‘ജനപ്രിയനായകന്‍’ എന്ന വിശേഷണത്തിന് ഇടിവുതട്ടിയോ എന്ന് ദിലീപ് ആരാധകര്‍ പോലും സംശയിച്ചുപോകുന്ന രീതിയിലാണ് സമീപകാലത്ത് ദിലീപ് ചിത്രങ്ങള്‍ ജനങ്ങള്‍ തഴഞ്ഞത്. ഒടുവിലെത്തിയ ഇവന്‍ മര്യാദരാമന്‍ കോടികള്‍ ചെലവഴിച്ച് ചിത്രീകരിച്ചതാണെങ്കിലും തിയേറ്ററുകളില്‍ ആളെത്തിയില്ല. ഇതിനെല്ലാം മറുപടി നല്‍കുകയാണ് ദിലീപ് തന്‍റെ പുതിയ സിനിമയിലൂടെ. ‘ചന്ദ്രേട്ടന്‍ എവിടെയാ’ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
നിദ്ര എന്ന ആദ്യ സിനിമ കലാപരമായ പരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയെങ്കില്‍ കൊമേഴ്സ്യല്‍ സിനിമയുടെ ചട്ടക്കൂടിലേക്ക് സിദ്ധാര്‍ത്ഥ് ഭരതന്‍ എത്തുന്ന സിനിമയാണ് ചന്ദ്രേട്ടന്‍ എവിടെയാ. എന്നാല്‍ ഒരു മധ്യവര്‍ത്തി സിനിമയുടെ സ്വഭാവം പേറുകകൂടി ചെയ്യുമ്പോള്‍ ഒത്തുതീര്‍പ്പിന്‍റെ കുറ്റബോധം സിദ്ധാര്‍ത്ഥിനുണ്ടാകേണ്ട കാര്യവുമില്ല. കലാപരമായും വാണിജ്യപരമായും ഈ സിനിമ വിജയമാണെന്ന് ഇതിനകം തന്നെ റിപ്പോര്‍ട്ടുകള്‍ പരന്നിരിക്കുന്നു.
ചന്ദ്രമോഹന്‍(ദിലീപ്) എന്ന നായകന്‍ തിരുവനന്തപുരത്തും ഭാര്യ സുഷമ(അനുശ്രീ) തൃശൂരിലുമായുള്ള ജീവിതത്തിനിടയിലെ സംഭവവിശേഷങ്ങളാണ് ഈ സിനിമയുടെ കാതല്‍. ഗീതാഞ്ജലി(നമിത പ്രമോദ്) എന്ന രണ്ടാം നായികയും സിനിമയ്ക്ക് പൊലിപ്പ് കൂട്ടാനുണ്ട്.
ഭാര്യയ്ക്ക് സെക്രട്ടേറിയറ്റില്‍ ജോലികിട്ടിയപ്പോള്‍ ഒപ്പം തിരുവനന്തപുരത്തേക്കുവന്ന ദിലീപിന്‍റെ തന്നെ സുന്ദരേശനില്‍ നിന്ന് (പട്ടണത്തില്‍ സുന്ദരന്‍) മാനസികമായി എതിര്‍ദിശയില്‍ സഞ്ചരിക്കുന്നവനാണ് ചന്ദ്രമോഹന്‍. ഒരു ഘട്ടത്തില്‍ ആയാള്‍ക്ക് ഭാര്യ ഒരു ശല്യമായി മാറുന്നു. അയാളുടെ മുന്‍ജന്‍മത്തിലെ നായികയുടെ സാന്നിധ്യം കൂടിയായപ്പോള്‍ ഭാര്യയുടെ ‘ചന്ദ്രേട്ടന്‍ എവിടെയാ?’ എന്ന അന്വേഷണത്തിന് നുണകളുടെ നിരതീര്‍ത്ത് അയാള്‍ രക്ഷകണ്ടെത്തുന്നു.
ഭാര്യയെ മറന്നുകൊണ്ടുള്ള ചുറ്റിക്കളിക്കാര്‍ക്ക് ‘കുട്ടേട്ടന്‍’ പോലെ ആസ്വദിക്കാം ഈ ചന്ദ്രേട്ടനെയും. എടുത്താല്‍ പൊങ്ങാത്ത കഥയുടെ ഭാരമില്ലാത്ത സിനിമ സാമ്പ്രദായിക രീതികളിലൂടെ തന്നെ അവസാനിക്കുകയും ചെയ്യുമ്പോള്‍ ദിലീപ്, അനുശ്രീ എന്നിവരുടെ അഭിനയപ്രകടനം നമ്മുടെ ഉള്ളില്‍ തെളിഞ്ഞുകത്തും. പ്രശാന്ത് പിള്ളയുടെ ‘വസന്തമല്ലികേ’ എന്ന ഗാനവും.