“എന്‍റെ റോള്‍, അത് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല, അതിവിടെ എല്ലാവര്‍ക്കും അറിയാം” - മെട്രോ ക്രൈം സ്റ്റോപ്പര്‍ സെല്‍ ഐ ജി ചന്ദ്രശേഖരന്‍ അത് പ്രേക്ഷകര്‍ക്ക് നേരെ നോക്കിയാണ് പറയുന്നത്. മോഹന്‍ലാലിന്‍റെ ഈ സൂപ്പര്‍ ഡയലോഗിന് തിയേറ്റര്‍ കുലുങ്ങുന്ന കയ്യടിയാണ്.
ഒരു സീരിയല്‍ കില്ലറും ഒരു പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഗെയിം ആണ് ‘ഗ്രാന്‍റ്‌മാസ്റ്റര്‍’. മോഹന്‍ലാല്‍ കുടുംബപ്രശ്നങ്ങള്‍ മൂലം ജോലിയില്‍ പോലും അലസത പ്രകടിപ്പിച്ച് ഒതുങ്ങിക്കൂടുന്ന ഒരു പൊലീസ് ഓഫീസറാണ് - ചന്ദ്രശേഖരന്‍. നഗരത്തില്‍ നടക്കുന്ന മൂന്ന് കൊലപാതകങ്ങള്‍. ഈ കൊലപാതകങ്ങളുടെ സൂചനകള്‍ കൊലയാളി ആദ്യം തന്നെ ചന്ദ്രശേഖരന് നല്‍കുന്നു. അതിന് ശേഷം വളരെ കൃത്യമായി കൊലപാതകങ്ങള്‍ നടത്തുന്നു.
എന്തുകൊണ്ട് ചന്ദ്രശേഖരനെ ഈ മര്‍ഡര്‍ സീരീസിലേക്ക് കൊലപാതകി വലിച്ചിഴയ്ക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. എന്തായാലും കളിക്കാന്‍ തന്നെ ചന്ദ്രശേഖരന്‍ തീരുമാനിച്ചു. ആ തീരുമാനത്തോടെ കൊലയാളിയുടെ വിധി കുറിക്കപ്പെടുകയായിരുന്നു.
അടുത്ത പേജില്‍ -
ഇത് പ്രമാണിയെടുത്ത ഉണ്ണികൃഷ്ണനല്ല!
‘ഗ്രാന്‍റ്മാസ്റ്റര്‍’ കണ്ടിറങ്ങുന്നവരെല്ലാം പറയുന്ന ഒരു കാര്യമുണ്ട് - പ്രമാണിയോ ത്രില്ലറോ എടുത്ത ബി ഉണ്ണികൃഷ്ണനെ ഈ ചിത്രത്തില്‍ ഒരിടത്തും കാണാനാവില്ല. തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, മുമ്പ് പലവട്ടം ആവര്‍ത്തിച്ച തെറ്റുകളെല്ലാം തിരുത്തി ഒരു ക്ലീന്‍ എന്‍റര്‍ടെയ്നറാണ് ഉണ്ണികൃഷ്ണന്‍ സമ്മാനിച്ചിരിക്കുന്നത്.
തിരക്കഥയാണ് ഈ സിനിമയുടെ പ്ലസ് പോയിന്‍റ്. കൊലയാളിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഗെയിം പോലെ തന്നെയാണ് സ്ക്രിപ്റ്റും ഒരുക്കിയിരിക്കുന്നത്. നായകന്‍റെ ഓരോ നീക്കവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ടൈറ്റ് സ്ക്രിപ്റ്റിംഗ് രീതിയാണ് ഈ ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്നത്.
ആക്ഷന്‍ മൂഡിലുള്ള ഒരു സിനിമയ്ക്കിടയില്‍ ഫാമിലി സെന്‍റിമെന്‍റ്സ് കൂട്ടികുഴച്ച് ബോറാക്കുമോ എന്ന് പേടിച്ചവര്‍ക്കും ചിത്രം ആശ്വാസം നല്‍കുന്നു. അനാവശ്യമായി സെന്‍റിമെന്‍റ്സ് കുത്തിനിറച്ചിട്ടില്ല. ‘അകലെ നീ...’ എന്ന ഗാനമാകട്ടെ പ്രേക്ഷകര്‍ ആസ്വദിക്കുന്നുമുണ്ട്.
ഏറെക്കാലമായി മികച്ച ത്രില്ലറുകളൊന്നും ലഭിക്കാതിരുന്ന മലയാള സിനിമയില്‍ പുതിയ നീക്കങ്ങളുമായി ബി ഉണ്ണികൃഷ്ണന്‍ വന്നിരിക്കുകയാണ്. കാണുക, ആസ്വദിക്കുക -
A play with the real Grand Master.