കോബ്ര രസിപ്പിക്കുന്നില്ല, പതിവ് കളികള്‍ തന്നെ!

വ്യാഴം, 12 ഏപ്രില്‍ 2012 (16:46 IST)
PRO
കോബ്രയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടി. സിനിമ രസിപ്പിക്കുന്നില്ല. അതേസമയം, മമ്മൂട്ടിയും ലാലും തങ്ങളുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. സലിംകുമാറിന്‍റെ തമാശകള്‍ കൊള്ളാം. എന്നാല്‍ തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ കല്ലുകടിയാകുന്നു.

മമ്മൂട്ടി - ലാല്‍ കോമ്പിനേഷന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇരുവരും ഫ്രഷ് ആയ ചില മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്. എന്നാല്‍ നിലവാരമില്ലാത്തതും കേട്ടുപഴകിയതുമായ തമാശകള്‍ സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നു.

ബാബു ആന്‍റണിയുടെ വില്ലന്‍ വേഷം ഏറ്റില്ല. എന്നാല്‍ ക്ലൈമാക്സിലെ ഫൈറ്റ് ഗംഭീരമായി. മണിയന്‍‌പിള്ള രാജുവും ലാലുമൊക്കെ ഇടയ്ക്കിടെ അമിതാഭിനയം കാഴ്ചവയ്ക്കുന്നു, അതിനൊക്കെ പ്രേക്ഷകര്‍ കൂവുന്നുമുണ്ട്. പ്രവചിക്കാവുന്ന കഥാഗതി കോബ്രയ്ക്ക് ന്യൂനതയായി.

നായികമാരില്‍ കനിഹ നന്നായപ്പോള്‍ പത്മപ്രിയയുടെ കഥാപാത്രം ബോറടിപ്പിച്ചു. ആദ്യപകുതിയില്‍ കുഴപ്പമില്ലാതെ പോയെങ്കിലും രണ്ടാം പകുതിയിലെത്തിയപ്പോള്‍ സംവിധായകന്‍ സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ ബുദ്ധിമുട്ടി.

അടുത്ത പേജില്‍ - കഥയില്ലായ്മ എന്ന കഥ

PRO
ശുദ്ധസുന്ദരമായ കഥകള്‍ പറഞ്ഞ് മറ്റുനാടുകളിലെ സിനിമാക്കാരെ പോലും അമ്പരപ്പിച്ച പാരമ്പര്യമാണ് മലയാള സിനിമയ്ക്കുള്ളത്. പത്മരാജന്‍ മുന്നില്‍ നിന്നു നയിച്ച സിനിമാ ലെഗസി. എന്നാല്‍ കോബ്ര പോലെയുള്ള സിനിമകള്‍ കഥയില്ലായ്മയുടെ വിഷമാവസ്ഥ ശരിക്കും അനുഭവിപ്പിക്കുന്നു.

തൊമ്മനും മക്കളും, തെങ്കാശിപ്പട്ടണം ഒക്കെ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് അതില്‍ നിന്ന് വേറിട്ടതോ അതിലും മികച്ചതോ ആയ ഒന്നും നല്‍കാന്‍ കോബ്രയ്ക്ക് കഴിയുന്നില്ല. ജനിച്ചയുടന്‍ അനാഥരായി മാറിയവരാണ് കോബ്ര(കോ ബ്രദേഴ്സ്) - രാജയും കരിയും. ഇവര്‍ ഇരട്ടക്കുട്ടികളാണ്. കോലാലം‌പൂരിലെ ആശുപത്രിയില്‍ ഇവര്‍ ജനിച്ചയുടെ ഒരു തീവ്രവാദി ആക്രമണത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെടുന്നു. ബഹളത്തിനിടയ്ക്ക് ഇവരില്‍ ഒരു കുട്ടി മാറിപ്പോയതാണത്രെ.

എന്തായാലും ഗുണ്ടായിസവും തമ്മില്‍ തല്ലുമൊക്കെയായി അവര്‍ വളര്‍ന്നു. ‘കോ’ എന്ന് തുടങ്ങുന്ന പേരുള്ള സ്ഥലങ്ങളില്‍ മാത്രം ഇവര്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇരട്ട സഹോദരിമാരെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് ശപഥം ചെയ്യുന്നു. കല്യാണമൊന്നും ശരിയാകാതെ നില്‍ക്കുന്ന അവര്‍ക്ക് പെട്ടെന്നൊരു വിവാഹം റെഡിയാകുന്നു. കല്യാണത്തിന്‍റെയന്ന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മൂലം അവര്‍ നാടുവിട്ടു. നേരെയെത്തുന്നത് കോയമ്പത്തൂരിലാണ്. അവിടെ....

...അവിടെ ജോണ്‍ സാമുവലിന്‍റെ ‍(ലാലു അലക്സ്) വീട്ടില്‍ താമസിക്കാനെത്തുന്നതോടെ ഇവരുടെ ജീവിതം മാറുന്നു. ജോണ്‍ സാമുവല്‍ പഴയ പണക്കാരന്‍. ആശുപത്രിയുടമ. ഇപ്പോള്‍ പൊട്ടി പാളീസായി നില്‍ക്കുന്നു. അയാളുടെ ആശുപത്രി ബാബു ആന്‍റണി ഏറ്റെടുത്ത് നടത്തുന്നു. അതിന്‍റെ മറവില്‍ ചില ഇല്ലീഗല്‍ സംഭവങ്ങള്‍ നടത്തുന്നു. അവിടേയ്ക്കാണ് രാജയും കരിയും എത്തുന്നത്.

ജോണിന്‍റെ ഇരട്ടകളായ പെണ്‍‌മക്കളെ - പത്മപ്രിയയും കനിഹയും - വിവാഹം കഴിക്കാന്‍ രാജയും കരിയും തീരുമാനിക്കുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

രണ്ടാം പകുതിയിലെ മിസ്റ്ററിയൊക്കെ പ്രേക്ഷകന് വിരസതയുണ്ടാക്കുന്നു. സിനിമ തീരുമ്പോള്‍ ‘മറ്റൊരു സാധാരണ സിനിമ കണ്ടു’ എന്ന മുഖഭാവത്തോടെ പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടിക്ക് ഇവിടെയും രക്ഷയില്ല

PRO
കോബ്രയില്‍ മമ്മൂട്ടി പുതുമയൊന്നും സമ്മാനിക്കുന്നില്ല. രാജമാണിക്യത്തില്‍, തുറുപ്പുഗുലാനില്‍, മായാവിയില്‍ ഒക്കെ കണ്ട അതേ കഥാപാത്രം തന്നെ. വിദ്യാഭ്യാസമില്ല. വിവരക്കേട് ആവശ്യത്തിലധികം. തല്ല് പ്രധാന തൊഴിലാക്കിയവന്‍. എന്നാല്‍ അനുകമ്പയും കരുണയും ത്യാഗവും ആവശ്യത്തിലേറെയുള്ളവന്‍.

ഇത്തരം കഥാപാത്രങ്ങളെ എത്ര അവതരിപ്പിച്ചു കഴിഞ്ഞു മലയാളത്തിന്‍റെ മഹാനടന്‍. കടുത്ത മമ്മൂട്ടി ആരാധകര്‍ക്കുപോലും ഈ ശൈലി ബോറടിച്ചുതുടങ്ങിയിട്ടും ഇവിടെയും മാറ്റമില്ലാതെ അത് ആവര്‍ത്തിക്കുകയാണ്. എന്തായാലും തുറുപ്പുഗുലാനിലും പട്ടണത്തില്‍ ഭൂതത്തിലും കാഴ്ചവച്ച ശബ്ദവ്യതിയാനം എന്ന കോപ്രായം ഈ സിനിമയില്‍ ഉണ്ടായില്ല. അത്രയും ആശ്വാസം.

ഈ സിനിമ വിജയിച്ചില്ലെങ്കില്‍ അത് ഏറ്റവും ക്ഷീണമുണ്ടാക്കുന്നത് മമ്മൂട്ടിക്ക് തന്നെയാണ്. ഏഴ് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് നില്‍ക്കുകയാണ് മെഗാസ്റ്റാര്‍. ഇതൊരു കച്ചിത്തുരുമ്പായിരുന്നു. പ്രേക്ഷകര്‍ കോബ്ര എങ്ങനെ സ്വീകരിക്കുമെന്നറിയാന്‍ ഒരാഴ്ച കാത്തിരിക്കണം.

അടുത്ത പേജില്‍ - ലാലിന് എന്തുപറ്റി?

PRO
റാംജിറാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല - സിദ്ദിക്കുമായി ചേര്‍ന്ന് ലാല്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. നിര്‍മ്മാതാവായപ്പോഴും ഒട്ടേറെ ഹിറ്റുകള്‍. പിന്നീട് ഒറ്റയ്ക്ക് സംവിധാനം ചെയ്തപ്പോള്‍ ‘2 ഹരിഹര്‍ നഗര്‍’ മെഗാഹിറ്റ്.

കോബ്ര എന്ന ചിത്രത്തിലെത്തുമ്പോള്‍ ഹിറ്റുകളുടെ രാജാവായ ലാലിന് ചുവടുപിഴയ്ക്കുന്നതാണ് കാണുന്നത്. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍, ടൂര്‍ണമെന്‍റ് എന്നീ സിനിമകളില്‍ സംഭവിച്ച പിഴവുകള്‍ കോബ്രയിലും ആവര്‍ത്തിക്കുകയാണ്. ആവര്‍ത്തനവിരസമായ കോമഡി ആവശ്യത്തിനും അനാവശ്യത്തിനും തിരുകിക്കയറ്റി ബോറടിപ്പിക്കുന്ന കാഴ്ച തുടരുന്നു.

നല്ല ഫാസ്റ്റായി കഥ പറഞ്ഞുപോകാന്‍ ലാല്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ലൂപ്‌ഹോളുകള്‍ ഏറെയുള്ള തിരക്കഥയും അവിശ്വസനീയമായ ചില കഥാ സന്ദര്‍ഭങ്ങളും കോബ്രയ്ക്ക് ദോഷം ചെയ്തു എന്ന് പറയാം.

വെബ്ദുനിയ വായിക്കുക