ഒരു ചാനല്‍ ചര്‍ച്ചയില്‍ നിന്നാണ് സിനിമയുടെ തുടക്കം. ‘മലയാള സിനിമയുടെ പ്രതിസന്ധി’ തന്നെ ചര്‍ച്ചാവിഷയം. മറ്റ് ഒരു വിഷയവും ചര്‍ച്ച ചെയ്യാനില്ലെങ്കില്‍ ‘ഇന്ന് സിനിമാ പ്രതിസന്ധി ചര്‍ച്ച ചെയ്തുകളയാം’ എന്ന് ചാനല്‍ മേധാവികള്‍ കരുതുന്ന കാലമാണല്ലോ. ചര്‍ച്ചയില്‍ പല കാര്യങ്ങള്‍ ഉയരുന്നുണ്ട്. മലയാളിയുടെ കാമഭാവനകളെ തൊട്ടുണര്‍ത്തുന്ന റീമേക്ക് ശ്രമങ്ങളെ പരിഹസിക്കുന്നു. സിനിമാ നടിമാരുടെ വിവാഹവേളകളില്‍ പ്രചരിക്കുന്ന അശ്ലീല എസ് എം എസുകളെപ്പറ്റി പരാമര്‍ശിക്കുന്നു.
നിര്‍മ്മാതാവ് ബേബിക്കുട്ടന്‍(മുകേഷ്) മെഗാസ്റ്റാര്‍ സരോജ്കുമാറിനെപ്പറ്റി ചിലത് പറയുന്നു. സരോജ്കുമാറിന് മാനസാന്തരം സംഭവിച്ചിട്ടില്ല. അയാള്‍ തന്‍റെ താരജാഡ തുടരുകയാണ്. നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിക്കുന്ന സമീപനങ്ങള്‍ കൊണ്ട് സിനിമയുടെ ശാപമായി മാറിയിരിക്കുന്നു. ബേബിക്കുട്ടന് സരോജിനെപ്പറ്റി പറയാന്‍ ഒരുപാടുണ്ട്. അയാള്‍ ഒരുപാട് അനുഭവിച്ചതാണല്ലോ.
സരോജിന്‍റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ തകര്‍ത്തു. ഒരു സിനിമയുടെ ക്ലൈമാക്സ് സീനിലെ സരോജിന്‍റെ അതിസാഹസിക രംഗങ്ങളാണ് കാണിക്കുന്നത്. നൂറുകണക്കിന് ഗുണ്ടകളെ അടിച്ചിടുകയും ജീപ്പുകളും കാറുകളും പറന്നുപോകുകയുമൊക്കെ ചെയ്യുന്ന സീനിലൂടെ അയാള്‍ എത്തുന്നു - പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍!
അടുത്ത പേജില്‍ -
‘വയ്ക്കെടാ വെടി’!
സരോജ്കുമാറിന്‍റെ ഒരു പടത്തിന്‍റെ പേര് ‘വയ്ക്കെടാ വെടി’! നല്ല പേര് അല്ലേ? ഇനി മലയാളത്തിലെ ഏതെങ്കിലും ബുദ്ധികൂടിയ സംവിധായകന്‍ ആ പേരിലൊരു ചിത്രമെടുത്താല്‍ അതും കാണുക തന്നെ! എന്തായാലും ആ സിനിമയുടെ പ്രിവ്യൂ കാണുന്ന സീന്‍ രസകരമാണ്. അപ്പോഴുള്ള ഡയലോഗുകളും കൊള്ളാം. പക്ഷേ എന്തും അധികമായാല്‍ വിഷം തന്നെ. സിനിമ തുടരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് മനസിലാകുന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരായ വിമര്‍ശനങ്ങള്‍(വിമര്‍ശനങ്ങളോ അധിക്ഷേപങ്ങളോ?) കൊണ്ട് നിറച്ചിരിക്കുകയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍. ‘ഒരുനാള്‍ വരും’ എന്ന സീരിയല്‍ നിലവാരത്തിലുള്ള സിനിമ പൊളിഞ്ഞ ശേഷം കുറേക്കാലം തിരക്കഥയെഴുത്ത് നിര്‍ത്തിവച്ചിരുന്ന ശ്രീനി വീണ്ടും വരുന്നത് സൂപ്പര്‍സ്റ്റാറുകളെ താറടിക്കാന്‍ വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകും. സൂപ്പറുകളെ തെറിവിളിക്കാനായി മാത്രം ഒരു സിനിമ. കഥയുമില്ല, കലയുമില്ല!
കുറിക്കുകൊള്ളുന്ന ഡയലോഗുകളാണ് ശ്രീനിച്ചിത്രങ്ങളുടെ പ്രത്യേകത. എന്നാല്‍ സരോജ്കുമാറിലെ ചില ഡയലോഗുകള്‍ പ്രേക്ഷകരില്‍ വെറുപ്പുളവാക്കും. ‘അമ്മ ചൂണ്ടിക്കാണിച്ചാല്‍പ്പോലും അച്ഛനെ അംഗീകരിക്കാത്ത ചെറ്റകള്‍’ എന്ന് സാധാരണക്കാരായ ജനസമൂഹത്തെക്കുറിച്ച് സരോജ്കുമാര്‍ പ്രസ്താവിക്കുന്നതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്?
ലഫ്റ്റനന്‍റ് കേണല്‍ പദവി കിട്ടാനായുള്ള അഭ്യാസങ്ങളും കേണല്‍ പദവി കിട്ടിയതിന് ശേഷം പരേഡിനെത്തുമ്പോള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ചിരി ജനിപ്പിക്കും. പക്ഷേ, ഈ സീനുകള്‍ ഒക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയാണോ? മലയാള സിനിമയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ നടന്‍മാരെ, അവരേക്കുറിച്ചാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയില്‍ വ്യക്തമാക്കിയ ശേഷം കുത്തിനോവിക്കുന്നത് ഏതുതരത്തിലുള്ള കലാപ്രവര്‍ത്തനമാണ്? ഇതാണോ സിനിമയെ ശുദ്ധീകരിക്കല്‍?
അടുത്ത പേജില്‍ -
ആരാണ് വലിയവന്‍? സംവിധായകനോ രചയിതാവോ?
പച്ചാളം ഭാസി(ജഗതി ശ്രീകുമാര്‍) ഇപ്പോള്‍ വലിയ നിര്‍മ്മാതാവാണ്. അലക്സ്(ഫഹദ് ഫാസില്‍) എന്ന പുതുമുഖ സംവിധായകനെ വച്ച് അയാള്‍ പുതിയ സിനിമ ആരംഭിക്കുന്നു. സരോജ്കുമാര്‍ തന്നെ നായകന്‍. എന്നാല്‍ തുടക്കത്തില്‍ തന്നെ സംവിധായകനും സരോജും തമ്മില്‍ തെറ്റുന്നു. സരോജിനെ മാറ്റി ആ ചിത്രത്തില്‍ ചെറിയ വേഷം ചെയ്യാനെത്തിയ നടന്‍ ശ്യാമി(വിനീത് ശ്രീനിവാസന്‍)നെ നായകനാക്കി അലക്സ് സിനിമ ചിത്രീകരിക്കുന്നു. ആ സിനിമ വന്‍ ഹിറ്റാകുന്നു.
ഉദയനാണ് താരത്തില്‍ രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ പറഞ്ഞ കഥയുടെ വികൃതമായ അനുകരണവും ഒരു രണ്ടാം ഭാഗമുണ്ടാക്കാന്‍ വേണ്ടി ബോധപൂര്‍വം കഥ തട്ടിക്കൂട്ടിയതുമൊക്കെ ഈ ചിത്രത്തിന് വിനയായി. സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന നല്ല സിനിമയെ ‘ദോശ ആന്‍റ് ചട്നി’ എന്നൊക്കെ പേരിട്ട് വിശേഷിപ്പിക്കുമ്പോള്‍ നല്ല ഹാസ്യം എന്നത് ഇല്ലാതാകുകയും പ്രേക്ഷകര്‍ക്കും നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്കും നേരെയുള്ള ആക്രമണമായി അത് മാറുകയും ചെയ്യുന്നു.
ശ്യാം എന്ന നടന്‍റെ ഉയര്‍ച്ചയും അത് തടയാനുള്ള സരോജ്കുമാറിന്‍റെ ശ്രമവുമൊക്കെ ഉദയനാണ് താരത്തില്‍ നമ്മള്‍ കണ്ട രംഗങ്ങളുടെ ആവര്‍ത്തനമാണ്. ഈ സിനിമയിലൂടെ പുതിയതായി ഒന്നും ശ്രീനിവാസന്‍ നല്‍കുന്നില്ല. (പുതുമയില്ലെന്ന് പറഞ്ഞുകൂടാ, ടൈറ്റില്‍ കാര്‍ഡില്‍ സംവിധായകന്‍റെ പേരിനേക്കാള്‍ പ്രാധാന്യത്തോടെ എഴുത്തുകാരന്‍റെ പേര് നല്‍കി ഒരു പുതുമ സൃഷ്ടിച്ചിട്ടുണ്ട്. കഷ്ടം!)
ഓരോ സീനിലും ഓരോ ഡയലോഗിലും അധിക്ഷേപവും വിമര്‍ശനവും കുത്തിനിറച്ചിരിക്കുകയാണ്. ചിലതൊക്കെ അസഹ്യമാണ്. ചിലവ രസകരവും. ആദായനികുതി റെയ്ഡിന് ശേഷം സരോജിന്‍റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിക്കുന്നു. സരോജിന്‍റെ ഒരു കമന്‍റ് ഇങ്ങനെ - “സത്യത്തില്‍ അത് കാളക്കൊമ്പാണ്, പക്ഷേ, അത് ആനക്കൊമ്പാണെന്നേ നിങ്ങള്‍ പറയാവൂ, അല്ലെങ്കില്‍ എന്‍റെ മാനം പോവും.”
സിനിമയിലെ വിലക്കുകളെക്കുറിച്ചുള്ള ഒരു സീന്‍ - യൂണിയന്‍ ഓഫീസാണ് സ്ഥലം. ഓഫീസിന് മുന്നില്‍ ഒരാള്‍ നിന്ന് മൂത്രമൊഴിക്കുന്നു എന്ന് ഓടിവന്നു പറയുന്ന സഹായിയോട് യൂണിയന്‍ നേതാവ് - “അവനേം കൂടെ അങ്ങു വിലക്കിയേക്ക്”.
അടുത്ത പേജില്‍ -
തിയേറ്ററില്‍ കൂവല്‍മേളം!
ഈ ചിത്രത്തില്‍ ഒരു നായികയുണ്ട്. മംമ്ത അവതരിപ്പിക്കുന്ന ആ കഥാപാത്രം സരോജ്കുമാറിന്‍റെ ഭാര്യയാണ്. എന്തിനാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് സംവിധായകനോ തിരക്കഥാകൃത്തോ പ്രേക്ഷകര്‍ക്ക് വിശദീകരിച്ചുകൊടുക്കേണ്ടിവരും. ആ കഥാപാത്രത്തിന്‍റെ ജോലി സരോജ് കുമാറിനെ കുറ്റം പറയുക മാത്രമാണ്. ഉദയനും മധുമതിയും തമ്മിലുള്ള ഈഗോക്ലാഷിന്‍റെ മനോഹരമായ ചിത്രീകരണം കണ്ട ഓര്‍മ്മയുള്ള പ്രേക്ഷകര്‍ ഈ പുതിയ നാടകത്തെ കൂവിയാണ് പ്രതിഷേധിക്കുന്നത്.
അതുപോലെ വിനീത് ശ്രീനിവാസന്‍റെ പ്രണയവും മറ്റുമൊക്കെ കാണിക്കുമ്പോള്‍ തിയേറ്ററില്‍ കൂവല്‍ ബഹളമാണ്. ഇതൊക്കെ സഹിച്ചിരിക്കുന്നതിനും ഒരു പരിധിയില്ലേ? സിനിമ വിജയിക്കണമെങ്കില്‍ അല്‍പ്പം സെന്‍റിമെന്‍റ്സൊക്കെ വേണമെന്ന് തിരക്കഥാകൃത്തിന് നിര്‍ബന്ധമുള്ളതുപോലെ തോന്നും ഈ രംഗങ്ങളൊക്കെ കണ്ടാല്‍. ഈ സെന്‍റിമെന്‍റ്സ് രംഗങ്ങളും പാട്ടുകളുമൊക്കെ ഒഴിവാക്കിയാല്‍, വായ്ക്കുവരുന്നത് കോതയ്ക്ക് പാട്ടുപോലെ പറഞ്ഞുനടക്കുന്ന സരോജ്കുമാറിന്‍റെ ആക്രമണം മാത്രമേ സിനിമയിലുള്ളൂ.
ഉദയനാണ് താരത്തിന് ശേഷം മലയാള സിനിമയില്‍ സംഭവിച്ചതൊക്കെ ഒരു ലിസ്റ്റെടുത്ത ശേഷം, അതിനെയെല്ലാം വിമര്‍ശിക്കുക എന്ന കര്‍മ്മമാണ് തിരക്കഥാകൃത്തും സംവിധായകനും ചെയ്തിരിക്കുന്നത്. ഉദയനാണ് താരം സംവിധാനം ചെയ്യുമ്പോള്‍ റോഷന്‍ ആന്‍ഡ്രൂസും ഒരു പുതുമുഖ സംവിധായകനായിരുന്നു. എന്നാല്‍ വളരെ മനോഹരമായ ഒരു ചിത്രമാണ് റോഷന്‍ സമ്മാനിച്ചത്. ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ സംവിധാനം ചെയ്തതും പുതുമുഖ സംവിധായകന്‍ തന്നെ - സജിന്‍ രാഘവന്‍. ഉദയനാണ് താരത്തിന്‍റെ പേര് ചീത്തയാക്കിയ ഒരു സിനിമയായി സജിന്‍റെ ആദ്യചിത്രം എന്നത് സങ്കടകരമാണ്.
പൃഥ്വിരാജിനെ കണ്ടുകൂടാത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ ഈ സിനിമയിലൊരിടത്ത് - ‘സൌത്തിന്ത്യയിലെ ഇംഗ്ലീഷ് അറിയാവുന്ന ഏകനടന്‍’ എന്ന ഡയലോഗിന് ഇത്രയും കൈയടി ലഭിക്കുന്നതെങ്ങനെ?
ഒരുപാട് അധിക്ഷേപങ്ങള്‍ക്കൊടുവില്‍ സന്ദേശത്തിന്‍റെ ഭാണ്ഡവുമഴിക്കുന്നുണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ - “താരാധിപത്യം അവസാനിച്ച് നല്ല സിനിമകള്‍ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. എല്ലാ പ്രതിസന്ധികളെയും തകര്‍ത്ത് പ്രതിഭാധനര്‍ ഒരുക്കുന്ന സിനിമകളിലൂടെ മലയാള സിനിമ മുന്നേറുകതന്നെ ചെയ്യും” - എന്നൊക്കെയാണ് കണ്‍ക്ലൂഷന്‍. ചിരിക്കാതെന്ത് ചെയ്യാന്‍?
‘രതിനിര്‍വേദം’ പോലുള്ള സിനിമകളുടെ റീമേക്കുകള്‍ എടുക്കുന്നവരെ വിമര്‍ശിക്കുന്ന തിരക്കഥാകൃത്ത് ‘ഉദയനാണ് താരം’ പോലെയുള്ള ക്ലാസിക്കുകളുടെ വികൃതമായ രണ്ടാം ഭാഗമെടുക്കുന്നവരെ എങ്ങനെ വിലയിരുത്തും? എങ്ങനെയും വിലയിരുത്തിക്കോട്ടെ അല്ലേ. ഈ സിനിമകളെയൊക്കെ പ്രേക്ഷകര്‍ തിയേറ്ററില്‍ വിലയിരുത്തുന്നുണ്ടല്ലോ. അനാവശ്യ വിമര്‍ശനവും അധിക്ഷേപവും നടത്തുന്ന തിരക്കഥാകൃത്തുക്കളല്ല, പ്രേക്ഷകരാണ് താരം!