ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല

രേണുക വേണു

തിങ്കള്‍, 7 ഏപ്രില്‍ 2025 (11:53 IST)
നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിനു ഹൈക്കോടതിയില്‍ തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി നിരസിച്ചു. നിലവില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. 
 
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ദിലീപ് ഹര്‍ജി നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് മുന്‍പ് നടന്‍ ദിലീപ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. തുടര്‍ന്ന് 2019ലാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. 
 
നിലവില്‍ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. വിചാരണ വൈകിപ്പിക്കാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പ്രതി സമര്‍പ്പിച്ചതെന്നാണ് കോടതിയുടെ നിരീക്ഷണം. സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാന്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. 
 
നേരത്തെ ഹര്‍ജി പരിഗണിക്കവെ കോടതി ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ സാധിക്കുമെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. 'നിങ്ങള്‍ ഈ റിട്ട് ഹര്‍ജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നു,' എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ദിലീപിനോടു പറഞ്ഞു. കേസിന്റെ നടപടികള്‍ വൈകിപ്പിക്കാനുള്ള നീക്കമാണോ ദിലീപ് നടത്തുന്നതെന്ന് പരാതിക്കാരിക്കും സംശയമുണ്ട്. 
 
2017 ലാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. കേസില്‍ ഗൂഢാലോചന കുറ്റത്തിനു ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. എട്ടാം പ്രതിയാണ് ദിലീപ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍