നിരാശ മാത്രം സമ്മാനിച്ച് 1971 ബിയോണ്ട് ബോര്‍ഡേഴ്സ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം!

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (14:23 IST)
മികച്ച പട്ടാള സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മേജര്‍ രവി. കീര്‍ത്തിചക്ര, മിഷന്‍ 90 ഡെയ്സ്, പിക്കറ്റ് 43 എന്നീ സിനിമകള്‍ ഗംഭീരമായിരുന്നു. എന്നാല്‍ മേജര്‍ രവിയുടെ ബാക്കിയുള്ള സിനിമകളെല്ലാം ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്നതായിരുന്നു. 1971 ബിയോണ്ട് ബോര്‍ഡേഴ്സും ഒരു ശരാശരി സൃഷ്ടിയാണ്.
 
ഒരു സിനിമ നല്ല സിനിമയാകുന്നത് എപ്പോഴാണ്? ആ ചിത്രത്തില്‍ പറയുന്ന കഥ സ്വാഭാവികമാണെന്നും അത് പറയേണ്ട ഒരു കഥയാണെന്നും തോന്നുമ്പോഴല്ലേ? എന്നാല്‍ 1971 ഒരു തല്ലിപ്പഴുപ്പിച്ച കഥയാണെന്ന ഫീല്‍ ആണ് പ്രേക്ഷകര്‍ക്കുണ്ടാവുക. താരാരാധന മൂലം ഒരു സംവിധായകന്‍ വെറുതെ സൃഷ്ടിച്ച ഒരു ചിത്രമെന്ന ഫീല്‍.
 
മേജര്‍ മഹാദേവന്‍, അച്ഛന്‍ സഹദേവന്‍ എന്നീ കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ 1971ല്‍ അവതരിപ്പിക്കുന്നത്. മേജര്‍ മഹാദേവന് താന്‍ കടന്നുവന്നിട്ടുള്ള മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ദുര്‍ബലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തില്‍ കടന്നുപോകേണ്ടിവരുന്നത്. കേണല്‍ സഹദേവനാകട്ടെ പലപ്പോഴും ഒരു വിരസത സമ്മാനിക്കുന്ന ഒരു സൃഷ്ടിയായി മാറുന്നു.
 
കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
ഈ സിനിമയിലെ ജോര്‍ജിയ ഓപ്പറേഷനും മറ്റും കണ്ടാല്‍ മനസിലാകും ഇത് ഒരു തട്ടിക്കൂട്ട് സിനിമാക്കഥയാണെന്ന്. പാകിസ്ഥാന്‍ പട്ടാളക്കാരനും സഹദേവനുമായുള്ള ബന്ധത്തിന്‍റെയൊക്കെ എപ്പിസോഡുകള്‍ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്.
 
രണ്ടുകാലങ്ങളിലൂടെ കടന്നുപോകുന്ന സിനിമ, കഥാപാത്രങ്ങളുടെ മേക്കപ്പിലല്ലാതെ പശ്ചാത്തലങ്ങളില്‍ വലിയ മാറ്റമൊന്നും വരുത്തുന്നില്ല. ചില തട്ടുപൊളിപ്പന്‍ തമിഴ് സിനിമകളിലൊക്കെ ഇത്തരം പാകപ്പിഴകള്‍ സിനിമയുടെ സ്പീഡിലൂടെ പ്രേക്ഷകരുടെ കണ്ണില്‍ നിന്ന് മറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ 1971 അത്ര വേഗതയുള്ള സിനിമയല്ല. ആദ്യപകുതിയില്‍ അത്യാവശ്യം ലാഗുമുണ്ട്.
 
അല്ലു സിരിഷിനെപ്പോലെയുള്ള താരങ്ങളെയൊക്കെ എന്തിനാണ് ഈ സിനിമയിലേക്ക് കൊണ്ടുവന്നതെന്ന ചോദ്യം അപ്രസക്തമാണ്. കീര്‍ത്തിചക്രയില്‍ ജീവയൊക്കെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കില്‍ 1971ലെ ഒരു കഥാപാത്രത്തിനുമില്ല ആ മികവെന്ന് പറയേണ്ടിവരും.
 
സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണം മികച്ചുനിന്നു. ഗോപിസുന്ദറിന്‍റെ സംഗീതം ശരാശരിയിലൊതുങ്ങി.


റേറ്റിംഗ്: 2/5
Next Article