ഡബിള്‍ ബാരല്‍ - നിറയൊഴിക്കല്‍ ആഘോഷം, അസാധാരണ സിനിമ!

ആദം എഹ്സാന്‍
തിങ്കള്‍, 31 ഓഗസ്റ്റ് 2015 (17:01 IST)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ മലയാള സിനിമ കാലങ്ങളായി തുടര്‍ന്നുവരുന്ന ശീലങ്ങളെ ഉടച്ചുകളയുന്നവയാണ്. നായകനായാലും സിറ്റി ഓഫ് ഗോഡായാലും ആമേനായാലും. ഇപ്പോഴിതാ ഡബിള്‍ ബാരല്‍ വന്നിരിക്കുന്നു. അമരവും ചിന്താവിഷ്ടയായ ശ്യാമളയും അച്ചുവിന്‍റെ അമ്മയും നരസിംഹവുമൊക്കെ കണ്ടുശീലിച്ച മലയാളി അതേ കാഴ്ചപ്പാടോടെ ചെന്നിരുന്ന് കാണേണ്ട പടമല്ല ഇരട്ടക്കുഴല്‍.
 
പരിഹാസമാണ് ഈ സിനിമയുടെ മുഖമുദ്ര. മലയാളത്തിലെ ആദ്യത്തെ ഗ്യാംഗ്സ്റ്റര്‍ കോമഡി. ആമിര്‍ഖാന്‍ നിര്‍മ്മിച്ച ഡെല്‍‌ഹി ബെല്ലി കണ്ടപ്പോള്‍ തോന്നിയ രസത്തിന്‍റെ പത്തിരട്ടി ഡോസ് കൂട്ടിയ ഒരു സിനിമയാണ് ഡബിള്‍ ബാരല്‍. അപ്പോള്‍ ആ ഒരു തയ്യാറെടുപ്പോടെ ചിത്രം കാണാന്‍ പോയാല്‍ ആസ്വദിക്കാം. അല്ലെങ്കില്‍ ‘ഇതെന്ത് നടക്കുന്നു?’ എന്ന് ആശ്ചര്യപ്പെടാം.
 
സ്ക്രീനില്‍ ഇത്രയും നല്ല കോമിക് ആട്ടം മലയാള സിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സിനിമയായാലൊരു കഥവേണമെന്ന നമ്മുടെ ചലച്ചിത്രകാരന്‍‌മാരുടെ വാശിയെ ചെവിക്കുപിടിച്ച് പുറത്തേക്കെറിഞ്ഞിട്ടാണ് ലിജോ ഇരട്ടക്കുഴലുമായി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുന്നത്. കാതടച്ചും കണ്ണുപൊത്തിയും വേണമെങ്കില്‍ ഈ സിനിമയെ നിഷേധിക്കാം. എന്നാല്‍ ഓര്‍ക്കുക, പത്ത് വര്‍ഷത്തിന് ശേഷവും ഡബിള്‍ ബാരല്‍ ഇതേ പുതുമയോടെ നിലനില്‍ക്കും. ഭാവിയിലെ കഥപറച്ചില്‍, അല്ലെങ്കില്‍ ഭാവിയിലെ മലയാള സിനിമ എങ്ങനെയായിരിക്കുമെന്ന പ്രവചനാത്മകമായ നിരീക്ഷണമാണ് ലിജോ ഇവിടെ നടത്തുന്നത്.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
ലൈലയെന്നും മജ്നുവെന്നും പേരുള്ള, ഒരുമിച്ചിരിക്കുമ്പോള്‍ അമൂല്യമായ, വേറിട്ടുനിന്നാല്‍ കാല്‍ക്കാശിന് ആര്‍ക്കും വേണ്ടാത്ത രത്നങ്ങളാണ് ഈ സിനിമയിലെ നായകനും നായികയുമെന്ന് വേണമെങ്കില്‍ പറയാം. ഈ രത്നങ്ങള്‍ക്കുവേണ്ടിയുള്ള പാച്ചിലും യുദ്ധവും നിറയൊഴിക്കലുകളുമാണ് ഡബിള്‍ ബാരല്‍. ഇത്തരമൊരു പ്രമേയത്തെ ഇതിനുമുമ്പ് മലയാളികള്‍ പരിചയിച്ചിട്ടില്ല. ചിലര്‍ വെടിവെപ്പാഘോഷത്തിന്‍റെ ഡിക്ഷ്ണറിയെന്ന് ഇതുവരെ വിശ്വസിച്ചിരുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ എക്സ്റ്റെന്‍ഷനായി ഇരട്ടക്കുഴലിനെ വിലയിരുത്തുന്നുണ്ട്. എന്നാല്‍, അമല്‍ നീരദ് സൃഷ്ടിച്ച ആ പുകലോകം ഇരട്ടക്കുഴലെന്ന ആഴക്കടലിന്‍റെ മധ്യത്തില്‍ കാണുന്ന ഒരു ചെറുദ്വീപ് മാത്രമാണ്.
 
പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ചെമ്പന്‍, ഇഷ ഷെര്‍വാണി, ആസിഫ് അലി തുടങ്ങിയ നീണ്ട താര നിരയാണ് ചിത്രത്തില്‍ നിറഞ്ഞാടുന്നത്. ഷൈന്‍ ചെയ്തത് പൃഥ്വിയും ഇന്ദ്രനും ചെമ്പനും തന്നെ. സംഗീതം പ്രശാന്ത് പിള്ളയുടേതാണ്. ആമേനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംഗീതാനുഭവമാണ് ഇരട്ടക്കുഴലിനായി പ്രശാന്ത് സൃഷ്ടിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍റെ ക്യാമറാചലനങ്ങള്‍ ഒരു ഗ്യാംഗ്സ്റ്റര്‍ കോമഡിയുടെ കൃത്യമാ‍യ മൂഡ് സൃഷ്ടിക്കുന്നു.
 
പ്രേക്ഷകരുടെ കണ്ണിനനുസരിച്ച് കാഴ്ച സൃഷ്ടിക്കുന്നവരല്ല, തന്‍റെ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചാനയിക്കുന്നവരാണ് നല്ല സംവിധായകര്‍. കാലാതീതമായ സൃഷ്ടികള്‍ അവരിലൂടെയേ പുറം‌ലോകത്തെത്തൂ. പക്ഷേ 16 കോടിയുടെ ഈ ബ്രഹ്മാണ്ഡസിനിമയ്ക്ക് ഔട്ട് ഓഫ് ദി ബോക്സ് ആയ പ്രേക്ഷകരെയും നിര്‍മ്മിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സാമ്പത്തിക വിജയം എന്ന കരയെത്താന്‍ കഴിയൂ.

റേറ്റിംഗ്: 4.5/5