ങള്‍ സംഗീതാസ്വാദകരെ വശീകരിക്കും എന്നതില്‍ സംശയമില്ല.

വൈഡ് റിലീസാണ് മലയാളത്തില്‍ പ്രതീക്ഷിക്കുന്നത്. നൂറിലധികം തിയേറ്ററുകള്‍ ഇതിനായി തയ്യാറെടുക്കുകയാണ്.