മധുപാലിന്‍റെ ‘തലപ്പാവ്‌’

Webdunia
PROPRO
ആദ്യ ചിത്രത്തിലൂടെ തന്നെ മധുപാല്‍ അത്ഭുതപ്പെടുത്തി. ഇതിവൃത്തത്തിലും മാധ്യമത്തിലും മികഞ്ഞ കൈത്തഴക്കമുള്ള ഒരു സംവിധായകന്‍റെ സിനിമയായി ‘തലപ്പാവ്‌’ അനുഭവപ്പെടുന്നു.

മലയാളത്തിലെ മികച്ച സിനിമകളുടെ കണക്കെടുക്കുമ്പോള്‍ നിരവധി കാരണങ്ങള്‍ കൊണ്ട്‌ തലപ്പാവിനെയും ആ പട്ടികയില്‍ പെടുത്താം. പ്രമേയത്തിന്‍റെ ഗൗരവത്തേക്കാളേറെ മധുപാലിന്‍റെ കഥപറച്ചില്‍ രീതിയാണ്‌ അഭിനന്ദിക്കപ്പെടേണ്ടത്‌.

കച്ചവട സിനിമയുടെ സ്ഥിരം കാഴ്‌ചാശീലമുള്ള പ്രേക്ഷകരെ അലട്ടുന്നതും ഒരു പക്ഷെ മധുപാലിന്‍റെ കഥാകഥനത്തിലെ പരീക്ഷണമാകാം. നക്‌സലൈറ്റ്‌ വര്‍ഗീസിനെ കൊന്ന കോണ്‍സ്‌റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലാണ്‌ സിനിമയുടെ പ്രമേയം എന്നത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌.

സിനിമയില്‍ നക്‌സല്‍ ജോസഫിനെ (പൃഥ്വിരാജ്‌) മനുഷ്യകുലത്തിന്‌ വേണ്ടി ക്രൂശിക്കപ്പെട്ട യേശുവിന്‍റെ തലത്തിലേക്ക്‌ സംവിധായകന്‍ ഉയര്‍ത്തിയിരിക്കുന്നു.

കുറ്റബോധവും ഭീരുത്വവും കോണ്‍സ്‌റ്റബിള്‍ രവീന്ദ്രന്‍ പിള്ളയുടെ (ലാല്‍) ജീവിതം നരകത്തേക്കാള്‍ ദുരിതമാക്കുകയാണ്‌. നക്‌സല്‍ പശ്ചാത്തലം മാറ്റിവയ്‌ക്കപ്പെട്ടാലും തലപ്പാവിന്‌ നിലനില്‍പ്പുണ്ട്‌.

അവിചാരിതമായി പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ തലപ്പാവ്‌. ഒരു ധീരന്‍റേയും ഒരു ഭീരുവിന്‍റേയും കഥ. പ്രശ്‌നങ്ങളെ ധീരമായി നേരിട്ടയാളെ കൊല്ലാന്‍ അധികാരികള്‍ നിയോഗിച്ചത്‌ ഭീരുവിനെയാണ്‌.

PROPRO
കുറ്റബോധവുമായി ജീവിക്കുന്ന ഭീരു ദയനീയമായ അന്ത്യം ഏറ്റുവാങ്ങുന്നു. ഒന്നിനോടും പ്രതിരിക്കാതിരുന്ന ആയാളുടെ ജീവിതം മറ്റുള്ളവര്‍ കൈയ്യേറി ജീവിക്കുന്നു.

പ്രതികരിക്കാതെയും പ്രതികരിച്ചും ജീവിച്ചു മരിച്ചവരില്‍ ആരുടെ ജീവിതമാണ്‌ ദീപ്‌തം എന്ന് സിനിമ ചോദിക്കുന്നുണ്ട്‌. വയനാടിനെ ചുമപ്പിച്ച പോരാട്ടളെ കുറിച്ച്‌ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളാണ്‌ മധുപാല്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌.

നക്‌സല്‍ പോരാട്ടങ്ങളിലും അവയുടെ അടിച്ചമര്‍ത്തലിലും ആരേയും വ്യക്തിപരമായി ചോദ്യം ചെയ്യാതെ മുഴുവന്‍ മനുഷ്യ മനസാക്ഷിയേയും ആണ്‌ മധുപാല്‍ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്നത്‌.

സിനിമ തുടങ്ങുന്നത്‌ തന്നെ ജോസഫിനെ രവീന്ദ്രന്‍ പിള്ള കൊല്ലുന്നത്‌ കാണിച്ചുകൊണ്ടാണ്‌, പിന്നീട്‌ അതിന്‍റെ കാരണങ്ങളിലേക്കാണ്‌ സിനിമ കടന്നു പോകുന്നത്‌. അതിനിടെ കാലത്തെ മുന്നോട്ടും പുറകോട്ടും സ്വതന്ത്രമായി സംവിധായകന്‍ ചാടിക്കുന്നു.

പ്രേക്ഷകന്‍റെ യുക്തി ബോധത്തെ ബഹുമാനിച്ചുകൊണ്ട്‌ തന്നെ സിനിമയുടെ ക്രാഫ്‌ടില്‍ സംവിധായകന്‍ കൈയ്യൊപ്പു വയ്‌ക്കുന്നു. കഥ, കഥയ്‌ക്കുള്ളില്‍ കഥ, അതില്‍ നിന്നും വീണ്ടും കഥ എന്ന മട്ടിലാണ്‌ സിനിമയുടെ ശില്‌പഘടന.

തിരക്കഥാകൃത്ത്‌ ബാബു ജനാര്‍ദ്ദനന്‍ സംഭവങ്ങളെ സമര്‍ത്ഥമായി ഇഴചേര്‍ത്തിരിക്കുന്നു. കൃത്യമായ ഗ്യഹപാഠം സിനിമയെ മനോഹരമാകുന്നതിന് തലപ്പാവ്‌ ഉദാഹരണമാകുന്നു. എഴുപതുകളെ സമര്‍ത്ഥമായി സംവിധായകന്‍ പുന:സൃഷ്ടിച്ചിരിക്കുന്നു.

PROPRO
ഷോട്ടുകളിലൂടെ കയറി ഇറങ്ങിപോകുന്ന പായസ വില്‌പനകാരനും സിനിമാ അനൗണ്‍സ്‌മെന്റും പാത്രകച്ചവടക്കാരനും എല്ലാം പഴയകാല ചിത്രീകരണത്തെ യുക്തിസഹമാക്കുന്നു.

ലാലിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും രവീന്ദ്രന്‍ പിള്ള. എഴുപതുകളിലെ ക്ഷോഭിക്കുന്ന യൌവ്വനമായി പൃഥ്വിരാജും കരുത്ത്‌ തെളിയിക്കുന്നു. പുതുമുഖമായ ധന്യമേരിയും രോഹിണിയും അതുല്‍ കുല്‍ക്കര്‍ണിയും എല്ലാം ജോലി ഭംഗിയാക്കി.

തിരക്കഥാകൃത്തിനെ പോലെ തന്നെ സമര്‍ത്ഥമായ പ്രകടനമാണ്‌ ഛായാഗ്രഹകന്‍ അഴകപ്പനും കാഴ്‌ചവച്ചിരിക്കുന്നത്‌.

സമൂഹത്തിന്‍റെ പ്രതികരണ ശേഷി ഇല്ലായ്‌മയെയാണ്‌ സംവിധായകന്‍ സിനിമയിലൂടെ കുറ്റപ്പെടുത്തുന്നത്‌. പ്രതികരണം എന്നാല്‍ നക്‌സലിസമാണോ എന്ന മറുചോദ്യത്തിന്‌ സംവിധായകന്‍ മറുപടി പറയേണ്ടതുണ്ട്‌.

മാത്രമല്ല രവീന്ദ്രന്‍ പിള്ള എന്ന ഭീരുവിന്‍റെ സമീപകാല പതനം വരെ ചൂണ്ടികാട്ടുമ്പോള്‍ നക്‌സലൈറ്റ്‌ പ്രസ്ഥാനത്തിന്‌ എഴുപതുകള്‍ക്ക്‌ ശേഷം എന്തു സംഭവിച്ചു എന്ന്‌ ചൂണ്ടികാണിക്കപ്പെടുന്നില്ല.

പ്രമേയപരമായ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ന്യായീകരണങ്ങള്‍ പലതുണ്ടാകും. ആഖ്യാനപരമായി മലയാള സിനിമ നേടിയ വളര്‍ച്ചയെ ‘തലപ്പാവ്‌’ അടയാളപ്പെടുത്തുന്നു. തമിഴ്‌ സിനിമയുടെ കലാപരമായ മുന്നേറ്റങ്ങള്‍ക്കുള്ള ഒരു ചെറിയ മറുപടി.