മാസ്റ്റേഴ്സ് കലക്കുന്നു, ഗംഭീര റിപ്പോര്‍ട്ട്

Webdunia
വെള്ളി, 30 മാര്‍ച്ച് 2012 (18:53 IST)
PRO
പൃഥ്വിരാജ് നായകനായ ‘മാസ്റ്റേഴ്സ്’ തിയേറ്ററുകളിലെത്തി. ജോണി ആന്‍റണി സംവിധാനം ചെയ്ത ഈ സിനിമ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ പകുതി അത്ര ആവേശകരമല്ലെങ്കിലും രണ്ടാം പകുതിയും ക്ലൈമാക്സും നന്നായിരിക്കുന്നു എന്നാണ് വിവരം.

നഗരത്തില്‍ സംഭവിക്കുന്ന കൊലപാതകങ്ങളും അവയെക്കുറിച്ചുള്ള അന്വേഷണവും കണ്ടെത്തലുകളുമാണ് മാസ്റ്റേഴ്സ്. പൃഥ്വിരാജ് ശ്രീരാമകൃഷ്ണന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായും ശശികുമാര്‍ മിലന്‍ എന്ന മാധ്യമപ്രവര്‍ത്തകനായും അഭിനയിക്കുന്നു. ഇരുവരുടെയും സൌഹൃദമാണ് ആദ്യപകുതിയില്‍ ആവിഷ്കരിച്ചിരിക്കുന്നത്.

അവസാന മുപ്പത് മിനിറ്റിലാണ് സിനിമ സ്കോര്‍ ചെയ്യുന്നത്. നല്ല സസ്പെന്‍സും അതിന്‍റെ അപ്രതീക്ഷിതമായ ടേണും പഞ്ചും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സും ചേര്‍ന്ന് കഥ പൂര്‍ത്തീകരണത്തിലെത്തിക്കുന്നു.

നവാഗതനായ ജിനു ഏബ്രഹാം എഴുതിയ തിരക്കഥ ഇഴയടുപ്പമുള്ളതാണ്. പൃഥ്വിരാജിന്‍റെ പ്രകടനം തന്നെയാണ് മാസ്റ്റേഴ്സിന്‍റെ ഹൈലൈറ്റ്. ശശികുമാറിന് അത്ര തിളങ്ങാനായിട്ടില്ലെന്നാണ് വിവരം.

അനന്യ, പിയ, സന്ധ്യ എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല. എങ്കിലും സന്ധ്യയുടെ കഥാപാത്രത്തിന് കഥയില്‍ നിര്‍ണായക പ്രാധാന്യമുണ്ട്. ബിജുമേനോന്‍ വളരെ കുറച്ചു സീനുകളേ ഉള്ളെങ്കിലും ഗംഭീരമാക്കി. സലിം കുമാറും നന്നായി.

ജോണി ആന്‍റണിയുടെ സംവിധാനത്തെക്കുറിച്ച് ‘ആവറേജ്’ എന്ന അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്. ഗോപി സുന്ദറിന്‍റെ ബി ജി എം ത്രില്ലടിപ്പിക്കുന്നു.

ഓര്‍ഡിനറി നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതും കിംഗ് ആന്‍റ് കമ്മീഷണര്‍ മോശമല്ലാത്ത രീതിയില്‍ നിലനില്‍ക്കുന്നതും മാസ്റ്റേഴ്സിന്‍റെ തിയേറ്റര്‍ വിജയത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മാത്രമല്ല, ഏപ്രില്‍ ഏഴാം തീയതി അവള്‍ വരികയാണ്, മായാമോഹിനി!