മധ്യവേനലിലെ പൊള്ളുന്ന സത്യങ്ങള്‍

Webdunia
വ്യാഴം, 9 ജൂലൈ 2009 (17:55 IST)
സിനിമ പ്രേക്ഷകനെ സ്വാധീനിക്കും എന്ന അഭിപ്രായം ശരിയാണെങ്കില്‍ ‘മധ്യവേനല്‍’ എന്ന ചിത്രം മലയാളികള്‍ക്ക് ഒട്ടേറെ തിരിച്ചറിവുകള്‍ സമ്മാനിക്കും. ആഗോളവത്കരണത്തിന്‍റെ കാലത്ത് കേരളത്തിലെ സാധാരണ മനുഷ്യര്‍ നില്‍ക്കേണ്ട കള്ളിയേതാണെന്ന് വിളിച്ചു പറയുന്ന ഈ സിനിമ ഒട്ടേറെ ചോദ്യങ്ങളാണ് പ്രേക്ഷകരില്‍ ഉണര്‍ത്തുന്നത്. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും ഇന്നത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തമ്മിലുള്ള അന്തരം ‘മധ്യവേനല്‍’ വ്യക്തമാക്കിത്തരുന്നു.

‘ഏകാന്തം’ എന്ന ചിത്രത്തിന് ശേഷം മധു കൈതപ്രം സംവിധാനം ചെയ്ത സിനിമയാണ് മധ്യവേനല്‍. “സ്വന്തം... സ്വന്തം ബാല്യത്തിലൂടെ ഒന്നു പോകാന്‍ കൊതിതോന്നാത്തവരുണ്ടോ?” എന്ന ഗാനമാണ് ഈ ചിത്രത്തിലേക്ക് കാഴ്ചക്കാരെ ആദ്യം വലിച്ചടുപ്പിക്കുന്നത്. എന്നാല്‍, പാട്ടിലെ ഗൃഹാതുരത്വം സിനിമയില്‍ നിന്ന് നമുക്ക് അനുഭവിക്കാനാവില്ല. ഉള്ളുലയ്ക്കുന്ന ചില സത്യങ്ങളാണ് മധു കൈതപ്രം പറയുന്നത്.
PROPRO

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് കുമാരന്‍(മനോജ് കെ ജയന്‍). ഭാ‍ര്യ സരോജനി(ശ്വേതാ മേനോന്‍)യോടും മകള്‍ മണിക്കുട്ടി(നിവേദ)യോടുമൊപ്പം കണ്ണൂരിലെ ഒരു ഗ്രാമത്തിലാണ് താമസം. തന്‍റെ കമ്യൂണിസ്റ്റ് വിശ്വാസങ്ങള്‍ക്കും ആശയങ്ങള്‍ക്കുമനുസൃതമായ ഒരു ജീവിതമാണ് കുമാരന്‍ നയിച്ചു വന്നത്. സമാധാനത്തോടെയുള്ള ജീവിതം. ഒരു ന്യൂ ജനറേഷന്‍ ബാങ്കിന്‍റെ വരവോടു കൂടി കാര്യങ്ങളാകെ മാറുകയാണ്.

ബാങ്ക് ഉദ്യോഗസ്ഥനായ പ്രവീണ്‍ നാട്ടുകാരുടെ വിശ്വാസം നേടിയെടുക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഈ ബാങ്കിന്‍റെ വരവിനോടുള്ള മൃദുസമീപനം കുമാരന് ഉള്‍ക്കൊള്ളാനാകുന്നില്ല. അനിവാര്യമായത് പിന്നീട് സംഭവിക്കുന്നു.

ആഗോളവത്കരണത്തിന്‍റെ നീരാളിപ്പിടുത്തത്തിനോടുള്ള സംവിധായകന്‍റെ സ്വാഭാവിക പ്രതികരണമാണ് മധ്യവേനല്‍. ഒരു ചെറുകഥ പോലെ സുന്ദരമായ കഥ കരുത്തുള്ള തിരക്കഥയുടെ പിന്‍‌ബലത്തില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായകന്‍. കുമാരന്‍റെ മരണ ശേഷമുള്ള സരോജനിയുടെ ജീവിതം ഉള്ളുലയ്ക്കുന്ന അനുഭവമാണ്.

ശ്വേതാ മേനോന്‍റെ അഭിനയക്കരുത്താ‍ണ് മധ്യവേനലിന്‍റെ പ്രത്യേകത. മേക്കപ്പില്ലാതെ ഒരു കോട്ടണ്‍ സാരിയണിഞ്ഞ് ശ്വേത കഥാപാത്രമായി ജീവിക്കുകയാണ്. റാലി നയിച്ചു വരുന്ന ഈ റിബല്‍ വനിത ചരിത്രത്തിലെ പലരുടെയും പ്രതിരൂപമാണ്. സരോജനി എന്ന ഈ കഥാപാത്രമാണ് ചിത്രത്തിന്‍റെ കേന്ദ്രബിന്ദുവെന്നു പറയാം.

വെറുതെ ഒരു ഭാര്യയില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ബേബി നിവേദയ്ക്ക് ഈ ചിത്രത്തില്‍ ചെയ്യാനില്ല. മനോജ് കെ ജയന്‍ തന്‍റെ കഥാപാത്രത്തോടു നീതി പുലര്‍ത്തി. ഇര്‍ഷാദ്, അരുണ്‍ തുടങ്ങിയവരും മികച്ചു നിന്നു.

കണ്ണൂരിന്‍റെ സൌന്ദര്യം ക്യാമറയിലേക്ക് ആവാഹിച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അഭിനന്ദനമര്‍ഹിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് കൈതപ്രം വിശ്വനാഥന്‍ ഈണമിട്ട “സ്വന്തം സ്വന്തം ബാല്യത്തിലൂടെ” എന്ന ഗാനം മനോഹരം.