ജേക്കബിന്‍റെ സ്വര്‍ഗരാജ്യം - നിരൂപണം

വെള്ളി, 8 ഏപ്രില്‍ 2016 (16:57 IST)
വിഷുക്കാലം സിനിമാക്കാര്‍ക്ക് കൊയ്ത്തുകാലമാണ്. സിദ്ദിക്ക്‍ലാല്‍ ഉള്‍പ്പടെയുള്ള ബ്ലോക്ക് ബസ്റ്റര്‍ കൊമേഴ്സ്യല്‍ സംവിധായകര്‍ തങ്ങളുടെ ഭാഗ്യകാലമായി കാണുന്നത് വിഷുക്കാലമാണ്. സിനിമകള്‍ പുറത്തിറക്കാനും അവ ഏറ്റവും മികച്ച വിജയം നേടാനും യോജിച്ച സമയമാണ് ഏപ്രിലെന്ന് മലയാളത്തിലെ വമ്പന്‍ സംവിധായകരെല്ലാം വിശ്വസിക്കുന്നു. സിദ്ദിക്ക് ലാല്‍ ഇത്തവണ വിഷുവിന് ഒരു വമ്പന്‍ ചിത്രവുമായി എത്തിയിട്ടുണ്ട് - കിംഗ് ലയര്‍. ആ സിനിമ ഇപ്പോള്‍ തകര്‍ത്തോടുകയാണ്. ഇതാ, വിനീത് ശ്രീനിവാസനും തന്‍റെ വിഷുക്കാഴ്ചയുമായി എത്തിയിരിക്കുന്നു.
 
‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ എന്ന സിനിമയില്‍ ജേക്കബ് നിവിന്‍ പോളിയല്ല എന്നതാണ് ആദ്യമേ പറയേണ്ട വസ്തുത. അത് രണ്‍‌ജി പണിക്കരാണ്. ജേക്കബിന്‍റെ മകന്‍ ജെറി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി വരുന്നത്. വേനലവധിക്കാലത്ത് കുട്ടികളോടും കുടുംബത്തോടുമൊപ്പം കാണാന്‍ ഒന്നാന്തരമൊരു എന്‍റര്‍ടെയ്നറാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിലൂടെ വിനീത് ശ്രീനിവാസന്‍ സമ്മാനിച്ചിരിക്കുന്നത്.
 
തട്ടത്തിന്‍ മറയത്ത് എന്ന മെഗാഹിറ്റിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത തന്നെയാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യം കളിക്കുന്ന തിയേറ്ററുകളെ ജനസമുദ്രമാക്കുന്നത്. പ്രതീക്ഷകളൊന്നും തെറ്റിക്കാതെ മികച്ച ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ് വിനീത് ശ്രീനിവാസന്‍ സമ്മാനിക്കുന്നത്.
 
ദുബായില്‍ സ്ഥിരതാമസക്കാരാണ് ജേക്കബും കുടുംബവും. ജേക്കബ് അവിടെ സ്വന്തമായി ബിസിനസ് നടത്തുന്നു. മൂന്ന് ആണ്‍ മക്കളും ഒരു മകളുമാണ് ജേക്കബിനുള്ളത്. ജേക്കബിന് ചില അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടേണ്ടിവരികയും മകന്‍ ജെറി അദ്ദേഹത്തിന് താങ്ങായി മാറുകയും ചെയ്യുന്നതാണ് കഥാതന്തു.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
ആദ്യപകുതി രസകരമായാണ് മുന്നോട്ടുപോയത്. കഥ കുറച്ച് സങ്കീര്‍ണമാകുന്നത് രണ്ടാം പകുതിയിലാന്. അതില്‍ നിവിന്‍ പോളി നിറഞ്ഞുനില്‍ക്കുന്നു. ന്യൂജനറേഷന്‍ ചിന്തകള്‍ സിനിമകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇക്കാലത്ത് വിനീത് ശ്രീനിവാസന്‍ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ചാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തില്‍ സംസാരിക്കുന്നത്.
 
മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കള്‍ക്ക് ആഹ്ലാദപൂര്‍വം കണ്ടിരിക്കാന്‍ പറ്റിയ ഒരു സന്ദേശചിത്രമാണ് വിനീത് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ വിഷുക്കാലത്ത് കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കാനാണ് സാധ്യത. 
 
കൊച്ചുകൊച്ചു തമാശകളും സെന്‍റിമെന്‍റ്സും കൊണ്ട് തുന്നിയെടുത്ത ഒരു ഫീല്‍ഗുഡ് ചിത്രമാണിത്. ഏത് വിനീത് ശ്രീനിവാസന്‍ സിനിമയെയും പോലെ സംഗീതമാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന്‍റെയും ജീവന്‍. ഷാന്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയെ പുതിയ ഒരു അനുഭവമാക്കി മാറ്റുന്നു.
 
സ്നേഹബന്ധങ്ങള്‍ക്കും കുടുംബത്തിനും കുടുംബത്തിന്‍റെ അതിജീവനത്തിനും സ്വപ്നങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനുമൊക്കെയാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വെറുമൊരു പ്രണയകഥ പ്രതീക്ഷിച്ച് ചെല്ലുന്നവര്‍ക്ക് നല്ല ഒരു കുടുംബചിത്രം കണ്ട പ്രതീതിയോടെ തിയേറ്ററില്‍ നിന്ന് മടങ്ങാനാവും.
 
നിവിന്‍ പോളിച്ചിത്രം എന്നതിനേക്കാള്‍ ഒരു രണ്‍‌ജി പണിക്കര്‍ സിനിമ എന്നാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തെ ഞാന്‍ വിശേഷിപ്പിക്കുക. തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമായി രണ്‍ജി ഗംഭീരമായിരിക്കുന്നു. അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം മത്തായി ഡോക്ടറല്ല, ജേക്കബാണ് എന്ന് നിസംശയം പറയാം. അച്ഛനും മകനുമായി രണ്‍‌ജിയും നിവിനും തകര്‍ത്തഭിനയിക്കുന്ന രംഗങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
 
ജോമോന്‍ ടി ജോണിന്‍റെ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. മുക്കത്തിന്‍റെ ദൃശ്യഭംഗി ഒപ്പിയെടുത്ത എന്ന് നിന്‍റെ മൊയ്തീനും ഈ സിനിമയും താരതമ്യപ്പെടുത്താനേ കഴിയില്ല. ഇതില്‍ നാട്ടുമ്പുറത്തിന്‍റെ മനോഹാരിതയല്ല, ദുബായ് നഗരത്തിന്‍റെ ലക്‍ഷ്വറി സൌന്ദര്യമാണ് ജോമോന്‍ നമുക്കായി നല്‍കുന്നത്. ഒരു നിമിഷം പോലും കണ്ണുമാറ്റാന്‍ പറ്റാത്ത രീതിയില്‍ അതീവചാരുതയാര്‍ന്ന ഫ്രെയിമുകളാണ് ചിത്രത്തിലേത്. 
 
ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മികച്ച അഭിനയമുഹൂര്‍ത്തങ്ങളാണ് കാഴ്ചവച്ചിരിക്കുന്നത്. ജേക്കബിന്‍റെ സ്വര്‍ഗരാജ്യം കുടുംബത്തോടൊപ്പം കാണാന്‍ റെക്കമെന്‍റ് ചെയ്യുന്നു.
 
റേറ്റിംഗ്: 4/5

വെബ്ദുനിയ വായിക്കുക