ട്രിവാന്‍ഡ്രം ലോഡ്ജ് - ഒരു ഗംഭീര സിനിമ

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2012 (16:34 IST)
PRO
ഒരു സൂ‍പ്പര്‍ സിനിമ കണ്ടു, പേര് - ട്രിവാന്‍ഡ്രം ലോഡ്ജ്. മുമ്പ് നമുക്ക് ‘ബ്യൂട്ടിഫുള്‍‘ സമ്മാനിച്ച അതേ ടീം. വി കെ പ്രകാശ് - അനൂപ് മേനോന്‍ - ജയസൂര്യ ത്രയത്തിന്‍റെ ചിത്രം. നല്ല ഒന്നാന്തരമൊരു സിനിമയാണെന്ന് ആദ്യമേ പറയട്ടെ. ധൈര്യപൂര്‍വം ആര്‍ക്കും റെക്കമെന്‍റ് ചെയ്യാവുന്ന സിനിമ.

മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ എന്ന് ഇപ്പോള്‍ കളിയാക്കി വിളിക്കുന്ന കൂട്ടത്തില്‍ പെടുമോ ഈ സിനിമ എന്നറിയില്ല. എന്‍റെ അഭിപ്രായത്തില്‍ രണ്ടുതരം സിനിമകളേ ഇവിടെയുള്ളൂ - നല്ല സിനിമയും ചീത്ത സിനിമയും. ട്രിവാന്‍ഡ്രം ലോഡ്ജ് എന്തുകൊണ്ടും നല്ല സിനിമകളുടെ ഗണത്തില്‍ തന്നെ.

ആദിമധ്യാന്തം പറഞ്ഞുകേള്‍പ്പിക്കാവുന്ന ഒരു കഥയൊന്നും ട്രിവാന്‍ഡ്രം ലോഡ്ജിനില്ല. ഇതൊരു വിഷ്വല്‍ എക്സ്പീരിയന്‍സാണ്. കോമഡിയും ഇമോഷനും സെന്‍റിമെന്‍റ്സുമെല്ലാം ഈ സിനിമയില്‍ നിന്ന് അനുഭവിക്കാം. അവ കൃത്യമായ അളവില്‍ കൂട്ടിച്ചേര്‍ത്ത ഒരു മസാലയല്ല, അറിയാതെ സംഭവിക്കുന്ന മനോഹരമായ ഒത്തുചേരലാണ്.

അടുത്ത പേജില്‍ - പൂര്‍ണമായും അനൂപ് മേനോന്‍ ചിത്രം !

PRO
ട്രിവാന്‍ഡ്രം ലോഡ്ജ് ഒരു വി കെ പി ചിത്രമാണോ. അതേ എന്നാണ് ഉത്തരം. എന്നാല്‍ അതിലുപരി ഇതൊരു അനൂപ് മേനോന്‍ ചിത്രമാണ്. അഭിനേതാവെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും ട്രിവാന്‍ഡ്രം ലോഡ്ജ് അനൂപ് മേനോന്‍റെ അമേസിങ് പെര്‍ഫോമന്‍സ് ആണ്. വളരെ കൃത്യമായ, എഡിറ്റഡ് സ്ക്രിപ്റ്റാണ് ഈ സിനിമയുടെ ശക്തി. അതിന്‍റെ മനോഹരമായ എക്സിക്യൂഷന്‍ സാധ്യമാക്കിയതിലൂടെ വി കെ പി ബ്യൂട്ടിഫുളിനേക്കാള്‍ ഒരുപടി മുന്നേറി.

ഒരു ലോഡ്ജും അതുമായി ബന്ധപ്പെട്ട് കുറച്ചുപേരുടെ ജീവിതവുമാണ് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ പ്രമേയം. അബ്ദു എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അബ്ദുവിന്‍റെ ലുക്ക് തന്നെ വ്യത്യസ്തമാണ്. സിനിമയില്‍ തന്നെ പറയുന്നതുപോലെ ഒരു ക്രിമിനലിന്‍റെയോ സെക്‍ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ ഒരാളുടെയോ മുഖഭാവങ്ങളാണ് അയാള്‍ക്ക്.

രവിശങ്കര്‍ എന്ന ലോഡ്ജുടമയായാണ് അനൂപ് മേനോന്‍. അയാള്‍ക്ക് ഈ ലോഡ്ജ് ലാഭമുണ്ടാക്കാനുള്ള ഒരു സ്ഥാപനമല്ല. ഹണി റോസ് അവതരിപ്പിക്കുന്നത് ധ്വനി നമ്പ്യാര്‍ എന്ന നായികാ കഥാപാത്രത്തെയാണ്. ധ്വനി വളരെ ബോള്‍ഡ് ആയ ഒരു കഥാപാത്രമാണ്.

രവിശങ്കറിന്‍റെ ഭാര്യ മാളവികയായി ഭാവന, സിനിമാ റിപ്പോര്‍ട്ടര്‍ ഷിബു വെള്ളായണിയായി സൈജു കുറുപ്പ്, വിരമിച്ച സെക്രട്ടേറിയറ്റ് ക്ലര്‍ക്കായി പി ബാലചന്ദ്രന്‍, പിയാനിസ്റ്റായി ജനാര്‍ദ്ദനന്‍, സുകുമാരി, പി ജയചന്ദ്രന്‍ തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് നല്‍കിയത്. മാസ്റ്റര്‍ ധനഞ്ജയും ബേബി നയന്‍‌താരയും തങ്ങളുടെ റോളുകള്‍ ഉജ്ജ്വലമാക്കി.

അടുത്ത പേജില്‍ - പ്രണയവും കാമവും !

PRO
പ്രണയത്തിന്‍റെയും കാമത്തിന്‍റെയും ആഗ്രഹത്തിന്‍റെയുമൊക്കെ കൂടിച്ചേരലാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. ഒരുപക്ഷേ, അടുത്ത കാലത്തിറങ്ങിയ നല്ല സിനിമകളുടെ കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പുള്ളത്. നല്ല സിനിമകളുടെ ആസ്വാദകര്‍ക്ക് പൂര്‍ണമായും സന്തോഷം നല്‍കുന്ന ഒരു സിനിമയാണിത്.

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ലഭിക്കുന്നതുപോലെയുള്ള സ്വീകരണമാണ് അനൂപ് മേനോന്‍റെയും ജയസൂര്യയുടെയും ഇന്‍ട്രൊഡക്ഷന് ലഭിക്കുന്നത്. അനൂപ് എഴുതിയ ഡയലോഗുകള്‍ക്കെല്ലാം മികച്ച പ്രതികരണം സൃഷ്ടിക്കാനാവുന്നുണ്ട്. എന്നാല്‍ ഡബിള്‍ മീനിംഗ് ഡയലോഗുകള്‍ കുറച്ചധികമായിപ്പോയില്ലേ എന്നൊരു സംശയം ഉയര്‍ന്നേക്കാം. എങ്കിലും, ഒരു പ്രത്യേക സ്വഭാവമുള്ള നല്ല സിനിമയില്‍ അവയിലെ ചെറിയ പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു തോന്നുന്നു.

എം ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളെല്ലാം മനോഹരമാണ്. അനൂപും ഭാവനയും വരുന്ന ‘കിളികള്‍ പറന്നതോ...’ എന്ന ഗാനമണ് എനിക്കേറെ ഇഷ്ടമായത്. ‘കണ്ണിനുള്ളില്‍ നീ കണ്‍‌മണി...’ എന്ന ഗാനവും കൊള്ളാം. ഈ പാട്ടുകളുടെയെല്ലാം ചിത്രീകരണം സൂപ്പറാണ്. പ്രദീപ് നായരാണ് ക്യാമറ.

ബിജിബാലിന്‍റെ പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതാണ്. ചിത്രത്തിന്‍റെ ഇമോഷന്‍സ് വ്യത്യാസപ്പെടുന്നതിനനുസരിച്ചുള്ള വേരിയേഷനുകള്‍ ബിജിബാല്‍ കവര്‍ ചെയ്തിരിക്കുന്നത് അഭിനന്ദനീയമാം വിധമാണ്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്