ജാക്കി - രണ്ടാം വരവ് നിരാശാജനകം

Webdunia
വെള്ളി, 27 മാര്‍ച്ച് 2009 (11:32 IST)
PROPRO
ഒരേ കഥ തന്നെ പല വ്യത്യസ്ത വീക്ഷണകോണുകളില്‍ അവതരിപ്പിക്കുന്നതാണ് സമീപകാല സിനിമ. അല്ലെങ്കില്‍ അങ്ങനെ അവതരിപ്പിക്കാന്‍ വൈദഗ്ധ്യമുള്ളവക്ക് മാത്രമേ നിലവില്‍ സിനിമയെന്ന ട്രപ്പീസില്‍ അപകടം കൂടാതെ കളി തുടരാനൊക്കൂ. സിനിമയുടെ അവതരണരീതിയില്‍ പരാജയപ്പെട്ട് കഥ മാത്രം അവശേഷിക്കുന്ന അവസ്ഥ നമ്മള്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്. ഫാസിലിന്‍റെയും ബാലചന്ദ്രമേനോന്‍റെയും ചില സിനിമകള്‍ ഉദാഹരണം. എന്നാല്‍ ട്രീറ്റ്‌മെന്‍റില്‍ ശ്രദ്ധിച്ച് കഥയെ കശാപ്പുചെയ്യുന്ന സിനിമകള്‍ അടുത്തകാലത്താണ് കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അങ്ങനെ രക്തസാക്ഷിത്വം വരിച്ച സിനിമകളില്‍ ഒടുവിലത്തേതാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്’.

ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ വായനക്കാര്‍ക്ക് ഓര്‍മ കാണും. ചെറുപ്പത്തിന്‍റെ പ്രസരിപ്പും ചോരത്തിളപ്പുമായിരുന്നു ആ സിനിമയുടെ ജീവന്‍. സാഗര്‍ ഏലിയാസ് ജാക്കിയെന്ന അധോലോകനായകനായി മോഹന്‍ലാല്‍ ആടിത്തകര്‍ത്ത ചിത്രം. ജാക്കിയെന്ന കഥാപാത്രത്തിന്‍റെ ആവേശം പ്രേക്ഷകരിലേക്കും പകര്‍ന്നുനല്‍‌കി എന്നതാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയം. എന്നാല്‍ ജാക്കിയുടെ രണ്ടാം വരവ് തണുപ്പനാണ്. പഴയ ആവേശമോ ആക്ഷന്‍ രംഗങ്ങളിലെ ചടുലതയോ റീലോഡഡില്‍ കാണാനാവില്ല. ചുരുക്കത്തില്‍ ‘ബിഗ് ബിലാലി’ന്‍റെ പ്രേതം സാഗറിനെയും പിടികൂടിയിരിക്കുന്നു. അല്ലെങ്കില്‍, ബിഗ്ബിയുടെ ആലിംഗനത്തില്‍ നിന്ന് മുക്തനാകാന്‍ അമല്‍ നീരദിന് കഴിഞ്ഞിട്ടില്ല.

സ്റ്റൈലിഷ് ചിത്രമെന്നാല്‍ നായകന്‍ മസിലു പിടിച്ചു നടക്കുന്നതോ അവശ്യം വേണ്ടിടത്തു പോലും നിശബ്ദത പാലിക്കുന്നതോ ആണെന്ന അബദ്ധധാരണയാണ് സാഗര്‍ ഏലിയാസ് ജാക്കിയെ ഈ രീതിയില്‍ നിര്‍ജീവമാക്കിയതിന് പിന്നിലെന്ന് ഊഹിക്കാം. മേക്കിംഗിലും ബിഗ്‌ബിയെ കവച്ചുവയ്ക്കുന്ന ഒന്നും‌തന്നെ ഈ സിനിമയിലില്ല. സെപിയ ടോണ്‍ ഫോട്ടോഗ്രഫിയും ടോപ് ആംഗിള്‍ ഷോട്ടുകളും ചില രാമുച്ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു എന്നല്ലാതെ സ്വന്തമായ ഒരു മുദ്ര അമലിന് പതിപ്പിക്കാനായില്ല. ഈ ക്യാമറാക്കളികള്‍ക്കിടയില്‍ കഥ എവിടെയോ കളവുപോവുകയും ചെയ്തു. പ്രേക്ഷകരുടെയും ആരാധകരുടെയും പ്രതീക്ഷകളെ തച്ചുടയ്ക്കുന്ന ഒരു സിനിമയാണ് സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്. തീര്‍ത്തും നിരാശാജനകം.

സാഗര്‍ അന്താരാഷ്ട്രബന്ധങ്ങളുള്ള ഒരു ഡോണ്‍ ആണ്. സിനിമയുടെ പകുതിഭാഗം മുന്നോട്ടുകൊണ്ടുപോകാനുള്ള ഗിമ്മിക്സുകള്‍ അതുകൊണ്ടുതന്നെ സുലഭം. മലയാള സിനിമയായതുകൊണ്ട് കേരളവുമായി എങ്ങനെയെങ്കിലും ഒന്നു ബന്ധപ്പെടുത്തണമല്ലോ. സാഗറിന്‍റെ ബാല്യകാല സുഹൃത്തായ മനുവിനെ(മനോജ് കെ ജയന്‍) അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുന്നു. അദ്ദേഹം കേരളാ മുഖ്യമന്ത്രി(നെടുമുടി വേണു)യുടെ മരുമകനാണ്! മനുവിന്‍റെ ഭാര്യ ഇന്ദു(ശോഭന)വിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ കേരളാദൌത്യം സാക്ഷാല്‍ സാഗര്‍ ഏറ്റെടുക്കുന്നത്. കേരള പൊലീസ് പ്രശ്നങ്ങള്‍ വേണ്ടവിധം പരിഹരിച്ചില്ലെങ്കില്‍ സാഗറിനെപ്പോലെയുള്ള കൊള്ളക്കാര്‍ ഇടപെടുമെന്ന് പറയേണ്ടതില്ലല്ലോ.

PRO
ഈ ദൌത്യത്തിനായി സ്വന്തം വിമാനത്തില്‍ അദ്ദേഹം എത്തുകയാണ്. കൂടെ കിങ്കരന്‍‌മാരും. സിമ്രാന്‍റെ സഹോദരന്‍ സുമിത്(ബിഗ്ബിയില്‍ ഇദ്ദേഹത്തെ നമ്മള്‍ കണ്ടിട്ടുണ്ട്), അനു ആനന്ദ്, വിനായകന്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ഇവര്‍ കേരളത്തിലെത്തിയാല്‍ പിന്നെ എന്തൊക്കെ നടന്നുകൂടാ. കുപ്രസിദ്ധ കൊള്ളക്കാരായ റൊസാരിയോ സഹോദരന്‍മാരി‍(ഇതില്‍ ഒരാള്‍ തമിഴ് നടന്‍ സമ്പത്താണ്)ല്‍ നിന്ന് മനുവിനെ രക്ഷിച്ചെടുക്കുകയാണ് സാഗര്‍. എന്നാല്‍ ഇവിടെ കഥ തീര്‍ന്നാല്‍ പിന്നെന്തു രസം. മറ്റു ചില വില്ലന്‍‌മാരുടെയും ആഗമനം ഉണ്ട്. പിന്നെ ‘നായികയില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍’ മറുപടിക്കായി ഭാവന അവതരിപ്പിക്കുന്ന ആരതി മേനോന്‍ എന്ന ടിവി ന്യൂസ് റിപ്പോര്‍ട്ടറും, അവരുടെ പ്രണയവും. പ്രണയഭാവങ്ങള്‍ മുഖത്തുനിറച്ച് ആരതി ആടിപ്പാടുമ്പോള്‍ സാഗറിനെപ്പോലെ തന്നെ പ്രേക്ഷകനും നിര്‍വികാരനാണ്. ബിഗ്ബിയിലെ ‘വിടപറയുകയാണോ..’ എന്ന ഗാനരംഗത്തെ സ്വയം അനുകരിച്ചിരിക്കുകയണ് അമല്‍ നീരദ്. “വെണ്ണിലവേ..”, “മെല്ലെ മെല്ലെ..” എന്നീ ഗാനരംഗങ്ങളിലെ ഈ ബിഗ്ബിടച്ച് പ്രേക്ഷകരെ മടുപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഗോപീസുന്ദറിന്‍റെ ഗാനങ്ങളുടെ മനോഹാരിത ആസ്വദിക്കാന്‍ കഴിയാതെ പോകുന്നു.

എന്നാല്‍ പശ്ചാത്തല സംഗീതവും തീം മ്യൂസികും ഗംഭീരം. ബോണ്ട് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ജാക്കിയുടെ തീം മ്യൂസിക്. മോഹന്‍‌ലാലിന്‍റെ പ്രകടനത്തെ വിലയിരുത്തുന്നത് ബില്ലയിലെ അജിത്തിന്‍റെ പ്രകടനത്തെ വിലയിരുത്തുന്നതിന് സമാനമാകും. അതുകൊണ്ടുതന്നെ ആ സാഹസത്തിന് മുതിരുന്നില്ല. ശോഭനയുടെ കഥാപാത്രം മനസില്‍ തട്ടുന്നതാ‍ണ്. ഗണേഷും മനോജ് കെ ജയനും സുമനുമൊക്കെ അവരവരുടെ റോളുകളോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് നല്‍കിയത്. നായികയായി ഭാവനയും ബോറടിപ്പിക്കുന്നില്ല. എന്നാല്‍ ജഗതി ശ്രീകുമാറിന്‍റെ കഥാപാത്രം വെറും കെട്ടുകാഴ്ച മാത്രമായി മാറുന്നു.

ഈ സിനിമയുടെ പോരായ്മകള്‍ക്ക് അമല്‍നീരദിനെപ്പോലെ തന്നെ കുറ്റക്കാരനാണ് എസ് എന്‍ സ്വാമിയും. കെട്ടുറപ്പുള്ള കഥയോ തിരക്കഥയോ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വഴിത്തിരിവുകള്‍ ഉണ്ടാവേണ്ടിയിരുന്ന പല ഘട്ടങ്ങളിലും ഫ്ലാറ്റായി കഥ പറയുക വഴി ഒരു ത്രില്ലറിന് ഉണ്ടായിരിക്കേണ്ട പിരിമുറുക്കം സ്വാമിയുടെ തിരക്കഥ നല്‍കുന്നില്ല.

ദുബായ്‌, ലേ, ലഡാക്ക്‌, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ ലൊക്കേഷനുകള്‍ മാറുന്നതിന്‍റെ റിച്ച്‌നെസ് അമലിന്‍റെ ക്യാമറ അനുഭവിപ്പിക്കുന്നുണ്ട്. എന്നാല്‍, ക്യാമറയുടെ കാട്ടിക്കൂട്ടലുകളോ എഡിറ്റിംഗിലെയും ശബ്ദമിശ്രണത്തിലെയും മികവോ ഒന്നുമല്ല ഒരു സിനിമയിലേക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ വേണ്ടത്. മികച്ച തിരക്കഥയും വ്യക്തിത്വമുള്ള കഥാപാത്രങ്ങളും നല്ല ആഖ്യാനവുമാണ്. അവിടെ പരാജയപ്പെട്ടാല്‍ സിനിമ പൂര്‍ണമായി പരാജയപ്പെടുന്നു. സാഗര്‍ ഏലിയാസ് ജാക്കിയെക്കുറിച്ചുള്ള കൊട്ടിഘോഷിക്കലുകള്‍ വിശ്വസിച്ച് തിയേറ്ററിലെത്തിയ പ്രേക്ഷകരെ സംതൃപ്തരാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. കഥ തെരഞ്ഞെടുത്തപ്പോള്‍ മുതലുള്ള പാളിച്ചകള്‍ ബാധിച്ച ഈ സിനിമ മോഹന്‍‌ലാലിന്‍റെ കടുത്ത ആരാധകര്‍ക്ക് ഒരു തവണ കണ്ടിരിക്കാം എന്നേ പറയേണ്ടതുള്ളൂ.